പ്രതിമാസ സബ്സ്ക്രിപ്ഷനുകള്‍, എസ്ഐപികള്‍, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍, യൂട്ടിലിറ്റി ചാര്‍ജുകള്‍ എന്നിവയുടെ പണമടയ്ക്കല്‍ വൈകാതെ കൂടുതല്‍ ലളിതമാകും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിക്കറിങ് പേയ്മെന്റ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതോടെയാണ് പേയ്മെന്റ് എളുപ്പമാകുന്നത്. 15,000 രൂപ വരെയുള്ള ഓട്ടോ-ഡെബിറ്റ് ഇടപാടുകള്‍ക്ക് ഇനി ഓരോ തവണയും പുതിയ ഒടിപി ആവശ്യമില്ലെന്നതാണ് ആര്‍ബിഐ വരുത്തുന്ന പ്രധാന മാറ്റം. ലളിതമായി പറഞ്ഞാല്‍, ഒരു ഓട്ടോമാറ്റിക് പേയ്മെന്റിന് നിങ്ങള്‍ ഒരിക്കല്‍ അനുമതി നല്കിക്കഴിഞ്ഞാല്, നിശ്ചിത പരിധി വരെയുള്ള തുക ഓരോ മാസവും തടസ്സമില്ലാതെ അക്കൗണ്ടില്‍നിന്ന് ഡെബിറ്റ് ചെയ്യാന്‍ സാധിക്കും.
എന്താണ് മാറ്റം?
ഒരിക്കല്‍ പേയ്മെന്റ് അനുമതി നല്കിക്കഴിഞ്ഞാല്, 15,000 രൂപ വരെയുള്ള ആവര്‍ത്തിച്ചുള്ള ഇടപാടുകള്‍ക്ക് ഓരോ തവണയും വീണ്ടും ഒടിപി ഉപയോഗിച്ചുള്ള സ്ഥിരീകരണം ആവശ്യമില്ല. ഇതുവഴി ഒടിപി ലഭിക്കാത്തതുകൊണ്ടോ മെസ്സേജ് കാണാന്‍ വൈകിയതുകൊണ്ടോ സബ്സ്ക്രിപ്ഷനുകള്‍, ബ്രോഡ്ബാന്‍ഡ് ബില്ലുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയവ മുടങ്ങുന്നത് ഒഴിവാക്കാം. ഡിജിറ്റല്‍ പേയ്മെന്റുകളിലെ ഏറ്റവും വലിയ തലവേദനകളിലൊന്നാണ് ഇതിലൂടെ മാറുന്നത്.
പലപ്പോഴും നിസ്സാര കാരണങ്ങളാലാണ് പേയ്മെന്റുകള്‍ മുടങ്ങുന്നത്. ഒടിപി വൈകി വരുന്നത്, റേഞ്ച് ഇല്ലാത്തത്, തിരക്കിനിടയില്‍ മെസ്സേജ് കാണാത്തത് അല്ലെങ്കില്‍ പണമടയ്ക്കേണ്ട സമയത്ത് ഉറക്കത്തിലോ യാത്രയിലോ ആകുന്നത് എന്നിവയൊക്കെ പേയ്മെന്റ് പരാജയപ്പെടാന്‍ കാരണമാകാറുണ്ട്. ഇത് എസ്ഐപി മുടങ്ങുന്നതിനും ക്രെഡിറ്റ് കാര്‍ഡ് പിഴകള്‍ക്കും വഴിതെളിക്കും. ഈ തടസ്സങ്ങള്‍ കുറയ്ക്കുക എന്നതാണ് ആര്‍ബിഐയുടെ ലക്ഷ്യം.
ആദ്യത്തെ പേയ്മെന്റിന് അനുമതി വേണം
നിങ്ങളുടെ അനുമതിയില്ലാതെ ഒരു കമ്പനിക്കും അക്കൗണ്ടില്‍നിന്ന് പണമെടുക്കാന്‍ കഴിയില്ല. ആദ്യമായി ഒരു ഓട്ടോ-പേ സംവിധാനം തുടങ്ങുമ്പോള്‍ ഒടിപി ഉപയോഗിച്ച് സ്ഥിരീകരിക്കണം. അതിനുശേഷം മാത്രമേ തുടര്‍ന്നുളള പണമടയ്ക്കലുകള് ഓട്ടോമാറ്റിക്കായി നടക്കുകയുള്ളൂ. അതിനാല്‍ നിയന്ത്രണം ഇപ്പോഴും ഉപഭോക്താവിന്റെ കൈവശം തന്നെയാണ്. ഇന്‍ഷുറന്‍സ് പ്രീമിയം, മ്യൂച്വല്‍ ഫണ്ട് എസ്ഐപി, ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ എന്നിവയ്ക്കായി ആര്‍ബിഐ പരിധി 1 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വലിയ തുകകള്‍ മാസാമാസം അടയ്ക്കുന്നവര്‍ക്ക് ഇത് വലിയ ഉപകാരമാകും. ഓരോ തവണയും ഒടിപി നല്‍കേണ്ടി വരുന്നത് മൂലം പണമടയ്ക്കല്‍ വൈകുന്നത് ഇതിലൂടെ ഒഴിവാക്കാം.
മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിക്കും
ഒടിപി വേണ്ടെന്ന് വെച്ചാലും മുന്നറിയിപ്പുകള്‍ നിര്‍ത്തലാക്കിയിട്ടില്ല. അക്കൗണ്ടില്‍നിന്ന് പണം വലിക്കുന്നതിന് മുമ്പ് ബാങ്കുകള്‍ നിര്‍ബന്ധമായും 'പ്രീ-ഡെബിറ്റ് അലേര്‍ട്ട്' നല്‍കണം. പണമടയ്ക്കുന്ന തീയതി, തുക, ആര്‍ക്കാണ് പണം നല്‍കുന്നത് എന്നീ വിവരങ്ങള്‍ ഇതിലുണ്ടാകും. പേയ്മെന്റ് പൂര്‍ത്തിയായ ശേഷമുള്ള കണ്ഫര്മേഷന് മെസ്സേജും ലഭിക്കും. ചുരുക്കത്തില്പണമടയ്ക്കല് എളുപ്പമാകുമെങ്കിലും അവ രഹസ്യമായിരിക്കില്ല.
ഓട്ടോ-പേ സംവിധാനം കൂടുതല്‍ ലളിതമാകുന്ന സാഹചര്യത്തില്‍, നിങ്ങളുടെ അക്കൗണ്ടില്‍ നിലവില്‍ സജീവമായ പേയ്മെന്റ് അനുമതികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. മറന്നുപോയ സബ്സ്ക്രിപ്ഷനുകള്‍ക്കോ ഉപയോഗിക്കാത്ത സേവനങ്ങള്‍ക്കോ പണം പോകുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. ഉപഭോക്താവിന്റെ സമ്മതവും സുരക്ഷയും നിലനിര്‍ത്തിക്കൊണ്ടുതന്നെ പണമടയ്ക്കല്‍ പ്രക്രിയ തടസരഹിതമാക്കാനാണ് ആര്‍ബിഐ ശ്രമിക്കുന്നത്.
Content Highlights: RBI changes auto-debit rules: Your Netflix, SIPs and bill payments may get easier