കൂടി, പക്ഷെ പേടിക്കേണ്ട; സ്വർണവില ഇപ്പോഴും ഒന്ന് വാങ്ങിനോക്കാവുന്ന നിലയിൽത്തന്നെ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. 1,08,280 രൂപയാണ് വിപണിവില. ഒരു ഗ്രാം സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 13,535 രൂപയാണ് വിപണിവില. സ്വർണനിരക്കിൽ നേരിയ വർധനവാണ് ഉണ്ടായിരിക്കുന്നത് എങ്കിലും 1,10,000 ത്തിന് താഴെ നിൽക്കുന്നത് ഒരു ആശ്വാസമാണ്.

അതേസമയം, ആഗോളതലത്തിൽ സ്വർണവില അടുത്ത രണ്ട് വർഷത്തിനുള്ളിൽ സർവകാല റെക്കോർഡുകൾ ഭേദിച്ച് കുതിച്ചുയരാൻ സാധ്യതയെന്നാണ് പ്രമുഖ നിക്ഷേപകരുടെയും ധനകാര്യ വിദഗ്ധരുടെയും വിലയിരുത്തൽ. വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും, സർക്കാർ കടബാധ്യതകളിലെ വർധന, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, യുഎസ് ഡോളറിൻ്റെ ആധിപത്യത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവയും സ്വർണത്തിന് വലിയ തോതിൽ ഡിമാൻഡ് വർധിപ്പിക്കുന്നുണ്ടെന്നും 'ഫിനാൻഷ്യൽ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ഫെഡറൽ റിസർവ് വീണ്ടും പലിശനിരക്ക് ഉയർത്തിയേക്കുമെന്ന പ്രതീതിയെത്തുടർന്ന് ബുധനാഴ്ച സ്വർണവിലയിൽ രണ്ട് ശതമാനം ഇടിവ് രേഖപ്പെടുത്തികൊണ്ട് ട്രോയ് ഔൺസിന് 4,075 ഡോളറിലെത്തിയിരുന്നു. ഈ വർഷം ജനുവരിയിൽ ട്രോയ് ഔൺസിന് 5,500 ഡോളർ എന്ന റെക്കോർഡ് നിലവാരം തൊട്ടതിന് ശേഷമായിരുന്നു ഈ ഇടിവ്.

എന്നാൽ, നിലവിലെ ഇടിവ് താൽക്കാലികമാണെന്നും സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വൈകാതെ ശക്തമായി തിരിച്ചുവരുമെന്നും ഫണ്ട് മാനേജർമാർ വിലയിരുത്തുന്നു.

ലോകത്തെ വിവിധ കേന്ദ്രബാങ്കുകൾ തങ്ങളുടെ കരുതൽ ശേഖരം യുഎസ് ഡോളറിൽ നിന്ന് മാറ്റി സ്വർണത്തിലേക്ക് വൈവിധ്യവത്കരിക്കുന്നത് വിലവർധനയ്ക്ക് പ്രധാന കാരണമാകുന്നുണ്ട്. വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ മാത്രം കേന്ദ്രബാങ്കുകൾ 63 ടൺ സ്വർണമാണ് വാങ്ങിയത്. 2024 നവംബറിനു ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ശേഖരണമാണിത്. ചൈനീസ് സെൻട്രൽ ബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ കൈവശമുള്ള സ്വർണശേഖരം 2,410 ടണ്ണായി ഉയർന്നു. ഇത് ആകെ കരുതൽ ശേഖരത്തിൻ്റെ 9 ശതമാനത്തോളമാണ്.

വിലവർധനവിന് പിന്നിലെ പ്രധാന ഘടകങ്ങൾ

  • വർധിക്കുന്ന സർക്കാർ കടബാധ്യതകൾ;യു.എസ് കടബാധ്യത വർധിക്കുന്നത് കറൻസികളുടെ മൂല്യത്തിൽ ഇടിവുണ്ടാക്കുമെന്നും, പണപ്പെരുപ്പത്തിനെതിരെയുള്ള ഏറ്റവും സുരക്ഷിതമായ പ്രതിരോധമാണ് സ്വർണമെന്നും ട്രോയ് അസറ്റ് മാനേജ്‌മെൻ്റിലെ ഫണ്ട് മാനേജർ ഷാർലറ്റ് യോങ് ചൂണ്ടിക്കാട്ടി. വരുന്ന 12 മുതൽ 18 മാസത്തിനകം സ്വർണം പുതിയ ഉയരങ്ങൾ തൊടുമെന്നാണ് ഇവരുടെ പ്രവചനം.
  • ഡോളറിന്റെ ആധിപത്യത്തിൽ മാറ്റങ്ങൾ; യു.എസ് ഡോളറിനെ ഒരു ഭൗമരാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നത് കാരണം പല രാജ്യങ്ങളും മറ്റ് ബദലുകൾ തേടുകയാണെന്നും ഇത് സ്വർണത്തിന് നേട്ടമാകുമെന്നും അയോൺ ഇൻവെസ്റ്റ്‌മെൻ്റ്‌സ് പ്രതിനിധി പോൾ കാർനെ പറഞ്ഞു.
  • സാമ്പത്തിക മാന്ദ്യ ഭീതി: ആഗോള വിപണിയിൽ വരാനിരിക്കുന്ന വലിയ സാമ്പത്തിക പ്രതിസന്ധികളെ മുൻകൂട്ടി കണ്ട് വൻകിട നിക്ഷേപകരും ഫാമിലി ഓഫീസുകളും സർക്കാർ ബോണ്ടുകളിൽ നിന്നുള്ള നിക്ഷേപം പിൻവലിച്ച് സ്വർണത്തിലേക്ക് മാറ്റുന്നതായി അലൈഡ് ഗോൾഡ് സിഇഒ പീറ്റർ മറോൺ വ്യക്തമാക്കി

നിലവിലെ വിപണി സാഹചര്യത്തിൽ ട്രോയ് ഔൺസിന് 4,000 ഡോളർ എന്നത് ഒരു താഴ്ന്ന പരിധി ആയിരിക്കാമെന്നും, അവിടെനിന്ന് വില അടുത്ത ഘട്ട കുതിപ്പിലേക്ക് കടക്കാനാണ് സാധ്യതയെന്നും എൻഡവർ മൈനിംഗ് സിഇഒ ഇയാൻ കോക്കറിലും അഭിപ്രായപ്പെടുന്നു . ഹ്രസ്വകാല വിപണി വ്യതിയാനങ്ങൾക്കിടയിലും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണം കൂടുതൽ തിളങ്ങുമെന്ന ഉറച്ച പ്രതീക്ഷയിലാണ് വിപണി വിദഗ്ധർ.

Content Highlights: Gold prices in Kerala recorded a slight increase today. The price of one pavan of gold rose by ₹160 to reach ₹1,08,280.

To advertise here,contact us