LTCGനികുതി ഒഴിവാക്കൽ പരിഗണനയിൽ; സെൻസെക്സിൽ 1,100 പോയിന്റ് കുതിപ്പ്, ഓഹരി വിപണിയിൽ ആവേശ റാലി

ബാങ്ക് നിഫ്റ്റി 560 പോയിന്റിലധികം ഉയർന്ന് 55,481.05 ലെവൽ വരെ എത്തി

ദീർഘകാല മൂലധന നേട്ട നികുതിയായ LTCG ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, നിക്ഷേപകരുടെ അഭിപ്രായങ്ങൾ കേൾക്കാൻ സർക്കാർ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ബജറ്റ് 2027-നുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ, നികുതി വ്യവസ്ഥകളിൽ മാറ്റമുണ്ടാകുമോയെന്നാണ് വിപണി ഉറ്റുനോക്കുന്നത്.

ഓഹരി വിപണിയിലെ നിക്ഷേപകർ ദീർഘകാലമായി ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് LTCG നികുതി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നത്. ഈ വിഷയത്തിൽ നിക്ഷേപകരുടെ അഭിപ്രായങ്ങൾ ശ്രദ്ധയോടെ കേൾക്കാൻ സർക്കാർ തയ്യാറാണെന്നതാണ് ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയുടെ പ്രധാന സന്ദേശം. എന്നാൽ LTCG നികുതി ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

നിക്ഷേപങ്ങൾ ദീർഘകാലം കൈവശം വച്ചശേഷം വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ബാധകമാകുന്ന നികുതിയാണ് LTCG . ലിസ്റ്റഡ് ഓഹരികളിലും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലും ബാധകമായ നിലവിലെ വ്യവസ്ഥകൾ പ്രകാരം, നിശ്ചിത കാലയളവിനപ്പുറം കൈവശം വച്ച നിക്ഷേപങ്ങളിൽ നിന്നുള്ള ഒരു സാമ്പത്തിക വർഷത്തെ അർഹമായ ലാഭത്തിൽ 1.25 ലക്ഷം കവിയുന്ന തുകയ്ക്ക് 12.5% LTCG നികുതി ബാധകമാണ്. ബന്ധപ്പെട്ട നിയമവ്യവസ്ഥകളും മറ്റ് നിബന്ധനകളും ഇതിന് ബാധകമാണ്.

ഈ നികുതി ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്താൽ നിക്ഷേപകർക്ക് നികുതിക്കുശേഷമുള്ള ലാഭത്തിൽ വർധന ലഭിക്കാം. അതുകൊണ്ടുതന്നെ ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾക്ക് പ്രാധാന്യമേറുന്നു. LTCG നികുതിയിൽ ഇളവ് ലഭിച്ചാൽ ഓഹരി വിപണിയിൽ ദീർഘകാല നിക്ഷേപം നടത്തുന്നവർക്ക് കൂടുതൽ ആകർഷകമായ സാഹചര്യം രൂപപ്പെടാമെന്നാണ് പ്രതീക്ഷ.

നിക്ഷേപകരുടെ ലാഭം: നികുതി ബാധ്യത കുറയുന്നതോടെ നിക്ഷേപത്തിൽ നിന്നുള്ള ലാഭത്തിന്റെ കൂടുതൽ ഭാഗം കൈവശം വയ്ക്കാൻ സാധിച്ചേക്കാം.

  • വിപണിയിലേക്കുള്ള താൽപര്യം: നികുതി ഇളവ് ദീർഘകാല നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം
  • നിക്ഷേപകരുടെ ആത്മവിശ്വാസം: നികുതി സംബന്ധിച്ച വ്യക്തതയും ഇളവുകളും വിപണിയിലെ ആത്മവിശ്വാസത്തെ സ്വാധീനിക്കാം
  • മ്യൂച്വൽ ഫണ്ട് നിക്ഷേപം: ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ ദീർഘകാല നിക്ഷേപം നടത്തുന്നവർക്കും മാറ്റങ്ങൾ പ്രധാനമാണ്.

വാർത്തകൾക്ക് പിന്നാലെ ഓഹരിവിപണിയിൽ വലിയ മുന്നേറ്റമാണ് കണ്ടത്. നിഫ്റ്റി 50 സൂചിക 400 പോയിന്റോളം ഉയർന്ന് 22,721.95 എന്ന ലെവലിലും , സെൻസെക്സ് 11000 പോയിന്റ് റാലിയോടെ 73,033.78 എന്ന നിലയിലുമാണ് വ്യപാരം അവസാനിപ്പിച്ചത്. ബാങ്ക് നിഫ്റ്റി ആകട്ടെ 560 പോയിന്റിലധികം ഉയർന്ന് 55,481.05 ലെവൽ വരെ എത്തി. ഓഹരി വിപണിയിൽ ചർച്ചയാകുന്ന മറ്റൊരു പ്രധാന വിഷയം STT അഥവാ സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് ആണ്.

ഓഹരികളിലെ ചില ഇടപാടുകൾക്ക് ഈടാക്കുന്ന നികുതിയാണിത്. STT നിരക്കുകളിൽ മാറ്റം വരുത്തണമെന്ന ആവശ്യവും വിപണിയിലെ ചർച്ചകളിൽ ഉയരാറുണ്ട്. LTCG, STT എന്നിവയിൽ എന്തെങ്കിലും മാറ്റം വരുത്തുമോ എന്നത് ബജറ്റിനോടനുബന്ധിച്ച് നിക്ഷേപകർ നിരീക്ഷിക്കുന്ന വിഷയങ്ങളാണ്.

കേന്ദ്ര ബജറ്റ് 2027-നുള്ള ഒരുക്കങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ നികുതി നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുകയാണ്. നിക്ഷേപകരുടെ നിർദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലെത്തുമോ, LTCG നികുതിയിൽ മാറ്റം വരുത്താനുള്ള നിർദേശം ബജറ്റിൽ ഉൾപ്പെടുത്തുമോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.

ബജറ്റിൽ നികുതി ഇളവ് പ്രഖ്യാപിച്ചാൽ അതിന്റെ പ്രയോജനം ആർക്കൊക്കെ ലഭിക്കും, എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും, ഏതൊക്കെ നിക്ഷേപങ്ങൾക്ക് ബാധകമാകും തുടങ്ങിയ വിശദാംശങ്ങൾ ഔദ്യോഗിക പ്രഖ്യാപനത്തിലൂടെയാണ് വ്യക്തമാകുക.

Content Highlights: FM Nirmala Sitharaman Open To Hearing Views On LTCG Tax Removal; RBI May Take More Steps To Curb Rupee Volatility

To advertise here,contact us