ശമ്പളം കൂടുമോ? എട്ടാം ശമ്പള കമ്മിഷൻ നടപ്പാക്കുന്നത് എപ്പോൾ? കേന്ദ്ര ജീവനക്കാർ കാത്തിരിക്കുന്നത് ഈ തീയതിക്കായി

ഒക്ടോബർ 22, 23 തീയതികളിൽ മുംബൈയിലും കമ്മീഷന്റെ നിർണായക യോഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലും പെൻഷനിലും എത്രത്തോളം വർധനയുണ്ടാകും? പുതുക്കിയ ആനുകൂല്യങ്ങൾ എപ്പോൾ ലഭിച്ചുതുടങ്ങും? എട്ടാം ശമ്പള കമ്മിഷനെ ചുറ്റിപ്പറ്റി ഉയരുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുകയാണ് ലക്ഷക്കണക്കിന് ജീവനക്കാരും പെൻഷൻകാരും. ശമ്പള പരിഷ്കരണത്തിന്റെ സമയക്രമമാണ് ഇപ്പോൾ പ്രധാനമായും ഉറ്റുനോക്കുന്നത്.

ശമ്പളത്തിലും പെൻഷനിലും എത്രത്തോളം വർധനയുണ്ടാകുമെന്നതിനൊപ്പം, പുതുക്കിയ ആനുകൂല്യങ്ങൾ ലഭിക്കാൻ എത്രകാലം കാത്തിരിക്കേണ്ടിവരുമെന്നതും ജീവനക്കാർ ഉറ്റുനോക്കുന്നു. ശമ്പളം, പെൻഷൻ, ക്ഷാമബത്ത , വീട്ടുവാടക അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളിൽ മാറ്റങ്ങൾ നിർദേശിക്കുകയാണ് കമ്മിഷന്റെ പ്രധാന ചുമതല. അടിസ്ഥാന ശമ്പളത്തിൽ എത്രത്തോളം വർധനയുണ്ടാകുമെന്നതും ഫിറ്റ്മെന്റ് ഫാക്ടർ എത്ര നിശ്ചയിക്കുമെന്നതുമാണ് ജീവനക്കാർക്കിടയിലെ പ്രധാന ചർച്ചാവിഷയങ്ങൾ.

എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ പ്രകാരമുള്ള ശമ്പള പരിഷ്കരണത്തിന്റെ സാമ്പത്തിക ആനുകൂല്യങ്ങൾ ലഭ്യമാകാൻ ജീവനക്കാരും പെൻഷൻകാരും 2027 പകുതിയോ അതിനുശേഷമോ വരെ കാത്തിരിക്കേണ്ടി വന്നേക്കും എന്നാണ് ഏറ്റവും പുതിയ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ മൂന്നംഗ സമിതി വിവിധ സംസ്ഥാനങ്ങളിലെ ജീവനക്കാരുടെ സംഘടനകളുമായി ചർച്ചകൾ നടത്തിവരികയാണ്. ഒക്ടോബർ 7, 8 തീയതികളിൽ ബെംഗളൂരുവിലും, തുടർന്ന് ഒക്ടോബർ 22, 23 തീയതികളിൽ മുംബൈയിലും കമ്മീഷന്റെ നിർണായക യോഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

കമ്മീഷൻ രൂപീകരിച്ച് 18 മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഔദ്യോഗിക നിർദ്ദേശം. ഇതുപ്രകാരം 2027 മെയ്-ജൂൺ മാസത്തോടെ എട്ടാം ശമ്പള കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചേക്കും. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞയുടൻ ശമ്പള വർദ്ധനവ് നടപ്പിലാകില്ല. സർക്കാർ ഈ ശുപാർശകൾ വിശദമായി പരിശോധിക്കുകയും, ധനകാര്യ പൊരുത്തം വിലയിരുത്തുകയും ചെയ്ത ശേഷം മാത്രമേ അന്തിമ അനുമതിയും ഔദ്യോഗിക വിജ്ഞാപനവും പുറപ്പെടുവിക്കുകയുള്ളൂ.

യഥാർത്ഥത്തിൽ ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി 2025 ഡിസംബർ 31-ഓടെ അവസാനിച്ചിരുന്നു. അതിനാൽ എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ 2026 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. ഇതനുസരിച്ച് ശമ്പള പരിഷ്കരണം വൈകിയാലും, ജീവനക്കാർക്കും പെൻഷൻകാർക്കും 2026 ജനുവരി മുതലുള്ള പരിഷ്കരിച്ച അടിസ്ഥാന ശമ്പളത്തിന്റെ കുടിശ്ശിക പണമായി ലഭിക്കാൻ നിയമപരമായ സാധ്യതയുണ്ട്.

അടിസ്ഥാന ശമ്പളം പുനർനിർണ്ണയിക്കുന്നതിനുള്ള 'ഫിറ്റ്‌മെന്റ് ഫാക്ടർ' സംബന്ധിച്ച ചർച്ചകളാണ് ഇപ്പോൾ സജീവമായി നടക്കുന്നത്. മുൻപ് ആറാം ശമ്പള കമ്മീഷനിൽ 1.86 മടങ്ങും, ഏഴാം ശമ്മള കമ്മീഷനിൽ 2.57 മടങ്ങുമായിരുന്നു ഈ മൾട്ടിപ്ലെയർ. ഇത്തവണ വിവിധ ജീവനക്കാരുടെ സംഘടനകളും തപാൽ യൂണിയനുകളും അടിസ്ഥാന ശമ്പളത്തിൽ വലിയ വർദ്ധനവ് ലക്ഷ്യമിട്ട് 3.25 മുതൽ 3.833 വരെയുള്ള ഉയർന്ന ഫിറ്റ്‌മെന്റ് ഫാക്ടറുകളാണ് ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം റിപ്പോർട്ട് പുറത്തുവരുന്നതോടെ മാത്രമേ വ്യക്തമാകൂ.

അതേസമയം, ശമ്പളം എത്രത്തോളം വർധിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഫിറ്റ്മെന്റ് ഫാക്ടർ ഉൾപ്പെടെയുള്ള പ്രധാന ഘടകങ്ങളിൽ കമ്മിഷന്റെ ശുപാർശകളും കേന്ദ്ര സർക്കാരിന്റെ അംഗീകാരവും ലഭിച്ച ശേഷമേ കൃത്യമായ വർധന കണക്കാക്കാനാകൂ. ഓൺലൈനിൽ പ്രചരിക്കുന്ന ശമ്പള വർധനാ കണക്കുകൾ ഔദ്യോഗികമായി സ്ഥിരീകരിച്ചവയാണെന്ന് കരുതരുത്.

എട്ടാം ശമ്പള കമ്മിഷന്റെ ശുപാർശകൾ നടപ്പാകുന്നതോടെ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വരുമാനത്തിൽ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമാണ്. എന്നാൽ ശമ്പള വർധനയുടെ തോതും പുതുക്കിയ ആനുകൂല്യങ്ങൾ ലഭിക്കുന്ന സമയവും സംബന്ധിച്ച വ്യക്തതയ്ക്കായി ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കണം.

Content Hhighlights: Will Salaries Increase? When Will the 8th Pay Commission Be Implemented? Central Government Employees Await the Date

To advertise here,contact us