കൊച്ചി: യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷിന്റെ ജാക്സൺ ഹോൾ പ്രസംഗത്തിന് പിന്നാലെ ആഗോള വിപണിയിലുണ്ടായ കനത്ത ഇടിവ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിച്ചു. സംസ്ഥാനത്ത് ഇന്ന് പവന് ഒറ്റയടിക്ക് 2,120 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ (8 ഗ്രാം) 22 കാരറ്റ് സ്വർണത്തിന്റെ വില 1,16,040 രൂപയിലേക്ക് എത്തി. ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപയിലാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്. സമീപ ദിവസങ്ങളിൽ കുതിച്ചുയർന്ന സ്വർണവിലയാണ് ഇന്ന് വലിയ രീതിയില് കുറഞ്ഞത്.
അമേരിക്കയിൽ പണപ്പെരുപ്പം പ്രതീക്ഷിച്ച തോതിൽ കുറയുന്നില്ലെന്നും അത് നിയന്ത്രിക്കാൻ ഫെഡ് ഇനിയും കർശന നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നുമുള്ള കെവിൻ വാർഷിന്റെ പ്രസ്താവനയാണ് വിപണിയെ പിടിച്ചുലച്ചത്. പണപ്പെരുപ്പം 2 ശതമാനത്തിലേക്ക് എത്തിക്കാൻ പലിശനിരക്ക് വർധന അനിവാര്യമായി വന്നേക്കാം എന്ന സൂചനയാണ് അദ്ദേഹം നൽകിയത്. ഇതോടെ സെപ്റ്റംബറിലെ യോഗത്തിൽ യുഎസ് പലിശനിരക്ക് വർധിപ്പിക്കാനുള്ള സാധ്യത 36 ശതമാനത്തിൽ നിന്ന് 58 ശതമാനമായും ഡിസംബറിലെ സാധ്യത 89 ശതമാനമായും ഉയർന്നതായി സി.എം.ഇ ഫെഡ്വാച്ച് ടൂൾ വ്യക്തമാക്കുന്നു.
പലിശനിരക്ക് ഉയരുമെന്ന ഭീതി ശക്തമായതോടെ രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ 3 ശതമാനത്തോളം ഇടിവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 2.9 ശതമാനം കുറഞ്ഞ് 4,567.23 ഡോളറിലെത്തി. യുഎസ് ഗോൾഡ് ഫ്യൂച്ചേഴ്സ് 4,529.9 ഡോളറിലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ചൊവ്വാഴ്ച രേഖപ്പെടുത്തിയ 4,696.18 ഡോളർ എന്ന റെക്കോർഡ് നിലവാരത്തിൽ നിന്നാണ് സ്വർണം താഴേക്ക് പതിച്ചത്. ഉയർന്ന പലിശനിരക്ക് നിലനിൽക്കുമ്പോൾ വരുമാനം നൽകാത്ത നിക്ഷേപമായ സ്വർണത്തിൽ നിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിന്മാറുന്നതും ഡോളർ കരുത്താർജ്ജിച്ചതുമാണ് വിലയിടിവിന് ആക്കം കൂട്ടിയത്.
ആഗോള വിപണിയിലെ ഈ സമ്മർദത്തിനൊപ്പം ഇന്ത്യൻ വിപണിയിലും ഡിമാൻഡിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ അടുത്തിടെ വർധിപ്പിച്ച ഇറക്കുമതി തീരുവ പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാൽ വ്യാപാരികളും ഉപഭോക്താക്കളും വലിയ തോതിലുള്ള വാങ്ങലുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. ആഗോള-ആഭ്യന്തര വിപണിയിലെ ഈ മാറ്റങ്ങളാണ് കേരളത്തിലും സ്വർണവിലയിൽ വലിയ തോതിലുള്ള വിലക്കുറവിന് വഴിയൊരുക്കിയത്. ഇതിനൊപ്പം വെള്ളി വില ഔൺസിന് 3.5 ശതമാനം ഇടിഞ്ഞ് 66.81 ഡോളറിലെത്തി.
Content Highlights: Gold prices witnessed a sharp correction of around 3%, with Kerala's gold price falling by ₹2,120 per sovereign. The decline comes after the recent rally and reflects a broader correction in the international gold market. Despite the fall, gold prices remain at elevated levels compared with earlier periods.