ദുബായ്: ആഗോള ഊർജ്ജ വിപണിയുടെ ജീവനാഡിയെന്ന് അറിയപ്പെടുന്ന ഹോർമുസ് കടലിടുക്കിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ബദൽ മാർഗങ്ങൾ വേഗത്തിലാക്കി ഗൾഫ് രാജ്യങ്ങൾ. യു എസ്-ഇസ്രായേൽ-ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെടുന്നത് ലോകമെമ്പാടുമുള്ള ഇന്ധന സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് ഹോർമുസ് കടലിടുക്കിന് പുറത്ത് സ്ഥിതി ചെയ്യുന്ന യുഎഇയിലെ ഈസ്റ്റ് കോസ്റ്റ് ഊർജ്ജ ഹബ്ബായ ഫുജൈറ ഗൾഫ് രാജ്യങ്ങളുടെ എണ്ണ കയറ്റുമതി തന്ത്രങ്ങളുടെ പ്രധാന കേന്ദ്രമായി മാറുന്നതെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.
ഹോർമുസിലെ പ്രതിസന്ധി കാരണം ആഗോള എണ്ണ ശേഖരം റെക്കോർഡ് വേഗതയിലാണ് കുറയുന്നതെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, ലോകബാങ്ക്, ഇന്റർനാഷണൽ എനർജി ഏജൻസി എന്നിവയുടെ മേധാവികൾ സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. പാശ്ച്യാത്യ രാജ്യങ്ങളില്‍ എണ്ണയ്ക്ക് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള വേനൽക്കാലം വരാനിരിക്കെ, കപ്പൽ ഗതാഗതം സാധാരണ നിലയിലായില്ലെങ്കിൽ അത് കടുത്ത ഇന്ധനക്ഷാമത്തിനും ആഗോള സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ.
നിലവിൽ ലോകത്തെ ആകെ ഊർജ്ജ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്. "ഇനി വിഷയം എണ്ണയുടെ ലഭ്യത മാത്രമല്ല, മറിച്ച് ഹോർമുസിനെ ആശ്രയിക്കുന്നത് എത്രയും വേഗം കുറയ്ക്കുക എന്നതാണെന്ന്" എസ്പിഐ അസറ്റ് മാനേജ്മെന്റിലെ സ്റ്റീഫൻ ഇന്നസ് വ്യക്തമാക്കുന്നു.
ഹോർമുസ് കടലിടുക്കിലെ അപകടസാധ്യതകൾ മറികടക്കാൻ യുഎഇ മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ ബദലാണ് ഫുജൈറ. ഹോർമുസിന് പുറത്ത് ഒമാൻ ഉൾക്കടലിനോട് ചേർന്ന് കിടക്കുന്ന ഫുജൈറ നിലവിൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഓയിൽ സ്റ്റോറേജ്, ബങ്കറിംഗ് കേന്ദ്രങ്ങളിലൊന്നാണ്. ഇവിടെയുള്ള 'അബുദാബി-ടു-ഫുജൈറ' പൈപ്പ്ലൈൻ ഇന്ന് ഭൂമിയിലെ തന്നെ ഏറ്റവും തന്ത്രപ്രധാനമായ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറായി മാറിയിരിക്കുകയാണ്. ഹോർമുസിലെ ഇടുങ്ങിയ കടൽപ്പാതയിലൂടെ പോകാതെ തന്നെ ഗൾഫ് ഉത്പാദകർക്ക് അന്താരാഷ്ട്ര വിപണിയിലേക്ക് നേരിട്ട് എണ്ണ എത്തിക്കാൻ ഈ റൂട്ട് സഹായിക്കുന്നു.
