രാജ്യത്തെ റെയിൽവേ ശൃംഖലയിലെ കുരുക്കഴിക്കാൻ 20804 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ. സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. കൂടുതൽ റെയിൽവേ ലൈനുകൾ നിർമിക്കുക എന്നതിനായിരിക്കും കേന്ദ്രസർക്കാരുടെ പ്രഥമ പരിഗണന.
ചരക്ക്, പാസഞ്ചർ തീവണ്ടിലൈനുകളിലെ കുരുക്കഴിക്കാനാണ് ശ്രമം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതികൾക്ക് അംഗീകാരം നൽകിയത്. പശ്ചിമബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, മധ്യ പ്രദേശ്, ഛത്തീസ്ഗഡ്, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ 31 ജില്ലകളിലാണ് പുതിയ റെയിൽവേ ലൈനുകൾ വരിക. 6900 ഗ്രാമങ്ങളെ റെയിൽവേയുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നുവരികയാണ്.
കൽക്കരി, സിമൻറ്, ഇരുമ്പ്, ഉരുക്ക്, കണ്ടെയ്നറുകൾ, ഓട്ടോമൊബൈലുകൾ, ഭക്ഷ്യധാന്യങ്ങൾ, പെട്രോളിയം ഉൽപ്പന്നങ്ങൾ, വളങ്ങൾ എന്നിവ കൊണ്ടുപോകുന്ന റൂട്ടുകളിൽ പുതിയ പാത നിർമിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വാജ്പേയ് സർക്കാരിന്റെ കാലത്ത് നിർമിച്ച ഗോൾഡൻ ക്വാഡിലാറ്ററൽ ലൈനിലാകും കൂടുതൽ ശ്രദ്ധ നൽകുക. പുതിയ പാത മൂലം പ്രതിവർഷം ഏകദേശം 74 ദശലക്ഷം ടൺ അധിക ചരക്കുനീക്കം കൈകാര്യം ചെയ്യാനുള്ള ശേഷി ഉണ്ടാകുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.
656 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് പദ്ധതികളുടെ ആദ്യ ഘട്ടത്തിന് ₹10,783 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഖരഗ്പൂരിനും ജാർസുഗുഡയ്ക്കും ഇടയിൽ നാലാമത്തെ ലൈൻ, കട്നിക്കും പെൻഡ്ര റോഡിനും ഇടയിൽ നാലാമത്തെ ലൈൻ, ബിലാസ്പൂരിനും പെൻഡ്ര റോഡിനും ഇടയിലുള്ള മൂന്നാമത്തെ ലൈൻ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
രണ്ടാം ഘട്ടത്തിൽ 540 കിലോമീറ്റർ വരുന്ന അഞ്ച് പദ്ധതികളാണ് ഉൾപ്പെടുന്നത്. ₹10,021 കോടി രൂപയാണ് ഇവയുടെ ചെലവ്. അരക്കോണത്തിനും റെനിഗുണ്ടയ്ക്കും ഇടയിലുള്ള മൂന്നാമത്തെയും നാലാമത്തെയും ലൈനുകൾ (77 കിലോമീറ്റർ), വൈറ്റ്ഫീൽഡിനും ബംഗാരപേട്ടിനും ഇടയിലുള്ള മൂന്നാമത്തെയും നാലാമത്തെയും ലൈനുകൾ (47 കിലോമീറ്റർ), ഹൊസൂർ-ഓമല്ലൂർ സെക്ഷൻ ഇരട്ടിപ്പിക്കൽ (147 കിലോമീറ്റർ), സേലം-കരൂർ-ദിണ്ടിഗൽ സെക്ഷൻ ഇരട്ടിപ്പിക്കൽ (159 കിലോമീറ്റർ), സെക്കന്തരാബാദ് (ഘട്കേസർ)-കാസിപേട്ട് സെക്ഷൻ മൾട്ടി-ട്രാക്കിംഗ് (110 കിലോമീറ്റർ) എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
ധാതുക്കൾ, വ്യാവസായിക പ്രാധാന്യമുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പുതിയ പാതകൾ വരുന്നത് എന്നതിനാൽ പ്രാധാന്യം ഏറെയാണ്. കൽക്കരി, സിമൻറ്, ഇരുമ്പ് എന്നിവയുടെ ചരക്കുനീക്കത്തിന് പുതിയ പാത പ്രയോജനമാകും. തെക്കേ ഇന്ത്യയിലെ പദ്ധതികൾ വ്യാവസായിക വസ്തുക്കൾ, വാഹനങ്ങൾ, കണ്ടെയ്നറുകൾ, കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയുടെ ചരക്കുനീക്കത്തിനും ഉപകാരപ്പെടും.
Content Highlights: The central government has approved railway projects worth ₹20,804 crore to ease congestion in the country’s railway network. The Cabinet Committee on Economic Affairs approved the projects, with the construction of additional railway lines set to be a key priority.