രാജ്യത്തെ റെയിൽ-റോഡ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി 13,041 കോടി രൂപയുടെ അഞ്ച് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. ഇതിൽ പ്രധാനമായും ഹൗറ–ചെന്നൈ റെയിൽപാതയിലെ വിവിധ ഭാഗങ്ങളിൽ മൂന്നാമത്തെയും നാലാമത്തെയും പാതകൾ നിർമിക്കുന്ന പദ്ധതികളാണ് ഉൾപ്പെടുന്നത്.
ഹൗറ–ചെന്നൈ പ്രധാന റെയിൽപാതയിലെ ഖരഗ്പുർ–ഭദ്രക്, ഭദ്രക്–ഹരിദാസ്പുർ ഭാഗങ്ങളിൽ നാലാമത്തെ പാത നിർമിക്കും. കൂടാതെ ഗുമ്മിഡിപുണ്ടി–ഗൂഡൂർ ഭാഗത്ത് മൂന്നാമത്തെയും നാലാമത്തെയും പാതകളും, കട്ടക്ക്–പരദീപ് ഭാഗത്ത് മൂന്നാമത്തെയും നാലാമത്തെയും പാതകളും നിർമിക്കുന്നതിനാണ് അനുമതി.
റെയിൽവേ പദ്ധതികൾക്കായി ആകെ 9,450 കോടി ചെലവഴിക്കും. പുതിയ പാതകൾ വരുന്നതോടെ ഈ പ്രധാന റെയിൽ ഇടനാഴിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാ, ചരക്ക് ഗതാഗത ശേഷി വർധിപ്പിക്കാനും സാധിക്കും. പദ്ധതികൾ പൂർത്തിയാകുന്നതോടെ പ്രതിവർഷം ഏകദേശം 1.3 കോടി ടൺ അധിക ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി ലഭിക്കുമെന്നാണ് വിലയിരുത്തൽ.
റെയിൽ പദ്ധതികൾക്ക് പുറമെ ബിഹാറിലെ ദേശീയപാത വികസനത്തിനായി 3,590.73 കോടി രൂപയുടെ പദ്ധതിക്കും മന്ത്രിസഭ അംഗീകാരം നൽകി. 82.6 കിലോമീറ്റർ ദൈർഘ്യമുള്ള NH-22ന്റെ ഭാഗം നാല് വരിയാക്കുന്നതാണ് പദ്ധതി. ഇത് ബിഹാറിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം നേപ്പാൾ അതിർത്തിയിലേക്കുള്ള കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തും.
റെയിൽവേ ശൃംഖലയുടെ ശേഷി വർധിപ്പിക്കുന്നതിലൂടെ യാത്രാ ട്രെയിനുകൾക്കും ചരക്ക് ട്രെയിനുകൾക്കും കൂടുതൽ കാര്യക്ഷമമായി സർവീസ് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലെ ഗതാഗത അടിസ്ഥാനസൗകര്യ വികസനത്തിന് പദ്ധതികൾ വലിയ ഉത്തേജനമാകുമെന്നും വിലയിരുത്തുന്നു.
Content Highlights: