ഇന്ത്യ അമേരിക്കയിൽ നിന്ന് 50,000 കോടി ഡോളറിന്റെ സാധനങ്ങൾ വാങ്ങുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. 5 വർഷം കൊണ്ടാണ് ഇത്രയും വ്യാപാരം ഉണ്ടാകുക എന്നും മാർകോ റൂബിയോ പറഞ്ഞു. പ്രധാനമന്ത്രി അടക്കമുള്ള ഇന്ത്യയിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷമായിരുന്നു റൂബിയോയുടെ പ്രതികരണം.
ഊർജം, സാങ്കേതികവിദ്യ, കൃഷി എന്നീ മേഖലകളിലാകും ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാരം ഉണ്ടാകുക. ഇന്ത്യ 5 വർഷംകൊണ്ട് 50,000 കോടി ഡോളറിന്റെ ഉത്പന്നങ്ങൾ വാങ്ങുമെന്നും അമേരിക്കൻ ഉദ്യോഗസ്ഥർക്ക് നന്ദിയെന്നുമാണ് റൂബിയോ പറഞ്ഞത്. ട്രംപിന് കീഴെ അമേരിക്കൻ ഉദ്യോഗസ്ഥർ ഏറ്റവും മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത് എന്നും റൂബിയോ പറഞ്ഞു.
നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതാണ് റൂബിയോ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഉഭയകക്ഷി ബന്ധം, ഊർജ സഹകരണം, സുരക്ഷ, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ തുടങ്ങി നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും റൂബിയോ കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാപാര കരാറും ചർച്ചയായി. കരാര്‍ വേഗത്തില്‍ അന്തിമമാക്കണമെന്നും യുഎസ് സംഘം വൈകാതെ ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും ജയശങ്കർ പറഞ്ഞു. പ്രതിരോധ രംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്നതും ചര്‍ച്ച ചെയ്തു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യക്ക് എല്ലാവരോടും സൗഹൃദ സമീപനമാണ് ഉള്ളത്. ഇന്ത്യ ഊർജ ഇറക്കുമതി രാജ്യം. ഇന്ധന ലഭ്യത തടസപ്പെടുത്തരുത്. വില പിടിച്ചുനിർത്തണം. സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ചാണ് ഇന്ത്യ മുന്നോട്ടു പോകുന്നത് എന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
Content Highlights: US Secretary of State Marco Rubio stated that India is expected to purchase goods worth 500 billion dollars from the United States over the next five years. Rubio made the remarks after discussions with Prime Minister Narendra Modi and senior Indian leaders