ബാങ്കുകളേക്കാള്‍ മെച്ചം പോസ്റ്റ് ഓഫിസ്; സേവിങ്‌സ് അക്കൗണ്ടിന് 4% പലിശ

മുന്‍നിര ബാങ്കുകളെ അപേക്ഷിച്ച് പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടിന് ഇപ്പോള്‍ മികച്ച പലിശ ലഭിക്കുന്നുണ്ട്.

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളിലും (ഏപ്രില്‍-ജൂണ്‍) നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടിലെ പണത്തിന് നാല് ശതമാനം പലിശ തന്നെ ലഭിക്കും. പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്നാണ് കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രാലയം തീരുമാനിച്ചത്. ഇതിനു മുന്‍പത്തെ പാദത്തിലും (ജനുവരി-മാര്‍ച്ച്) പലിശ നിരക്ക് നാല് ശതമാനം തന്നെയായിരുന്നു.

മുന്‍നിര ബാങ്കുകളെ അപേക്ഷിച്ച് പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടിന് ഇപ്പോള്‍ മികച്ച പലിശ ലഭിക്കുന്നുണ്ട്. ബാങ്കുകളില്‍ 2.5 ശതമാനം പലിശ മാത്രമാണ് സേവിങ്‌സ് അക്കൗണ്ടിന് നല്‍കുന്നത്. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ പല ബാങ്കുകളും പലിശ കുറച്ചെങ്കിലും, പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കണ്ടില്‍ ഇത് മാറ്റമില്ലാതെ തുടരുന്നു എന്നത് ശ്രദ്ധേയമാണ്.

2011 മുതല്‍ ഇന്നുവരെ പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ടിലെ പലിശ 4 ശതമാനമായിതന്നെ തുടരുന്നു എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. ഈ പലിശ നിരക്ക് വീണ്ടും പരിശോധിക്കുക ജൂണ്‍ 30നായിരിക്കും.

മുതിര്‍ന്നവര്‍ക്ക് ഒറ്റയ്‌ക്കോ അല്ലെങ്കില്‍ രണ്ടുപേര്‍ ചേര്‍ന്ന് ജോയിന്റ് അക്കൗണ്ടായോ പോസ്റ്റ് ഓഫിസ് സേവിങ്‌സ് അക്കൗണ്ട് തുടങ്ങാം. കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാം. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വേണ്ടി അവരുടെ കാര്യങ്ങള്‍ നോക്കുന്നവരാണ് അക്കൗണ്ട് തുടങ്ങേണ്ടത്. പത്ത് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്വന്തം പേരില്‍ തന്നെ അക്കൗണ്ട് തുടങ്ങാം. ഒരാള്‍ക്ക് ഒരു പോസ്റ്റ് ഓഫിസില്‍ ഒരു സേവിങ്‌സ് അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ അനുവാദമുള്ളൂ.

content highlights Post Office Savings Account interest rate from April 1

To advertise here,contact us