ഒരു ജോലി വേണം: പക്ഷെ കൂടുതല്‍ പ്രാധാന്യം എന്തിന് കൊടുക്കണം; ശമ്പളത്തിനോ? സുരക്ഷിതത്വത്തിനോ?

ടാറ്റാ കൺസൾട്ടൻസി സർവീസസ് പോലുള്ള കമ്പനികളിൽ ആളുകൾ 10 മുതൽ 20 വർഷം വരെ ജോലി ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് റെഡ്ഡിറ്റിൽ ചർച്ചകൾ നടക്കുന്നുണ്ട്.

4 min read|18 Apr 2026, 11:21 am

ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ ശമ്പളത്തിനാണോ സുരക്ഷിതത്വത്തിനാണോ നിങ്ങള്‍ കൂടുതൽ പ്രാധാന്യം നൽകുന്നത്? ടാറ്റാ കൺസൾട്ടൻസി സർവീസസ്  പോലുള്ള കമ്പനികളിൽ ആളുകൾ 10 മുതൽ 20 വർഷം വരെ ജോലി ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും? ഇത്തരം കാര്യങ്ങളെക്കുറിച്ച് റെഡ്ഡിറ്റിൽ  ഇപ്പോള്‍ ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. മത പരിവർത്തനവും, ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട വാർത്തകളിലും, വിവാദങ്ങളിലും  ടി സി എസ് പെട്ടുപോയപ്പോഴും, കമ്പനിയുടെ സൽപ്പേരിനെ രക്ഷിക്കാനുള്ള ശ്രമമായി ഈ ചർച്ചകളെ പലരും കാണുന്നു. ശമ്പളം കുറവാണെങ്കിലും, മറ്റു പല കാര്യങ്ങളിലും ടി സി എസ് ഭേദമാണ് എന്ന കാര്യമാണ് സോഷ്യൽ മീഡിയ ചർച്ചകളിൽ ഉയർന്നു വരുന്നത്.

ജോലിയുടെ സുരക്ഷിതത്വം

ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കാരണം. ടി സി എസ്സിൽ  ഒരിക്കൽ കയറിക്കഴിഞ്ഞാൽ, വലിയ തെറ്റുകൾ ഒന്നും വരുത്തിയില്ലെങ്കിൽ ജോലി പോകുമെന്ന പേടി വേണ്ട. മറ്റ് പല ഐടി കമ്പനികളും സാമ്പത്തിക മാന്ദ്യം വരുമ്പോൾ ആളുകളെ പിരിച്ചുവിടുമെങ്കിലും , ടാറ്റ ഗ്രൂപ്പ് പൊതുവെ അതിന് മുതിരാറില്ല. ഇത് കുടുംബമുള്ളവർക്ക് വലിയൊരു ആശ്വാസമാണ്.

വർക്ക്-ലൈഫ് ബാലൻസ്

മറ്റ് പല കമ്പനികളെയും അപേക്ഷിച്ച് ജോലിഭാരം താരതമ്യേന കുറവാണ് എന്നതാണ് പലരും പറയുന്നത്. കൃത്യസമയത്ത് ജോലി തീർക്കാനും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും ഇവിടെ സാധിക്കാറുണ്ട്. അമിതമായ സമ്മർദ്ദമില്ലാതെ സമാധാനമായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ അതുകൊണ്ട് തന്നെ ഇവിടെ തുടരുന്നു എന്ന കാര്യം പലരും പങ്കുവെക്കുന്നു.

കമ്പനിയുടെ പേരും വിശ്വാസ്യതയും

ടാറ്റ എന്ന പേര് നൽകുന്ന ഒരു സാമൂഹിക പദവിയുണ്ട്. ലോണുകൾ കിട്ടാനോ, വിവാഹ ആലോചനകൾക്കോ ഒക്കെ ടാറ്റയിലെ ജോലി ഒരു വലിയ പ്ലസ് പോയിന്റാണ്. കൂടാതെ, ലോകമെമ്പാടും പ്രോജക്റ്റുകൾ ഉള്ളതിനാൽ വിദേശത്ത് പോകാനുള്ള അവസരങ്ങളും കൂടുതലായി ലഭിക്കാറുണ്ട്.

