യുഎഇയില്‍ നിന്നും നികുതിയില്ലാതെ എത്ര സ്വർണം കൊണ്ടുവരാം: സ്ത്രീകള്‍ - 40 ഗ്രാം, പുരുഷന്മാർ - 20 ഗ്രാം

ആഭരണങ്ങളുടെ തൂക്കം മാത്രം മാനദണ്ഡമാക്കിയാണ് പുതിയ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്

യുഎഇയിൽ നിന്നുള്ള പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ മാറ്റങ്ങളുമായി ഇന്ത്യയുടെ പുതിയ ബാഗേജ് നിയമങ്ങൾ (Baggage Rules 2026) നിലവിൽ വന്നു. നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് ഇനി മുതൽ സ്വർണ്ണത്തിന്റെ വിപണി മൂല്യം നോക്കാതെ, നിശ്ചിത ഭാരം വരെ സ്വർണ്ണാഭരണങ്ങൾ പൂർണ്ണമായും നികുതിരഹിതമായി കൊണ്ടുപോകാം എന്നുള്ളതാണ് കഴിഞ്ഞ ബജറ്റിലെ പ്രധാന പരിഷ്കാരം.

മുൻപുണ്ടായിരുന്ന പണത്തിന്റെ പരിധി പൂർണ്ണമായും ഒഴിവാക്കി, ആഭരണങ്ങളുടെ തൂക്കം മാത്രം മാനദണ്ഡമാക്കിയാണ് പുതിയ നിയമം പരിഷ്‌കരിച്ചിരിക്കുന്നത്. യുഎഇയിൽ സ്വർണ്ണവില ഇന്ത്യയേക്കാൾ 13 ശതമാനം വരെ കുറവായതിനാൽ വേനലവധിക്ക് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഈ തീരുമാനം വലിയ നേട്ടമാകും.

പുതിയ നിയമപ്രകാരം വിദേശത്ത് ഒരു വർഷത്തിൽ കൂടുതൽ താമസിച്ച മടങ്ങുന്ന സ്ത്രീകള്‍ക്ക് 40 ഗ്രാം വരെയുള്ള സ്വർണ്ണാഭരണങ്ങൾ നികുതിയില്ലാതെ കൊണ്ടുപോകാം. പുരുഷന്മാരാണെങ്കില്‍ ഇത് 20 ഗ്രാം വരെയാണ്. ഇന്ത്യൻ വംശജരായ വിനോദസഞ്ചാരികൾക്കും എൻആർഐകൾക്കും ഈ ആനുകൂല്യം ലഭിക്കുമെങ്കിലും ചെറിയ കാലത്തെ സന്ദർശനം കഴിഞ്ഞു മടങ്ങുന്നവർക്ക് ഇത് ബാധകമല്ല. അതേസമയം, ഈ ഇളവ് വ്യക്തിഗത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്വർണ്ണാഭരണങ്ങൾക്ക് മാത്രമാണ് ലഭിക്കുക. സ്വർണ്ണക്കട്ടികൾ കോയിനുകൾ, ബിസ്ക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടില്ല.

നിശ്ചിത അളവിൽ കൂടുതൽ സ്വർണ്ണം കൈവശമുള്ളവർ അത് കസ്റ്റംസിന് മുന്നിൽ ഡിക്ലയർ ചെയ്ത് കൃത്യമായ നികുതി അടയ്ക്കണം, അല്ലാത്തപക്ഷം പിഴയും നിയമനടപടികളും നേരിടേണ്ടി വരും. സുരക്ഷാ കാരണങ്ങളാൽ സ്വർണ്ണാഭരണങ്ങൾ ഹാൻഡ് ബാഗേജിൽ സൂക്ഷിക്കുന്നതും വാങ്ങിയ ബില്ലുകൾ കൈവശം വെക്കുന്നതും നന്നായിരിക്കും. നേരത്തെ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആഭരണങ്ങൾക്കും പുരുഷന്മാർക്ക് 50,000 രൂപ വരെയുള്ള ആഭരണങ്ങൾക്കും തൂക്കത്തിന് വിധേയമായുള്ള ഇളവായിരുന്നു ലഭിച്ചിരുന്നത്.

സ്വർണ്ണത്തിന് പുറമെ, പ്രവാസികൾക്ക് അനുകൂലമായ മറ്റ് ചില മാറ്റങ്ങളും പുതിയ പരിഷ്കാരത്തിലുണ്ട്. ലാപ്ടോപ്പ് കൊണ്ടുവരുന്നതിനുള്ള ഇളവുകൾ, ഉയർന്ന പൊതു ബാഗേജ് അലവൻസ്, വാച്ചുകൾ ഉൾപ്പെടെയുള്ള വ്യക്തിഗത സാധനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വ്യക്തത എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആഭരണങ്ങളുടെ മൂല്യനിർണ്ണയത്തെച്ചൊല്ലി എയർപോർട്ടുകളിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഉണ്ടാകാറുള്ള തർക്കങ്ങൾക്കും അവ്യക്തതകൾക്കും പുതിയ തൂക്കത്തെ അടിസ്ഥാനമാക്കിയുള്ള നിയമത്തോടെ പരിഹാരമാകും.

Content Highlights: India's Baggage Rules 2026 allow eligible female passengers returning after more than one year abroad to bring up to 40 grams of jewellery duty-free, while other eligible passengers can bring up to 20 grams. The exemption applies to jewellery, not gold bars, coins, or bullion, which are excluded from the free allowance.

To advertise here,contact us