എംഎ യൂസഫലിയെ മുഖ്യമന്ത്രി നേരിട്ടെത്തി ക്ഷണിച്ചു: മധ്യപ്രദേശില്‍ ലുലു ഗ്രൂപ്പ് 2,000 കോടി നിക്ഷേപിക്കും

മധ്യപ്രദേശിൽ നിന്നുള്ള കർഷകരിൽ നിന്ന് സവാള, ഗോതമ്പ്, പച്ചക്കറികൾ എന്നിവ നേരിട്ട് സംഭരിക്കും

ദുബായ്: ഭക്ഷ്യസംസ്കരണം, റീട്ടെയിൽ രംഗങ്ങളിൽ വൻ മുന്നേറ്റം ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പ് മധ്യപ്രദേശിൽ 2,000 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു. ദുബായിൽ നടക്കുന്ന വാർഷിക നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവും ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. ഭോപ്പാൽ, ഇൻഡോർ, ഉജ്ജയിൻ തുടങ്ങിയ നഗരങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റുകൾ, ഷോപ്പിങ് മാളുകൾ, അത്യാധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിക്ക് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു.

മധ്യപ്രദേശിൽ നിന്നുള്ള കർഷകരിൽ നിന്ന് സവാള, ഗോതമ്പ്, പച്ചക്കറികൾ എന്നിവ നേരിട്ട് സംഭരിക്കാനും അവയുടെ അന്താരാഷ്ട്ര കയറ്റുമതിയും വെയർഹൗസിങ് ശൃംഖലയും ശക്തിപ്പെടുത്താനും കൂടിക്കാഴ്ചയിൽ ധാരണയായി. ഇതിന്റെ തുടർചർച്ചകൾക്കായി ലുലു ഗ്രൂപ്പ് സി.ഒ.ഒ എ.വി. ആനന്ദ് റാമിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഉടൻ തന്നെ മധ്യപ്രദേശ് സന്ദർശിക്കും. അടുത്ത വർഷം ജനുവരിയിൽ ഭോപ്പാലിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിലേക്ക് യൂസഫലിയെ മുഖ്യമന്ത്രി ക്ഷണിച്ചു. മധ്യപ്രദേശ് ഭക്ഷ്യസംസ്കരണ സെക്രട്ടറി ജോൺ കിങ്സ്​ലി, ഇന്ത്യൻ കോൺസുൽ ജനറൽ വിഷ്ണുവർധൻ റെഡ്ഡി, ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരായ സൈഫി രൂപാവാല, അഷ്റഫ് അലി, വി.ഇ. സലീം, എം.എ. സലീം എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

സന്ദർശനത്തിന്റെ ഭാഗമായി യുഎഇ ഭരണകൂടവുമായും മുഖ്യമന്ത്രി നിർണായക ചർച്ചകൾ നടത്തി. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ചേർന്ന് സംയുക്ത നിക്ഷേപ സംവിധാനം രൂപീകരിക്കാനും 'എംപി-യുഎഇ ഇൻവെസ്റ്റ്‌മെന്റ് റൗണ്ട് ടേബിൾ' സംഘടിപ്പിക്കാനും തീരുമാനമായി. ഇതിനുപുറമേ, യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി, റാസൽഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി, റഷ്യയിലെ തതാർസ്ഥാൻ പ്രസിഡന്റ് റുസ്തം മിന്നികാനോവ് എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെ ഏതു ഭാഗത്തേക്കും അതിവേഗം ഉൽപ്പന്നങ്ങൾ എത്തിക്കാൻ കഴിയുന്ന മികച്ച ഗതാഗത-ലോജിസ്റ്റിക്സ് സൗകര്യങ്ങളുള്ള മധ്യപ്രദേശ് ആഗോള നിക്ഷേപകർക്ക് സുരക്ഷിതമായ കേന്ദ്രമാണെന്ന് നിക്ഷേപക സംഗമത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

Content Highlights: Lulu Group Chairman MA Yusuffali was personally invited by the Madhya Pradesh Chief Minister, following which the group announced plans to invest Rs 2,000 crore in the state. The investment is expected to strengthen Lulu Group’s presence in Madhya Pradesh and contribute to the state’s retail and business sectors.

To advertise here,contact us