ഇലോൺ മസ്ക്കിന്റെ സ്പേസ് എക്സ് ഓഹരികൾ ചരിത്രപരമായ വിപണി അരങ്ങേറ്റത്തിന് പിന്നാലെ കുതിപ്പ് തുടരുകയാണ്. തുടച്ചയായ രണ്ടാം വ്യാപാര ദിവസത്തിലും ശക്തമായ മുന്നേറ്റം ഓഹരികൾ കാഴ്ചവെച്ചു . കഴിഞ്ഞ ദിവസം 19% വരെ ഉയർന്ന് വൻ തുടക്കം കുറിച്ച ഓഹരി, രണ്ടാം ദിനം ഏകദേശം 11% വരെ ഉയർന്ന് നിക്ഷേപകരുടെ ശക്തമായ ആവേശം നിലനിർത്തിയത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം $2 ട്രില്യൺ കവിഞ്ഞ്, സ്പേസ് എക്സ് ലോകത്തിലെ ഏറ്റവും വലിയ ടെക് കമ്പനികളിൽ ഒന്നായി മാറി.
കഴിഞ്ഞ ഐപിഒ ദിവസം ഓഹരി വില $135 എന്ന ഓഫർ പ്രൈസിൽ നിന്ന് ആരംഭിച്ച് $150 ൽ ലിസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വ്യാപാരത്തിനിടെ ഓഹരികൾ വലിയ മുന്നേറ്റത്തോടെ ഏകദേശം $160–$176 വരെ എത്തുകയും, ഒടുവിൽ $160.95 ൽ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്തു. ഇത് ഐപിഒ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം 19% ലാഭം രേഖപ്പെടുത്തിയ ശക്തമായ അരങ്ങേറ്റം ആയിരുന്നു. രണ്ടാം ദിവസവും ഈ ഉയർച്ച തുടർന്നത് വിപണിയിൽ സ്പേസ് എക്സിനോടുള്ള ദീർഘകാല വിശ്വാസം ശക്തമാണെന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.
ഇപ്പോൾ കമ്പനി അമേരിക്കയിലെ ആറാമത്തെ വലിയ ലിസ്റ്റഡ് കമ്പനികളിൽ ഒന്നായി മാറിയിരിക്കുകയാണ്. കൂടാതെ, ടെസ്ല ഉൾപ്പെടെ മറ്റ് മസ്ക് കമ്പനികളെ പോലും വിപണി മൂല്യത്തിൽ മറികടന്നിട്ടുണ്ട്. $75 ബില്യൺ സമാഹരിച്ച ഈ ഐപിഒ ചരിത്രത്തിലെ ഏറ്റവും വലിയ പബ്ലിക് ഓഫറിങ് ആയി മാറിയിട്ടുണ്ട്.
സ്പേസ് എക്സിന്റെ ഭാവി വളർച്ചാ സാധ്യതകൾ നിക്ഷേപകരുടെ ആത്മവിശ്വാസം ഉയരാൻ പ്രധാന കാരണമായി മാറിയിട്ടുണ്ട് .എഐ സാറ്റലൈറ്റ് ടെക്നോളജി, സ്പേസ് എക്സ്പ്ലോറേഷൻ എന്നിവയുടെ സംയോജിത വളർച്ചാ മോഡലാണ് കമ്പനിയെ കൂടുതൽ ആകർഷകമാക്കുന്നത്. അതേസമയം, ചില വിശകലന വിദഗ്ധർ ഈ വൻ വിലയിരുത്തൽ ദീർഘകാലത്തിൽ സ്ഥിരതയുള്ളതാണോ എന്നതിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിലവിലെ വിപണി പ്രവണതകളും അനുകൂല സാഹചര്യങ്ങളും ഇപ്പോഴും ശക്തമാണ്. തുടർച്ചയായ ഈ മുന്നേറ്റം, ടെക്-സ്പേസ് മേഖലയിലെ പുതിയ നിക്ഷേപ തരംഗത്തിന് തുടക്കം കുറിക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.
Content Highlights: SpaceX shares continued their strong upward momentum, jumping over 11% as the record-breaking gains from its IPO extended into the second trading day.