മൂന്നാം ദിവസം പിന്നിടുന്ന പശ്ചിമേഷ്യൻ യുദ്ധം വിപണിയുടേയും നടുവൊടിച്ചു. തുടക്ക ഘട്ട വ്യാപാരത്തിൽ നിഫ്റ്റി 50 സൂചിക 300 പോയിന്റിലധികം ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 1,187 പോയിന്റ് ഇടിഞ്ഞ് 80,100.2 ലും എത്തി. ബാങ്ക് നിഫ്റ്റി 400 പോയിന്റോളം ഇടിവോടെയാണ് വ്യാപാരം നടത്തുന്നത്.
ഭൗമരാഷ്ട്രീയ അനിശ്ചിതത്വത്തെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിലുണ്ടായ വൻ കുതിച്ചുചാട്ടത്തിന് പിന്നാലെ ബ്രെന്റ് ക്രൂഡ് നിലവിൽ ബാരലിന് 77 ഡോളർ നിരക്കിലാണ് വ്യാപാരം നടത്തുന്നത്. യുദ്ധവും അനിശ്ചിതാവസ്ഥയും തുടരുന്ന പശ്ചാത്തലത്തിൽ എണ്ണ വിലയിൽ തുടർന്നും വലിയ വർധനവുണ്ടായേക്കുമെന്നാണ് അനുമാനങ്ങൾ.
പ്രധാനപ്പെട്ട സൂചികകളിലെല്ലാം വിൽപ്പനാ സമ്മർദ്ദം ശക്തമാണ്. ഭൂരിഭാഗം സൂചികകളും ഒരു ശതമാനത്തിൽ കൂടുതൽ ഇടിവിലാണ്.നിഫ്റ്റി 200 സിമ്പിൾ മൂവിങ് ആവറേജിന് താഴെയായി 25,300 ന് സമീപം എത്തിയത് ആശങ്കാ ജനകമാണ്. ഇത് വിപണിയുടെ ദുർബലതയെ സൂചിപ്പിക്കുന്നു എന്നാണ് കൊട്ടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസർച്ച് മേധാവി ശ്രീകാന്ത് ചൗഹാൻ പറയുന്നത്.
നിഫ്റ്റി 50 യെ സംബന്ധിച്ചിടത്തോളം മുന്നോട്ട് നിർണായകമായ ലെവൽ 25,000 ആണ്. ഈ ലെവലിന് താഴേക്കുള്ള ഇടിവ് വീണ്ടും സമ്മർദ്ദം വർധിപ്പിക്കും എന്നും അദ്ദേഹം പറഞ്ഞു. സൂചികയുടെ പ്രധാന സപ്പോർട്ട് ലെവൽ 24,500-24,350 നിലവാരമാണ്.
അതേസമയം 25,400 ലെവലിന് മുകളിലേക്കുള്ള നിഫ്റ്റിയുടെ മുന്നേറ്റം 25,600 എന്ന നിലയിലേക്ക് എത്തിക്കാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ പറയുന്നു. ബാങ്ക് നിഫ്റ്റിക്ക് 60,200-60,300 മേഖലയിൽ സപ്പോർട്ട് പ്രതീക്ഷിക്കുമ്പോൾ,60,800-60,900 ൽ ആണ് റെസിസ്റ്റൻസ് മേഖലയായി നിലനിൽക്കുന്നത്.
Content Highlights : Sensex plunges nearly 1,200 pts, Nifty below 24,900 at open as oil surges, US-Iran tensions roil markets