ഇൻസ്റ്റാമാർട്ടിനും ബ്ലിങ്കിറ്റിനുമെല്ലാം 'ആപ്പ്' വെക്കാൻ 'ആമസോൺ നൗ' ഇനി കേരളത്തിലെ ഈ നഗരത്തിലും

നിത്യോപയോഗ സാധനങ്ങൾ തന്നെയാകും ആമസോൺ നൗവും കൈകാര്യം ചെയ്യുക

വീട്ടുസാധനങ്ങൾ വാങ്ങാൻ പോലും ആളുകൾ ക്വിക്ക് കോമേഴ്‌സ് ആപ്പുകളെ ആശ്രയിക്കുന്ന കാലമാണ്. എന്തും ഏതും ഒരു വിരൽത്തുമ്പിലാണ് ഇപ്പോൾ ലഭിക്കുക. ഇതിനായി നിരവധി ആപ്പുകളും രംഗത്തുണ്ട്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ആപ്പുകൾ ആണവ. ഇതിനിടെ ആമസോണും തങ്ങളുടെ ക്വിക്ക് കോമേഴ്‌സ് ആപ്പ് ലോഞ്ച് ചെയ്തിരുന്നു. ആമസോൺ നൗ എന്നായിരുന്നു പേര്. ചുരുക്കം ചില നഗരങ്ങളിൽ മാത്രം ലഭ്യമായിരുന്ന ആമസോൺ നൗ സർവീസ് ഇനിമുതൽ കൂടുതൽ നഗരങ്ങളില്‍ കിട്ടും.

ആമസോൺ നൗ പുതിയതായി 100 നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ പോകുകയാണ്. നിലവിൽ മുംബൈ, ഡൽഹി, ബെംഗളൂരു എന്നിവിടങ്ങളിലാണ് ആമസോൺ നൗ ഉണ്ടായിരുന്നത്. അവരിപ്പോൾ ചെന്നൈ, കൊൽക്കത്ത, ജയ്‌പൂർ, കാൺപൂർ, ചണ്ഡീഗഡ്, അഹമ്മദാബാദ്, കൊച്ചി തുടങ്ങിയ നഗരങ്ങളിലേക്കാണ് വ്യാപനം. കേരളത്തിൽ നിലവിൽ കൊച്ചിയിൽ മാത്രമാകും ആപ്പിന്റെ സേവനം ഉണ്ടാകുക.

നിത്യോപയോഗ സാധനങ്ങൾ തന്നെയാകും ആമസോൺ നൗവും കൈകാര്യം ചെയ്യുക. പേഴ്സണൽ കെയർ സാധനങ്ങൾ, ഫാഷൻ വസ്തുക്കൾ, ബേബി പ്രൊഡക്ടുകൾ തുടങ്ങിയ സാധനങ്ങൾ ലിസ്റ്റിൽ ഉണ്ടാകും. 2800 കോടി രൂപയുടെ നിക്ഷേപമാണ് ആമസോൺ ഈ വിപുലീകരണത്തിനായി നടത്തിയിട്ടുള്ളത്.

വന്‍ ലക്ഷ്യം പ്രഖ്യാപിച്ച് സെപ്റ്റോയും

അതിവേഗ ഗ്രോസറി ഡെലിവറി ആപ്പ് ആയ സെപ്റ്റോയും തങ്ങളുടെ 5 വർഷത്തെ ലക്ഷ്യം പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 4 മുതൽ 5 വർഷത്തിനുള്ളിൽ ഭാരതത്തിന്റെ സ്വന്തം ആമസോൺ ആയി മാറാൻ സെപ്‌റ്റോയ്ക്ക് സാധിക്കും എന്നാണ് ഫൗണ്ടർമാരായ ആദിത് പലീച്ച, കൈവല്യ വോറ എന്നിവർ പറഞ്ഞിരിക്കുന്നത്.

സാധാരണ ഇ-കൊമേഴ്‌സ് സൈറ്റുകൾ സാധനങ്ങൾ എത്തിക്കാൻ ദിവസങ്ങൾ എടുക്കുമ്പോൾ, വെറും 10 മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിക്കുന്ന തങ്ങളുടെ രീതിക്ക് വലിയ ഭാവിയുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ വേഗതയാണ് തങ്ങളുടെ വിജയത്തിന്റെ രഹസ്യം. ഇന്ത്യയിലെ ഓൺലൈൻ വ്യാപാര രംഗത്ത് ആമസോണിനും ഫ്ലിപ്കാർട്ടിനും വെല്ലുവിളി ഉയർത്താൻ തക്കവണ്ണം സെപ്‌റ്റോ അതിവേഗം വളരുകയാണ്.

രാജ്യത്തുടനീളം വിതരണത്തിനുള്ള ചെറിയ വെയർഹൗസുകൾ വർദ്ധിപ്പിച്ചുകൊണ്ട് സേവനം കൂടുതൽ സ്ഥലങ്ങളിലേക്ക് എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ പലവ്യഞ്ജനങ്ങൾക്കും ഭക്ഷണത്തിനുമാണ് മുൻഗണന നൽകുന്നതെങ്കിലും, ഭാവിയിൽ ആമസോണിനെപ്പോലെ എല്ലാത്തരം ഉൽപ്പന്നങ്ങളും അതിവേഗത്തിൽ എത്തിക്കുന്ന ഒരു വമ്പൻ കമ്പനിയായി മാറാനാണ് പ്ലാൻ.

വിദേശ കമ്പനിയായ ആമസോണിന് പകരമായി ഇന്ത്യയിൽ നിന്നുള്ള ഒരു വലിയ ഓൺലൈൻ വ്യാപാര ശൃംഖലയായി അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സെപ്‌റ്റോയെ വളർത്താനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ആദിത് പലീച്ച വ്യക്തമാക്കുന്നുണ്ട്.

Content Highlights: Amazon Now is set to expand its services to 100 additional cities across India. Previously available only in major metros like Mumbai, Delhi, and Bengaluru, the service will now reach cities including Chennai, Kolkata, Jaipur, Kanpur, Chandigarh, Ahmedabad, and Kochi

To advertise here,contact us