100 കോടി ആസ്തി: പക്ഷേ യാത്ര ഇപ്പോഴും ഷെയർ ഓട്ടോയിൽ, ആരാണ് വിനോദ് ചെന്തിൽ

മുംബൈയിൽ വരുമ്പോൾ ഈ കോടീശ്വരൻ യാത്ര ചെയ്യുന്നത് ഷെയർ ഓട്ടോയിലും ടാക്സിയിലുമാണ്

നൂറുകോടി രൂപ ആസ്തിയുണ്ടായിട്ടും ലളിതമായ ജീവിതം നയിക്കുന്ന ഒരു സംരംഭകനെക്കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നാച്ചുറലി യുവേഴ്സ് എന്ന നൂഡിൽസ് ബ്രാൻഡിന്റെ ഉടമ വിനോദ് ചെന്തിൽ തന്റെ സുഹൃത്തിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്. 100 കോടി രൂപയുടെ സമ്പാദ്യമുണ്ടായിട്ടും തന്റെ സുഹൃത്ത് ഇപ്പോഴും സാധാരണക്കാരെപ്പോലെ ജീവിക്കുന്നു എന്നാണ് വിനോദ് പറയുന്നത്

ലാളിത്യം മുഖമുദ്ര

 മുംബൈയിൽ വരുമ്പോൾ ഈ കോടീശ്വരൻ യാത്ര ചെയ്യുന്നത് ഷെയർ ഓട്ടോയിലും ടാക്സിയിലുമാണ്. താമസിക്കുന്നത് വളരെ സാധാരണ ഹോട്ടലുകളിലും. വിലകൂടിയ കാറുകളോ മറ്റ് ആഡംബരങ്ങളോ ഇദ്ദേഹത്തിനില്ല. പണം വന്നതുകൊണ്ട് ജീവിതത്തിൽ ഉണ്ടായ ഒരേയൊരു മാറ്റം, ഇപ്പോൾ കൂടുതൽ ഒഴിവുസമയവും അവധിക്കാലങ്ങളും ആസ്വദിക്കാൻ സാധിക്കുന്നു എന്നത് മാത്രമാണ്.

സോഷ്യൽ മീഡിയയിൽ ആളുകൾ രണ്ട് തട്ടിൽ

ചിലർ ഈ ലളിത ജീവിതത്തെ പ്രശംസിച്ചു. പ്രത്യേകിച്ച് തെക്കേ ഇന്ത്യയിൽ എത്ര പണമുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ ലളിതമായി ജീവിക്കുന്ന ഒട്ടേറെപ്പേരുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിലൊക്കെ കോടീശ്വരന്മാർ പോലും സ്കൂട്ടറിൽ ജോലിക്ക് പോകുന്നത് സാധാരണ കാഴ്ചയാണെന്ന് ഇവർ പറയുന്നു. ഇത്രയും പണമുണ്ടായിട്ടും എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്? എന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. ജീവിതം സുഖകരമാക്കാനുള്ള ഒരു ഉപകരണം മാത്രമാണ് പണം എന്നും സൗകര്യങ്ങൾ ഉപയോഗിക്കാതെ ഷെയർ ഓട്ടോയിൽ പോകുന്നത് എന്തിനാണെന്നും ഇവർ ചോദിക്കുന്നു. ഇതൊരു ദുരിത ജീവിതമാണെന്നും ചിലർ കമന്റ് ചെയ്തു.

പണം വന്നാൽ ജീവിതശൈലി മാറ്റണമോ അതോ പഴയതുപോലെ ലളിതമായി തുടരണമോ എന്ന കാര്യത്തിൽ വലിയൊരു സംവാദത്തിനാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.

ഇഷ്ടം സമാധാനവും, സ്വകാര്യതയും

കൂടുതൽ പണം കയ്യിലുണ്ടെങ്കിലും ലളിതമായ ജീവിതം നയിക്കാൻ പലരും ആഗ്രഹിക്കുന്നത് പ്രധാനമായും സമാധാനവും സ്വകാര്യതയും നിലനിർത്താനാണ്. അമിതമായ ആഡംബരങ്ങൾ പുറമെനിന്ന് നോക്കുമ്പോൾ ആകർഷകമായി തോന്നാമെങ്കിലും, വലിയ വീടുകളും വാഹനങ്ങളും പരിപാലിക്കുന്നത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുമെന്ന് ഇക്കൂട്ടർ കരുതുന്നു.

തങ്ങളെ സ്നേഹിക്കുന്നത് പണം കണ്ടിട്ടല്ല എന്ന് ഉറപ്പുവരുത്താനും, സാധാരണക്കാരായ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നല്ല ബന്ധം നിലനിർത്താനും ലളിതജീവിതം അവരെ സഹായിക്കുന്നു. പണം അനാവശ്യ കാര്യങ്ങൾക്ക് ചെലവാക്കുന്നതിനേക്കാൾ അത്യാവശ്യഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാനോ അല്ലെങ്കിൽ ഭാവി സുരക്ഷിതമാക്കാനോ ആണ് ഇവർ മുൻഗണന നൽകുന്നത്.

കൂടാതെ, മക്കൾക്ക് അധ്വാനത്തിന്റെ വില മനസ്സിലാക്കിക്കൊടുക്കാനും, വലിയ വേലിക്കെട്ടുകൾക്കുള്ളിൽ കഴിയാതെ സമൂഹത്തിന്റെ ഭാഗമായി ജീവിക്കാനും ഇത്തരം ആളുകൾ താല്പര്യപ്പെടുന്നു. പണത്തേക്കാൾ കൂടുതൽ സമാധാനത്തിനും, സ്വസ്ഥതയ്ക്കും പ്രാധാന്യം നൽകുന്ന മനോഭാവം ഉള്ളത് കൊണ്ടാണ്  പലരും കോടീശ്വരന്മാരാണെങ്കിലും സാധാരണക്കാരെപ്പോലെ ജീവിക്കാൻ ഇഷ്ടപ്പെടുന്നത്.

Content Highlights: A founder with a ₹100 crore net worth still travels in autos and stays in budget hotels. Is it inspiring simplicity or unnecessary struggle? Read about the viral social media debate on wealth and lifestyle.

To advertise here,contact us