പ്രവാസികള്‍ക്ക് ഇന്ത്യന്‍ അരി കിട്ടില്ലേ: ഗള്‍ഫിലേക്കുള്ള കയറ്റുമതിയില്‍ ഇടിവ്; വിപണി പിടിക്കുമോ തായ്‌ലന്‍ഡ്

രാജ്യത്തെ കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യയിലെ അരി വിലകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടായേക്കും. റെക്കോര്‍ഡ് അരി വിളവിനെ തുടര്‍ന്ന് ഈ വര്‍ഷം അരി വിലകള്‍ ഇതിനകം തന്നെ 5%ത്തിലധികം കുറഞ്ഞിട്ടുണ്ട്

ഇന്ത്യയുടെ അരി കയറ്റുമതിയില്‍ വന്‍ ഇടിവ്. 2026ലെ ആദ്യ നാല് മാസങ്ങളിലും കയറ്റുമതിയില്‍ കുറവ് രേഖപ്പെടുത്തി. അമേരിക്ക-ഇസ്രായേല്‍-ഇറാന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മൂലം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പ്രീമിയം ബസ്മതി അരി കയറ്റുമതിയെ ബാധിച്ചതാണ് ഇടിവിന് പ്രധാന കാരണം. ലോക അരി കയറ്റുമതിയില്‍ 40%ത്തിലധികവും ഇന്ത്യയില്‍ നിന്നാണ്. സാധാരണയായി തായ്ലന്‍ഡ്, വിയറ്റ്‌നാം, പാകിസ്ഥാന്‍ എന്നീ മൂന്ന് വലിയ കയറ്റുമതി രാജ്യങ്ങളുടെ മൊത്തം കയറ്റുമതിയേക്കാള്‍ കൂടുതലാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. രാജ്യത്തെ കയറ്റുമതി കുറഞ്ഞതോടെ ഇന്ത്യയിലെ അരി വിലകളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടായേക്കും. റെക്കോര്‍ഡ് അരി വിളവിനെ തുടര്‍ന്ന് ഈ വര്‍ഷം അരി വിലകള്‍ ഇതിനകം തന്നെ 5%ത്തിലധികം കുറഞ്ഞിട്ടുണ്ട്.

ജനുവരി മുതല്‍ ഏപ്രില്‍ വരെ ഇന്ത്യയുടെ മൊത്തം അരി കയറ്റുമതി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.3% കുറഞ്ഞ് 8.39 മില്യണ്‍ മെട്രിക് ടണ്ണായി. അതേ കാലയളവില്‍ ബസ്മതി അരി കയറ്റുമതി 7% കുറഞ്ഞ് 2.3 മില്യണ്‍ മെട്രിക് ടണ്ണായി. ഇറാന്‍ ഉള്‍പ്പെടെയുള്ള വിപണികളിലേക്കുള്ള കയറ്റുമതി കുറഞ്ഞതാണ് ഇതിന് കാരണം. അതേസമയം, ബസ്മതി ഇതര അരിയുടെ കയറ്റുമതി 6.03 മില്യണ്‍ ടണ്ണില്‍ നിന്ന് 6.09 മില്യണ്‍ ടണ്ണായി നേരിയ തോതില്‍ വര്‍ധിച്ചു.

ഇറാന്‍, ഇറാഖ്, ഖത്തര്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അരി ചരക്കുകള്‍ യുദ്ധത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ കാരണം ലക്ഷ്യ സ്ഥാനത്ത് എത്താന്‍ വൈകിക്കൊണ്ടിരിക്കുകയാണ്. ഇതോടെ വാങ്ങുന്നവരും കയറ്റുമതിക്കാരും പുതിയ കരാറുകളില്‍ നിന്ന് പിന്‍മാറുകയാണെന്നും വ്യാപാരികള്‍ വ്യക്തമാക്കി.

ഇന്ത്യ പ്രധാനമായും ബംഗ്ലാദേശ്, ബെനിന്‍, ഐവറി കോസ്റ്റ്, ഗിനിയ, ക്യാമറൂണ്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ബസ്മതി ഇതര അരി കയറ്റുമതി ചെയ്യുന്നത്. അതേസമയം, പ്രീമിയം ബസ്മതി അരി കൂടുതലായും സൗദി അറേബ്യ, ഇറാഖ്, ഇറാന്‍, യുഎഇ (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്) എന്നീ രാജ്യങ്ങളിലേക്കാണ് പോകുന്നത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യയുടെ ഏറ്റവും വലിയ ബസ്മതി അരി വിപണി ഇറാനായിരുന്നു. എന്നാല്‍ പിന്നീട് സൗദി അറേബ്യ ഇറാനെ മറികടന്നു.

ഫെബ്രുവരി അവസാനം അമേരിക്ക-ഇസ്രായേല്‍ സേനകള്‍ ഇറാനെതിരെ വ്യോമാക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന് കപ്പല്‍ ഇന്‍ഷുറന്‍സ് ചെലവും ചരക്ക് ഗതാഗത നിരക്കുകളും വര്‍ധിച്ചു. ഇതോടെ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബസ്മതി ഇതര അരിയുടെ ആവശ്യകത കുറഞ്ഞു. ആഗോള അരി വിപണിയില്‍, തായ്ലന്‍ഡ്, വിയറ്റ്‌നാം, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി കടുത്ത മത്സരത്തിലാണ് ഇന്ത്യ.

Content Highlights: India’s rice exports fell in early 2026 as the Iran conflict disrupted basmati shipments to Gulf markets and increased shipping costs through the Strait of Hormuz

To advertise here,contact us