യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ: ഇന്ത്യയിലേക്കുള്ള ബൾക്ക് സ്കോച്ച് വിസ്കി ഇറക്കുമതിയിൽ 1000% വർദ്ധനവ്

ബൾക്ക് ഇറക്കുമതി ചെയ്ത ശേഷം ഇന്ത്യയിൽ വെച്ച് തന്നെ ഇവ ബോട്ടിലിംഗ് നടത്തി വിപണിയിലെത്തിക്കുന്നതിനാണ് കമ്പനികൾ ഇപ്പോൾ മുൻഗണന നൽകുന്നത്

യുകെയും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നതോടെ, ഇന്ത്യയിലേക്കുള്ള ബൾക്ക് സ്കോച്ച് വിസ്കി ഇറക്കുമതിയിൽ റെക്കോർഡ് വർദ്ധനവ്. 2026 ഓഗസ്റ്റിൽ യുകെയിൽ നിന്നുള്ള ബൾക്ക് സ്കോച്ച് വിസ്കിയുടെ ഇറക്കുമതി മൂല്യം മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 1,000 ശതമാനം വർദ്ധിച്ച് 12.39 ദശലക്ഷം ഡോളറിലെത്തി. വ്യാപാര കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വന്ന ആദ്യ മാസത്തിലാണ് ഈ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്.

കഴിഞ്ഞ ജൂലൈ 15 മുതലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര നിബന്ധനകൾ നിലവിൽ വന്നത്. ഇതേതുടർന്ന് സ്കോച്ച് വിസ്കിയുടെ ഇറക്കുമതി തീരുവ 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി പകുതിയോളം കുറച്ചിരുന്നു. ഈ നികുതി ഇളവാണ് വൻതോതിൽ (ബൾക്ക്) വിസ്കി ഇന്ത്യയിലേക്ക് എത്തിക്കാൻ ആഗോള മദ്യക്കമ്പനികളെ പ്രേരിപ്പിച്ചത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ ഈ ഇറക്കുമതി തീരുവ 40 ശതമാനമായി വീണ്ടും കുറയ്ക്കാനാണ് കരാറിലെ തീരുമാനം.

രണ്ട് ലിറ്ററിൽ കൂടുതൽ കൊള്ളുന്ന വലിയ കണ്ടെയ്നറുകളിലാണ് ബൾക്ക് മദ്യം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഓഗസ്റ്റിലെ കണക്കനുസരിച്ച് ഇത്തരം വലിയ കണ്ടെയ്നറുകളുടെ ഇറക്കുമതി 679 ശതമാനം വർദ്ധിച്ച് 25 ലക്ഷമായി ഉയർന്നു. എന്നാൽ ഇതിന് വിപരീതമായി, രണ്ട് ലിറ്ററോ അതിൽ താഴെയോ ഉള്ള ചെറിയ കുപ്പികളിലെ സ്കോച്ച് വിസ്കി ഇറക്കുമതിയിൽ 30 ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. ബൾക്ക് ഇറക്കുമതി ചെയ്ത ശേഷം ഇന്ത്യയിൽ വെച്ച് തന്നെ ഇവ ബോട്ടിലിംഗ് നടത്തി വിപണിയിലെത്തിക്കുന്നതിനാണ് കമ്പനികൾ ഇപ്പോൾ മുൻഗണന നൽകുന്നത്.

അതേസമയം, വൻതോതിലുള്ള ഈ ഇറക്കുമതി നിലവിൽ പുതിയൊരു നികുതി തർക്കത്തിന് വഴിതുറന്നിട്ടുണ്ട്. ഇന്ത്യയിൽ കൊണ്ടുവന്ന് മറ്റ് ചേരുവകൾ ചേർത്ത് കുപ്പികളിലാക്കുന്ന ബൾക്ക് സ്കോച്ച് വിസ്കിക്ക് പുതിയ കരാർ പ്രകാരമുള്ള നികുതി ഇളവ് നൽകാൻ സാധിക്കുമോ എന്ന കാര്യത്തിൽ എച്ച്.എസ്.എൻ വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എന്നാൽ ആഭ്യന്തര-അന്തർദ്ദേശീയ മദ്യനിർമ്മാതാക്കളുടെ ആശങ്കകൾ പരിഹരിക്കുമെന്നും, ധനമന്ത്രാലയവുമായി ചേർന്ന് ഇതിന് ഉടൻ പരിഹാരം കാണുമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Content Highlights: India's bulk Scotch whisky imports from the UK surged by nearly 1,000% in August 2026. Import value reached $12.39 million following the implementation of the India-UK Free Trade Agreement.

To advertise here,contact us