വീട്ടുപണികള്‍ ചെയ്യാന്‍ ആളെ കിട്ടാതെ ബുദ്ധിമുട്ടുന്ന കാലം കഴിയുകയാണ്. അര്‍ബന്‍ കമ്പനിയുടെ പുതിയ സേവനമായ 'ഇന്‍സ്റ്റാഹെല്‍പ്പ്' ഇപ്പോള്‍ വന്‍ വിജയമായി മാറിയിരിക്കുന്നു. വെറും ഒരു വര്‍ഷത്തിനുള്ളില്‍ പ്രതിദിനം 50,000 ബുക്കിംഗുകള്‍ എന്ന വലിയ നേട്ടമാണ് ഈ സേവനം സ്വന്തമാക്കിയത്.
ബുക്ക് ചെയ്താല്‍ വെറും 10 മുതല്‍ 15 മിനിറ്റിനുള്ളില്‍ സഹായത്തിനായി ആളെത്തും. സ്വിഗ്ഗിയിലും സെപ്റ്റോയിലും സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നത് പോലെ വേഗത്തില്‍ ഇനി വീട്ടുപണികള്‍ക്കും ആളെ ലഭിക്കും. വീട് വൃത്തിയാക്കല്‍ , പാത്രം കഴുകല്‍, വസ്ത്രങ്ങള്‍ അലക്കല്‍, ഭക്ഷണം പാകം ചെയ്യാന്‍ സഹായിക്കല്‍ തുടങ്ങി എല്ലാവിധ വീട്ടു ജോലികള്‍ക്കും ഇന്‍സ്റ്റാഹെല്‍പ്പ് വഴി ബുക്ക് ചെയ്യാം.
നിരക്കുകള്‍ പലവിധം
ഇന്‍സ്റ്റാഹെല്‍പ്പ് പ്രധാനമായും സമയത്തിനനുസരിച്ചാണ് ചാര്‍ജ് ഈടാക്കുന്നത്. സാധാരണയായി 99 മുതല്‍ 149 രൂപ വരെയുള്ള നിരക്കില്‍ ചാര്‍ജ് ആരംഭിക്കും. ഇത് നഗരത്തിനനുസരിച്ച് മാറ്റം വരും. ഓരോ 30 മിനിറ്റിനും അല്ലെങ്കില്‍ ഒരു മണിക്കൂറിനും നിശ്ചിത തുക നല്‍കണം. ഉദാഹരണത്തിന് 45 മിനിറ്റ് പാത്രം കഴുകുന്നതിനോ അല്ലെങ്കില്‍ വീട് വൃത്തിയാക്കുന്നതിനോ ഏകദേശം 200 - 300 രൂപ കൊടുക്കേണ്ടി വരും.
ഓരോ നഗരത്തിലെയും ഡിമാന്‍ഡ് അനുസരിച്ച് ഇതില്‍ മാറ്റം വരാം. എന്നാല്‍ പെട്ടെന്ന് വിരുന്നുകാര് വരികയാണെങ്കില്‍ വീട് ഒന്ന് അടിച്ചുവാരുന്നതിനോ തുടയ്ക്കുന്നതിനോ ഇവരുടെ സേവനം ഉപയോഗിക്കാം. ഒരു ദിവസം വീട്ടുജോലിക്കാരി വന്നില്ലെങ്കിലും ഇന്‍സ്റ്റ ഹെല്പ്പിന്റെ സഹായം എടുക്കാം. പാത്രം കഴുകാനും, അടിച്ചു വരാനും, വസ്ത്രങ്ങള്‍ അലക്കാനും മടക്കി വെക്കാനും പച്ചക്കറികള്‍ അരിഞ്ഞു നല്‍കാനും ചപ്പാത്തി പരത്താനും ഇവര്‍ സഹായിക്കും.
എങ്ങിനെ ബുക്ക് ചെയ്യാം?
അര്‍ബന്‍ കമ്പനി ആപ്പ് തുറക്കുക.
അതില്‍ 'InstaHelp' എന്ന ഓപ്ഷന് തിരഞ്ഞെടുക്കുക.
വേണ്ട സേവനവും സമയവും നല്‍കുക.
ബുക്ക് ചെയ്ത് 10-15 മിനിറ്റിനുള്ളില്‍ സഹായി നിങ്ങളുടെ വീട്ടിലെത്തും.
സാധാരണ രീതിയില്‍ മറ്റു അര്‍ബന്‍ കമ്പനി സേവങ്ങള്‍ക്ക് ബുക്ക് ചെയ്യുമ്പോള്‍ അവര്‍ തന്നെ ക്ലീനിങ് വസ്തുക്കള്‍ കൊണ്ടുവരുമെങ്കില്‍ ഇന്‍സ്റ്റ ഹെല്പില് അങ്ങിനെയല്ല. ക്ലീനിംഗ് ലോഷനുകള്‍, സോപ്പ് പൊടി തുടങ്ങിയ സാധനങ്ങള്‍ വീട്ടുടമസ്ഥര്‍ നല്‍കണം. അര്‍ബന്‍ കമ്പനി പ്രൊഫഷണലുകള്‍ സേവനം മാത്രമേ നല്‍കുകയുള്ളൂ. ആപ്പ് വഴി നല്കുന്ന തുകയ്ക്ക് പുറമെ വേണമെങ്കില്‍ ജീവനക്കാര്‍ക്ക് ടിപ്പ് നല്‍കാം, പക്ഷേ അത് നിര്‍ബന്ധമില്ല. സാധാരണയായി രാവിലെ 7 മണി മുതല്‍ രാത്രി 9 മണി വരെയാണ് ഇന്‍സ്റ്റാഹെല്‍പ്പ് ലഭ്യമാകുക.
ചുരുക്കത്തില്‍ ചെറിയ ജോലികള്‍ക്ക് വലിയ തുക നല്കി ആളെ വിളിക്കുന്നതിന് പകരം, മിനിറ്റുകള്‍ക്കുള്ളില്‍ മിതമായ നിരക്കില്‍ സഹായം ലഭിക്കണമെങ്കില്‍ ഇന്സ്റ്റാഹെല്പ്പിലൂടെ ബുക്ക് ചെയ്യാം.
Content Highlights: Urban Company’s new service, “InstaHelp,” will provide on-demand domestic workers