സ്വീഡിഷ് ഹെൽത്ത്കെയർ കമ്പനിയായ മെഡികവറിന്റെ ഇന്ത്യയിലെ ഹോസ്പിറ്റൽ ബിസിനസ് ഏറ്റെടുക്കാൻ ഒരുങ്ങി ആഗോള നിക്ഷേപക ഗ്രൂപ്പ് ആയ കെ കെ ആർ. 1.39 ബില്യൺ ഡോളറിനാണ് കെകെആർ മെഡികവറിന്റെ ഇന്ത്യയിലെ ഹോസ്പിറ്റൽ ബിസിനസ് ഏറ്റെടുക്കുന്നത്. തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലായി 6,000-ത്തിലധികം കിടക്കകളുള്ള 26 ആശുപത്രികളാണ് മെഡികവർ ഹോസ്പിറ്റൽസ് നടത്തുന്നത്.
മെഡികവറിനെ സംബന്ധിച്ച് ഹോസ്പിറ്റൽ രംഗത്ത് ഏറ്റവും വളർച്ച സമ്മാനിച്ച രാജ്യമായിരുന്നു ഇന്ത്യ. 2017ൽ ഇന്ത്യയിൽ ഹോസ്പിറ്റൽ ബിസിനസ് ആരംഭിച്ച മെഡികവറിന് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രികൾ തുടങ്ങി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകൾ വരെയുണ്ട്. 1250 -ാളം ഡോക്ടർമാരാണ് ചെയിനിന് കീഴിൽ ജോലി ചെയ്യുന്നത്.
സൂപ്പർസ്പെഷ്യലിറ്റി,മൾട്ടി സ്പെഷ്യലിറ്റി ആശുപത്രികൾ നിരവധിയുള്ള മെഡികവർ ഹൈദരാബാദ് ആസ്ഥാനമായുള്ള സഹൃദയ ഹെൽത്ത്കെയറിന്റെ നിയന്ത്രണ ഓഹരി സ്വന്തമാക്കുകയായിരുന്നു. കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ ഹോസ്പിറ്റൽ ബിസിനസിൽ 66.9% പങ്കാളിത്തമാണ് മെഡികവറിന് ഉള്ളത്. ബാക്കി ഓഹരികൾ സഹൃദയ ഹെൽത്ത്കെയറിന്റെയും മറ്റും കൈവശമാണ് ഉള്ളത്. കഴിഞ്ഞ വർഷങ്ങളിൽ എല്ലാം മികച്ച വളർച്ചയാണ് കമ്പനി നേടിയത്. കാർഡിയോളജി, ന്യൂറോളജി വിഭാഗങ്ങൾ 13% റവന്യൂ വളർച്ചയാണ് നേടിയത്.
കഴിഞ്ഞ വർഷമാണ് മെഡികവർ ഇന്ത്യയിൽ ബിസിനസ് വ്യാപിപ്പിച്ചത്. സെക്കന്ദരാബാദിൽ 300 ബെഡുകൾ ഉള്ള ആശുപത്രി സ്വന്തമാക്കിയ കമ്പനി നവി മുംബൈയിൽ മികച്ച സൗകര്യങ്ങളോടെയുള്ള ട്രോമാ കെയറും ആരംഭിച്ചിരുന്നു. ഈ വർഷം ഒരു ആശുപത്രി കൂടി തുറക്കുമെന്നും അവർ അറിയിച്ചിരുന്നു.
ബിസിനസുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കെകെആർ മെഡികവറുമായി ചർച്ചകളിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. ഒരു ബില്യൺ ഡോളറിന്റെ നിക്ഷേപമായിരുന്നു കെകെആറിന്റെ പദ്ധതി. നിലവിൽ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അടക്കം കെകെകെആർ വലിയ നിക്ഷേപം നടത്തിയിരുന്നു. മണിപാൽ ഹോസ്പിറ്റൽ ഗ്രൂപ്പിനെ അടക്കം ഏറ്റെടുക്കാൻ കെകെആർ മുൻപന്തിയിൽ ഉണ്ടായിരുന്നു.
Contennt Highlights: Global investment firm KKR is preparing to acquire the India hospital business of Swedish healthcare company Medicover for $1.39 billion. The acquisition is expected to strengthen KKR's presence in India's rapidly growing healthcare sector and marks one of the major healthcare investment deals in the country