സമ്പാദ്യവും സ്വർണ്ണാഭരണങ്ങളും വിലപ്പെട്ട രേഖകളും ഏറ്റവും സുരക്ഷിതമായിരിക്കുമെന്ന് കരുതിയാണ് നമ്മൾ ബാങ്ക് ലോക്കറുകളെ ആശ്രയിക്കുന്നത്. എന്നാൽ അടുത്ത കാലത്തായി വിവിധ ബാങ്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട മോഷണങ്ങൾ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ, ലോക്കർ സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത മാറ്റങ്ങളുമായി വന്നിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി.
നിങ്ങളുടെ ലോക്കർ തുറക്കുന്നതിന് മുമ്പ് ഇനി 'വിരലടയാളം' പതിപ്പിക്കുന്നത് മുതൽ ബാങ്ക് ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടം വരെ നീളുന്ന കർശനമായ പരിഷ്കാരങ്ങളാണ് ബാങ്ക് നടപ്പിലാക്കുന്നത്.
ബയോമെട്രിക് ഒതന്റ്റിക്കേഷൻ
ബാങ്ക് ലോക്കർ ഉപയോഗിക്കുന്നവർക്ക് ഇനി മുതൽ കൂടുതൽ സുരക്ഷാ കടമ്പകൾ കടക്കേണ്ടി വരും. ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഒതന്റിക്കേഷൻ സംവിധാനമാണ് ബാങ്ക് നിർബന്ധമാക്കിയിരിക്കുന്നത്. ലോക്കർ റൂമിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഉപഭോക്താവിന്റെ വിരലടയാളമോ ഐറിസ് സ്കാനിംഗോ ആധാറുമായി ഒത്തുനോക്കി ഉറപ്പുവരുത്തും. ഇത് അനധികൃതമായി ആളുകൾ ലോക്കർ തുറക്കാൻ ശ്രമിക്കുന്നത് പൂർണ്ണമായും തടയാൻ സഹായിക്കും.
ബാങ്ക് പ്രതിനിധിയുടെ സാന്നിധ്യം
ഇനി മുതൽ ലോക്കർ റൂമിന് പുറത്ത് ബാങ്കിന്റെ ഒരു ഉദ്യോഗസ്ഥൻ എപ്പോഴും ഉണ്ടായിരിക്കും. ഉപഭോക്താവ് ലോക്കർ ഉപയോഗിച്ച ശേഷം അത് കൃത്യമായി പൂട്ടിയിട്ടുണ്ടോ എന്ന് ഇവർ പരിശോധിച്ച് ഉറപ്പുവരുത്തും.
ലോക്കർ വാടകയിലെ വർധനവ്
സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2026 ഏപ്രിൽ 1 മുതൽ ലോക്കർ വാടകയിലും ബാങ്ക് മാറ്റം വരുത്തിയിട്ടുണ്ട്. മെട്രോ നഗരങ്ങളിലെ ചെറിയ ലോക്കറുകൾക്ക് 5,000 രൂപയും വലിയ ലോക്കറുകൾക്ക് 15,000 രൂപയുമാണ് പുതിയ നിരക്ക് (നികുതി പുറമെ).
പുതിയ കരാർ
ആർബിഐയുടെ നിർദ്ദേശപ്രകാരം എല്ലാ ലോക്കർ ഉടമകളും ബാങ്കുമായി പുതിയ കരാറിൽ ഒപ്പു വെക്കണം . ഇത് ചെയ്തിട്ടില്ലാത്തവർ ഉടൻ ബാങ്കുമായി ബന്ധപ്പെടുക.
നോമിനേഷൻ
ലോക്കറിന് നോമിനിയെ വെച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിനായി ഓൺലൈൻ സംവിധാനങ്ങളും ഇപ്പോൾ ലഭ്യമാണ്. പണം ആയുധങ്ങൾ, ലഹരിവസ്തുക്കൾ എന്നിവ ലോക്കറിൽ സൂക്ഷിക്കാൻ പാടില്ല. രേഖകളും ആഭരണങ്ങളും മാത്രമേ അനുവദിക്കൂ.
നഷ്ട പരിഹാരം
ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങൾ ബാങ്കിന്റെ പിഴവ് മൂലം നഷ്ടപ്പെട്ടാൽ, വാടകയുടെ 100 മടങ്ങ് വരെ നഷ്ടപരിഹാരം നൽകാൻ ബാങ്ക് ബാധ്യസ്ഥരാണ്.ബാങ്ക് ലോക്കറിൽ നമ്മൾ സൂക്ഷിക്കുന്ന സാധനങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ബാങ്കിന് ഉത്തരവാദിത്തമില്ല എന്നൊരു ധാരണ പൊതുവെ നിലവിലുണ്ട്. എന്നാൽ ആർബിഐയുടെ പുതിയ നിയമപ്രകാരം, ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകൾക്ക് അവർ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്.
എന്താണ് '100 മടങ്ങ്' നഷ്ടപരിഹാര നിയമം?
ബാങ്കിന്റെ സുരക്ഷാ വീഴ്ച മൂലം, ഉദാഹരണത്തിന്, മോഷണം, കെട്ടിടം തകരുന്നത്, തീപിടുത്തം അല്ലെങ്കിൽ ബാങ്ക് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന തട്ടിപ്പ് ലോക്കറിലെ സാധനങ്ങൾ നഷ്ടപ്പെട്ടാൽ, ആ ലോക്കറിന്റെ വാർഷിക വാടകയുടെ 100 മടങ്ങ് തുക ബാങ്ക് നിങ്ങൾക്ക് നൽകണം.
ഒരു ഉദാഹരണം പറഞ്ഞാൽ നിങ്ങൾക്ക് ലോക്കറുള്ള ഒരു ഒരു ബാങ്ക്, അതിന്റെ ഒരു വർഷത്തെ വാടക 5,000 രൂപ ആണെന്നിരിക്കട്ടെ. ബാങ്കിൽ ഒരു മോഷണം നടക്കുകയും നിങ്ങളുടെ ലോക്കറിലെ സാധനങ്ങൾ നഷ്ടപ്പെടുകയും ചെയ്തു എന്ന് വിചാരിക്കുക .ഇവിടെ ബാങ്കിന്റെ സുരക്ഷാ വീഴ്ച തെളിയിക്കപ്പെട്ടാൽ, ബാങ്ക് നിങ്ങൾക്ക് നൽകേണ്ടി വരുന്ന നഷ്ടപരിഹാരം അഞ്ച് ലക്ഷം രൂപയാണ്.
Contnet Highlights:HDFC Bank tightens locker access rules