വിദേശങ്ങളിലെ അവസരങ്ങൾ

വിദേശ രാജ്യങ്ങളിൽ പോയി ജോലി ചെയ്യാനുള്ള അവസരം ടി സി എസ്സിൽ  തുടരാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. ലോകമെമ്പാടും പടർന്നു കിടക്കുന്ന വലിയൊരു ബിസിനസ് ശൃംഖല ടാറ്റയ്ക്ക് ഉള്ളതുകൊണ്ട്, അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ പ്രമുഖ കമ്പനികൾക്കൊപ്പം നേരിട്ട് പ്രവർത്തിക്കാൻ ജീവനക്കാർക്ക് എളുപ്പത്തിൽ സാധിക്കുന്നു. വിദേശത്ത് പോകുമ്പോൾ ലഭിക്കുന്ന ഉയർന്ന ശമ്പളവും, പുതിയ സംസ്കാരങ്ങൾ മനസ്സിലാക്കാനുള്ള അവസരവും, അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവൃത്തിപരിചയവും കരിയറിന് വലിയ ഗുണം ചെയ്യും. മറ്റു ചെറിയ കമ്പനികളെ അപേക്ഷിച്ച് വിസ നടപടികളും മറ്റും ടാറ്റ തന്നെ കൈകാര്യം ചെയ്യുന്നതിനാൽ ജീവനക്കാർക്ക് വലിയ പ്രയാസമില്ലാതെ വിദേശത്തേക്ക് മാറാൻ കഴിയുന്നു. ഇത്തരം അവസരങ്ങൾ ലഭിക്കാനുള്ള സാധ്യത നിലനിർത്താനായി പലരും കുറഞ്ഞ ശമ്പളമാണെങ്കിൽ പോലും വർഷങ്ങളോളം കമ്പനിയിൽ തന്നെ തുടരാൻ താല്പര്യപ്പെടുന്നു.

ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ

ജീവനക്കാർക്കും അവരുടെ കുടുംബത്തിനും ലഭിക്കുന്ന മികച്ച മെഡിക്കൽ ഇൻഷുറൻസ് സൗകര്യങ്ങൾ പലരെയും ഇവിടെത്തന്നെ നിലനിൽക്കാൻ പ്രേരിപ്പിക്കുന്നു. പ്രായമായ മാതാപിതാക്കൾ ഉള്ളവർക്ക് ഇത് വലിയൊരു സാമ്പത്തിക സഹായമാണ്.

വിമർശനം എന്തിന്?

റെഡ്ഡിറ്റിലെ ചർച്ചകളിൽ ചില പോരായ്മകളും ആളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.പുതിയ കമ്പനികളിലേക്ക് മാറിയാൽ കിട്ടുന്ന അത്രയും വലിയ ശമ്പള വർദ്ധനവ് ടി സി എസ്സിൽ  തുടർന്നാൽ ലഭിക്കില്ല എന്ന് പലരും പരാതിപ്പെടുന്നുണ്ട്. പഴയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ പലപ്പോഴും പഴയ രീതിയിലുള്ള പ്രോജക്റ്റുകളിൽ തന്നെ തുടരേണ്ടി വരുന്നത് കരിയറിലെ വളർച്ചയെ ബാധിച്ചേക്കാം എന്ന കാര്യത്തിലും ചിലർ ആശങ്കാകുലരാണ്.

പണത്തെക്കാൾ കൂടുതൽ ജീവിത സമാധാനത്തിനും ജോലിയുടെ സുരക്ഷിതത്വത്തിനും മുൻഗണന നൽകുന്നവരാണ് ദീർഘകാലം ടി സി സിൽ തുടരുന്നത്. എന്നാൽ ജോലിയിൽ ഉയർന്നു പോകണം, കൂടുതൽ ശമ്പളം ലഭിക്കണം എന്ന ആഗ്രഹമുള്ള പലരും ടി സി എസ്സിൽ തുടരുന്നില്ല. 

Content Highlights: Discover why many TCS employees choose long-term careers. From job security and work-life balance to lucrative foreign assignments (onsite), we break down the Reddit insights for laypeople.

To advertise here,contact us