കാനഡ പൗരത്വം നേടാൻ ആഗ്രഹിക്കുന്നവർക്ക്, പ്രത്യേകിച്ച് കുടുംബ വേരുകൾ കാനഡയിലുള്ളവർക്ക് സന്തോഷകരമായ വാർത്ത. കാനഡയ്ക്ക് പുറത്ത് ജനിച്ചവർക്കും ഇനി പാരമ്പര്യം വഴി എളുപ്പത്തിൽ കാനഡ പൗരത്വം ലഭിക്കും. മുമ്പ് ഉണ്ടായിരുന്ന പല കടുപ്പമേറിയ നിയമങ്ങളും സർക്കാർ ലഘൂകരിച്ചു.
രണ്ടാം തലമുറ നിയമം മാറി
നിങ്ങളുടെ മാതാപിതാക്കളോ, മുത്തശ്ശി-മുത്തച്ഛന്മാരോ, എന്തിനധികം അവരുടെ മാതാപിതാക്കളോ കാനഡക്കാരാണെങ്കിൽ നിങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. നിങ്ങൾ കാനഡയ്ക്ക് പുറത്താണ് ജനിച്ചതെങ്കിലും ഈ ആനുകൂല്യം ലഭിക്കും. മുമ്പ്, വിദേശത്ത് ജനിച്ച രണ്ടാമത്തെയോ മൂന്നാമത്തെയോ തലമുറയിലുള്ളവർക്ക് പൗരത്വം കിട്ടാൻ വലിയ പ്രയാസമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം, കാനഡയുമായുള്ള നിങ്ങളുടെ രക്തബന്ധം രേഖകൾ വഴി തെളിയിക്കാൻ സാധിച്ചാൽ പൗരത്വം ലഭിക്കാൻ അർഹതയുണ്ടാകും.
എന്തുകൊണ്ട് ഈ മാറ്റം?
2023-ൽ ഒന്റാറിയോ സുപ്പീരിയർ കോർട്ട് ഓഫ് ജസ്റ്റിസ് നൽകിയ ഒരു വിധിയെത്തുടർന്നാണ് ഈ മാറ്റം. പഴയ നിയമം വിവേചനപരമാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് വിദേശത്ത് ജനിച്ച കാനഡക്കാരുടെ മക്കൾക്കും പൗരത്വം നൽകാൻ സർക്കാർ തീരുമാനിച്ചത്.കാനഡ പൗരത്വമുള്ള മാതാപിതാക്കളുടെ വിദേശത്ത് ജനിച്ച മക്കൾക്കും, പഴയ തലമുറയിൽ കാനഡയുമായി ബന്ധമുള്ളവർക്കും, കാനഡ പൗരത്വം ആഗ്രഹിക്കുന്ന പ്രവാസികൾക്കും ഇത് ഗുണമാകും. മലയാളികളിൽ പലർക്കും കാനഡ പൗരത്വം ഉണ്ടെങ്കിലും, കേരളത്തിൽ ജനിച്ച മക്കൾക്ക് പൗരത്വത്തിന് പ്രശ്നമുണ്ടായിരുന്നു. ആ ഒരു കാര്യത്തിനും ഇതോടെ പരിഹാരമാകും. പാരമ്പര്യം വഴി പൗരത്വം നേടാനുള്ള വാതിലുകൾ കാനഡ കൂടുതൽ വിശാലമാക്കിയിരിക്കുകയാണ്.
Canada just made it easier to get citizenship through ancestry