ഇന്ത്യയുടെ വിദേശനാണയ ശേഖരത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. 2026 മെയ് 28ന് അവസാനിച്ച ആഴ്ചയില്‍ ഇത് 938 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 682.321 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ ഇടിവിന് ശേഷം പുരോഗതി പ്രകടമായതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.
അതിന് മുന്‍പുള്ള ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 7.511 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 681.384 ബില്യണ്‍ ഡോളറായിരുന്നു. ഫെബ്രുവരി 27-ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 728.494 ബില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് പശ്ചിമേഷ്യയിലെ സംഘര്‍ഷം ആരംഭിച്ചതോടെ ശേഖരത്തിന് സമ്മര്‍ദ്ദം നേരിട്ടു. രൂപയുടെ മൂല്യം നിലനിര്‍ത്തുന്നതിനായി RBI വിദേശനാണ്യ വിപണിയില്‍ ഡോളര്‍ വില്‍പ്പന നടത്തി ഇടപെട്ടതോടെ പല ആഴ്ചകളിലായി ശേഖരം കുറഞ്ഞു.
മേയ് 11 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ പൊതുജനങ്ങളോട് വിദേശനാണ്യ സംരക്ഷണത്തിന് സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. വിദേശ യാത്രകള്‍ കുറയ്ക്കുക, ഇന്ധന ഉപഭോഗം നിയന്ത്രിക്കുക, ഒരു വര്‍ഷത്തേക്ക് സ്വര്‍ണവാങ്ങല്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
വിദേശ കറന്‍സി ആസ്തികള്‍ വര്‍ധിച്ചു
ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം, വിദേശനാണയ ശേഖരത്തിലെ ഏറ്റവും വലിയ ഘടകമായ വിദേശ കറന്‍സി ആസ്തികള്‍ കഴിഞ്ഞ ആഴ്ചയില്‍ 3.116 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 546.148 ബില്യണ്‍ ഡോളറിലെത്തി. ഡോളര്‍ മൂല്യത്തില്‍ കണക്കാക്കുന്ന FCAയില്‍, ശേഖരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന യൂറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെന്‍ തുടങ്ങിയ യുഎസ് ഡോളറല്ലാത്ത കറന്‍സികളുടെ മൂല്യവര്ധനയുടെയോ മൂല്യത്തകര്‍ച്ചയുടെയോ സ്വാധീനവും ഉള്‍പ്പെടുന്നു.
സ്വര്‍ണ ശേഖരത്തിന്റെ മൂല്യം കുറഞ്ഞു
രാജ്യത്തിന്റെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യം 2.186 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 112.6 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐ അറിയിച്ചു. അതേസമയം, അന്താരാഷ്ട്ര നാണയ നിധിയുമായുള്ള സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് 18.747 ബില്യണ്‍ ഡോളര്‍ എന്ന നിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഐഎംഎഫിലുള്ള ഇന്ത്യയുടെ റിസര്‍വ് പോസിഷന്‍ മുന്‍ ആഴ്ചയില്‍ 8 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 4.826 ബില്യണ്‍ ഡോളറിലെത്തിയതായാണ് ആര്‍ബിഐയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Content Highlights: India’s foreign exchange reserves rose by $938 million to $682.32 billion in the week ended May 28, reversing the previous week’s sharp decline, according to RBI data, with gains in foreign currency assets offsetting a fall in gold reserves