ലാഭത്തിൽ 23% വളർച്ച; LIC ഓഹരികൾക്ക് കുതിപ്പ്, 84% വളർച്ചാ സാധ്യത കല്പിച്ച് ബ്രോക്കറേജുകൾ

ഡയറക്ടർ ബോർഡ് 2025-26 സാമ്പത്തിക വർഷത്തേക്ക് 10 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യപിച്ചിട്ടുണ്ട്

മികച്ച നാലാം പാദ ഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ ശ്രദ്ധേയമായ നേട്ടം രേഖപ്പെടുത്തി എൽഐസി ഓഹരികൾ. കമ്പനിയുടെ ലാഭം 23 ശതമാനം ഉയർന്നതിനെ തുടർന്ന് ഓഹരികൾ തുടക്കഘട്ട വ്യാപാരത്തിൽ 5 ശതമാനം വരെ ഉയർന്നു. മികച്ച സാമ്പത്തിക പ്രകടനവും ബ്രോക്കറേജ് സ്ഥാപനങ്ങളുടെ അനുകൂല വിലയിരുത്തലുകളും ഓഹരിയിന്മേലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

2025-26 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 23 ശതമാനം ഉയർച്ചയോടെ 23,420 കോടി രൂപയായി ഉയർന്നു, കഴിഞ്ഞ വർഷം ഇത് 19,013 കോടി രൂപയായിരുന്നു. . ഗ്രൂപ്പ് ഇൻഷുറൻസ് ബിസിനസിലെ ശക്തമായ വളർച്ചയും നികുതി ഇളവുകൾ മൂലമുള്ള ഇൻഷുറൻസ് ആവശ്യകതയിലെ വർധനയും കമ്പനിയുടെ ലാഭത്തിൽ പ്രധാന പങ്കുവഹിച്ചു.

ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ മൊത്തം വരുമാനം നാലാം പാദത്തിൽ 13.81% വർധിച്ച് 2,53,591.83 കോടിയായി. പ്രീമിയങ്ങൾ പുതുക്കുന്നതിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം 79,138 കോടിയിൽ നിന്ന് ഇത്തവണ 81,933 കോടിയായി ഉയർന്നു. കൂടാതെ അറ്റ പലിശ വരുമാനം 1,64,691.21 കോടിയായിരുന്നു, 2025 സാമ്പത്തിക വർഷത്തിന്റെ മാർച്ച് പാദത്തിൽ ഇത് 1,47,585.56 കോടിയായിരുന്നു. സിംഗിൾ പ്രീമിയം വരുമാനത്തിലും പുതിയ പോളിസികളിലെ ആദ്യവർഷ പ്രീമിയത്തിലും മികച്ച വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.

മികച്ച പാദഫലങ്ങൾക്ക് പിന്നാലെ പ്രമുഖ ബ്രോക്കറേജുകൾ ഓഹരികളുടെ ലക്ഷ്യ വില ഉയരത്തിയിട്ടുണ്ട്. സിറ്റി ബ്രോക്കറേജ് ഓഹരികൾക്ക് 'ബൈ' റേറ്റിംഗ് നൽകികൊണ്ട് 1,475 രൂപയാണ് ലക്ഷ്യവിലയാണ് നൽകിയിരിക്കുന്നത്. ശക്തമായ പ്രവർത്തന പ്രകടനം ചൂണ്ടിക്കാട്ടി 84% വളർച്ചാ സാധ്യതയാണ് ബ്രോക്കറേജ് കല്പിച്ചിരിക്കുന്നത്.

  • എംകെ ഗ്ലോബൽ നൽകുന്ന ലക്ഷ്യ വില 1,100 രൂപ
  • സിസ്റ്റമാറ്റിക്സ് ഇക്വിറ്റീസ്‌ നൽകുന്ന ലക്ഷ്യ വില 970 രൂപ
  • ജെഎം ഫിനാൻഷ്യൽ നൽകുന്ന ലക്ഷ്യവില 960 രൂപ

കമ്പനിയുടെ മാർജിനുകളിലെ പുരോഗതിയും നോൺ -പാർ ഇൻഷുറൻസ് ഉൽപ്പന്നങ്ങളിലെ വളർച്ചയും ഭാവിയിൽ കൂടുതൽ നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് ബ്രോക്കറേജുകൾ പൊതുവെ വിലയിരുത്തൽ. ഡയറക്ടർ ബോർഡ് 2025-26 സാമ്പത്തിക വർഷത്തേക്ക് 10 രൂപ അന്തിമ ലാഭവിഹിതം പ്രഖ്യപിച്ചിട്ടുണ്ട്. ഇതിനുള്ള റെക്കോർഡ് തീയതി ജൂൺ 25 ആയി നിശ്ചയിച്ചിട്ടുണ്ട്.

വിദഗ്ധർ പറയുന്നതനുസരിച്ച്, ഇൻഷുറൻസ് മേഖലയിൽ കമ്പനിയുടെ ശക്തമായ വിപണി സാന്നിധ്യവും ലാഭക്ഷമതയിലെ മെച്ചവും അടുത്ത കാലയളവിൽ ഓഹരികൾക്ക് കൂടുതൽ പിന്തുണ നൽകാനിടയുണ്ട്. സ്വാഭാവികമായും അനുകൂല ഘടകങ്ങളുടെ പിൻബലത്തിൽ ഓഹരികൾ തുടർന്നും മുന്നേറ്റം പ്രകടമാക്കും എന്ന പ്രതീക്ഷയിലാണ് നിക്ഷേപകരും.

Content Highlights : LIC shares climb over 4% as Q4 profit rises 23% to ₹23,420 crore; check record date for dividend and bonus issue

To advertise here,contact us