ഇതിനുപുറമെ, സൗദി അറേബ്യയുടെ കിഴക്കൻ എണ്ണപ്പാടങ്ങളിൽ നിന്ന് ചെങ്കടൽ തീരങ്ങളിലേക്ക് എണ്ണയെത്തിക്കുന്ന സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈനിനും പ്രാധാന്യമേറിയിട്ടുണ്ട്. ഒമാനിൽ കൂടുതൽ സംഭരണശാലകൾ നിർമ്മിക്കുന്നതും പുതിയ പൈപ്പ്ലൈൻ പദ്ധതികളും ഗൾഫ് രാജ്യങ്ങളുടെ സജീവ പരിഗണനയിലാണ്. ഇത്തരം ബദൽ മാർഗങ്ങൾ കൂടുന്നതോടെ മേഖലയിൽ ഇറാന്റെ സ്വാധീനം കുറയുമെന്നാണ് വിലയിരുത്തൽ.
വലിയ പ്രതിസന്ധികൾക്കിടയിലും ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണക്കയറ്റുമതി പൂർണ്ണമായി തടസ്സപ്പെട്ടിട്ടില്ലെന്നാണ് ജെപി മോർഗന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രതിദിനം ശരാശരി 25 കപ്പലുകൾ ഇപ്പോൾ ഹോർമുസ് മുറിച്ചുകടക്കുന്നുണ്ട്. എന്നാൽ, സുരക്ഷ മുൻനിർത്തി പല വാണിജ്യ കപ്പലുകളും തങ്ങളുടെ ലൊക്കേഷൻ വ്യക്തമാക്കുന്ന സംവിധാനങ്ങൾ ഓഫാക്കിയോ പരിമിതപ്പെടുത്തിയോ ആണ് യാത്ര ചെയ്യുന്നത്. പല കപ്പലുകളും ഒമാൻ തീരത്തോട് ചേർന്നാണ് സഞ്ചരിക്കുന്നത്. ഔദ്യോഗികമായി സുരക്ഷാ അകമ്പടി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും യു എസ് സൈന്യം കപ്പലുകൾക്ക് ആവശ്യമായ കോർഡിനേഷൻ പിന്തുണ നൽകുന്നുണ്ടെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
ഊർജ്ജ പ്രതിസന്ധിയും ഇന്ധനവില വർദ്ധനവും വികസ്വര-ദരിദ്ര രാജ്യങ്ങളെയാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇന്ത്യ ഉൾപ്പെടുന്ന ദക്ഷിണേഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ ഗൾഫ് എണ്ണയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇന്ധന വിലയ്ക്കൊപ്പം വളത്തിന്റെ വില കൂടുന്നതും ഈ രാജ്യങ്ങളിലെ കാർഷിക മേഖലയെയും ഭക്ഷ്യസുരക്ഷയെയും ദോഷകരമായി ബാധിക്കുന്നുണ്ട്.
നിലവിലെ ആഗോള സാമ്പത്തിക വളർച്ചയെ ഈ പ്രതിസന്ധി പിന്നോട്ട് അടിച്ചതായി ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവിയ വ്യക്തമാക്കി. പ്രതിസന്ധി നേരിടാൻ ദുർബലമായ സമ്പദ്വ്യവസ്ഥകൾക്ക് 20 ബില്യൺ മുതൽ 50 ബില്യൺ ഡോളർ വരെ സാമ്പത്തിക സഹായം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതിനകം തന്നെ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഐഎംഎഫിനെ സമീപിച്ചിട്ടുണ്ട്.
പുതിയ പൈപ്പ്ലൈനുകളും ടെർമിനലുകളും യാഥാർത്ഥ്യമാകാൻ വർഷങ്ങളും കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപവും ആവശ്യമാണ്. അതുവരെ ലോകത്തിന് ഹോർമുസ് കടലിടുക്കിനെ പൂർണ്ണമായി തള്ളിക്കളയാനാകില്ലെങ്കിലും, ഫുജൈറ ഉൾപ്പെടെയുള്ള ബദൽ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപങ്ങളിലേക്ക് ഗൾഫ് രാജ്യങ്ങൾ അതിവേഗം ചുവടുമാറ്റുകയാണ്.
Content Highlights: Fujairah in the UAE is increasingly being viewed as a strategic alternative to the Strait of Hormuz for oil exports. As geopolitical tensions raise concerns about disruptions in Hormuz, Gulf countries are strengthening infrastructure and export routes through Fujairah to ensure uninterrupted crude oil shipments and improve energy security.