'ചെറ്യേ' കയറ്റം; എന്നാൽ താരതമ്യേന ആശ്വാസം; സ്വർണവില ഒരു ലക്ഷത്തിനടുത്ത് തുടരുന്നു

മുൻ മാസങ്ങളിലെ വിലയേക്കാൾ ഏറെ താഴെയാണ് സ്വർണവില എത്തിനിൽക്കുന്നത്

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധനവ്. ഗ്രാമിന് വെറും 25 രൂപ മാത്രമാണ് ഇന്ന് കൂടിയത്. 12800 രൂപയാണ് വിപണിവില. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 102400 രൂപയിലേക്ക് ഉയർന്നു.

അതേസമയം, മുൻ മാസങ്ങളിലെ വിലയേക്കാൾ ഏറെ താഴെയാണ് സ്വർണവില എത്തിനിൽക്കുന്നത്. യുഎസ് ഡോളർ ശക്തിപ്പെടുന്നതും അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറയ്ക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്ന പ്രതീക്ഷയും സ്വർണവിലയ്ക്ക് സമ്മർദമാകുകയാണ്. ഇതോടൊപ്പം, മുൻ ദിവസങ്ങളിലെ വിലവർധനയ്ക്ക് പിന്നാലെ നിക്ഷേപകർ ലാഭമെടുപ്പിനായി സ്വർണം വിറ്റഴിക്കുന്നതും വില താഴാൻ കാരണമാകുന്നു. സ്വർണത്തിൽനിന്ന് മറ്റ് നിക്ഷേപങ്ങളിലേക്ക് പണം മാറുന്നതും രാജ്യാന്തര വിപണിയിലെ വിലയിടിവിന് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിൽ വമ്പൻ വിലയിടിവ് ഉണ്ടായത്.

സ്വർണത്തിൽനിന്ന് നിക്ഷേപകർ പിന്മാറി യുഎസ് ട്രഷറി ബോണ്ടുകൾ ഉൾപ്പെടെയുള്ള നിക്ഷേപങ്ങളിലേക്ക് പണം മാറ്റുന്നത് സ്വർണവിലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ക്രൂഡോയിൽ വില ഉയരുന്നതും സ്വർണവിലയെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകമാണ്. നിലവിലെ സാഹചര്യം തുടർന്നാൽ രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,700 ഡോളറിലേക്ക് താഴ്ന്നേക്കാമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

അങ്ങനെ സംഭവിച്ചാൽ കേരളത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപയ്ക്ക് താഴെയെത്താനും സാധ്യതയുണ്ട്. അതേസമയം, ചൈനയുടെ പീപ്പിൾസ് ബാങ്ക് ഉൾപ്പെടെയുള്ള പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം തുടർന്നും വാങ്ങിക്കൂട്ടുന്നത് വിലയിൽ വൻ തകർച്ചയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്ന ഘടകമായും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: Gold prices in Kerala recorded a slight increase today. The price of gold rose by ₹25 per gram and ₹200 per sovereign. The current market price stands at ₹12,800 per gram and ₹1,02,400 per sovereign.

To advertise here,contact us