ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണായക വ്യാപാരക്കരാർ അന്തിമഘട്ടത്തിലെന്ന് സൂചന. ഇത് സംബന്ധിച്ച ചർച്ചകളുടെ ഏകദേശം 99% പൂർത്തിയായതായും വരും ആഴ്ചകളിൽ തന്നെ സുപ്രധാന കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. ഡൽഹി ഐഐടിയിൽ സംഘടിപ്പിച്ച 'യുഎസ് ഇന്ത്യ ട്രസ്റ്റ് ഇനിഷ്യേറ്റീവ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ അദ്ദേഹം പങ്കുവെച്ചത്.
കരാർ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് ട്രേഡ് പ്രതിനിധി സംഘം ജൂൺ 1 മുതൽ 4 വരെ ഇന്ത്യ സന്ദർശിക്കും. ഇതോടെ കരാർ അന്തിമ ഘട്ടത്തിലേക്ക് കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിൽ അമേരിക്കയിൽ വെച്ച് ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ തമ്മിൽ നടത്തിയ വ്യാപാര ചർച്ചകളുടെ തുടർച്ചയാണിത്. വിപണി ലഭ്യത, കസ്റ്റംസ് നടപടിക്രമങ്ങൾ, താരിഫ് ഇതര തടസ്സങ്ങൾ, വ്യാപാര സൗകര്യം, സാമ്പത്തിക സുരക്ഷാ സഹകരണം തുടങ്ങിയ നിർണായക വിഷയങ്ങളിലാണ് നിലവിൽ ചർച്ചകൾ പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ചരക്ക് സേവന മേഖലകളിലായി 20 ബില്യൺ ഡോളറിൽ നിന്ന് 220 ബില്യൺ ഡോളറിലേക്കാണ് ഈ വ്യാപാര ബന്ധം വളർന്നതെന്ന് ഗോർ ചൂണ്ടിക്കാട്ടി. കരാർ നടപ്പായാൽ ഇന്ത്യ–അമേരിക്ക വ്യാപാര ബന്ധം കൂടുതൽ ശക്തമാകുകയും, സപ്ലൈ ചെയിൻ, ടെക്നോളജി, നിക്ഷേപം തുടങ്ങിയ മേഖലകളിൽ വലിയ സഹകരണം വർധിക്കുകയും ചെയ്യും.
ഇന്ത്യ അമേരിക്കയുടെ നിർണായക വ്യാപാര പങ്കാളിയാണെന്ന് വിശേഷിപ്പിച്ച ഗോർ, ഇന്ത്യൻ കമ്പനികൾ യുഎസിൽ 20.5 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അതിൽ ഒരു പ്രധാന പങ്ക് ഫാർമസ്യൂട്ടിക്കൽസ് ആണെന്നും ചൂണ്ടിക്കാട്ടി.
ഇത് ഇന്ത്യൻ ഉൽപ്പാദന ശേഷിയിലുള്ള യുഎസിന്റെ ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇന്ത്യ ഉൾപ്പെടുന്ന വിതരണ ശൃംഖലയും നിക്ഷേപ സംബന്ധിയായ പ്രശ്നങ്ങളും പഠിക്കുന്ന യുഎസ് ഫാർമ ടാസ്ക് ഫോഴ്സിനുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ വ്യാപാരം, അഡ്വാൻസ്ഡ് മാനുഫാക്ചറിങ്, ഊർജ്ജം തുടങ്ങിയ നൂതന സാങ്കേതിക മേഖലകളിലെ സഹകരണത്തിനും ഇരുരാജ്യങ്ങളും വലിയ പ്രാധാന്യം നൽകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ട്രംപും ചേർന്ന് ഈ വർഷം തുടക്കം കുറിച്ച 'ട്രസ്റ്റ്' പദ്ധതി വഴി തന്ത്രപ്രധാനമായ സാങ്കേതിക വിദ്യകളിൽ നൂതനത്വം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് അത്യാധുനിക എഐ ചിപ്പുകളുടെ കൈമാറ്റം അമേരിക്കൻ വാണിജ്യ വകുപ്പ് പുനരാരംഭിച്ചിട്ടുണ്ട്.
കരാർ വൈകാൻ കാരണം
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ ട്രംപ് ചുമത്തിയ അധിക നികുതികൾ നിയമവിരുദ്ധമാണെന്ന് യു.എസ് സുപ്രീം കോടതി വിധിച്ചതോടെ മുൻപുണ്ടാക്കിയ ചർച്ചകളിൽ വലിയ അനിശ്ചിതത്വം ഉടലെടുത്തു. യു.എസിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ, നട്സ്, ജനിതകമാറ്റം വരുത്തിയ വിളകൾ (GM Crops), ഡയറി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം വേണമെന്ന് യു.എസ് ആവശ്യപ്പെടുന്നതും ചർച്ചകൾ നീണ്ടുപോകാൻ കാരണമായി.
നിലവിൽ ഉണ്ടായിരിക്കുന്ന ചർച്ചകളിലെ പുരോഗതി ഓഹരി വിപണികൾക്കും അനുകൂലമാകുമെന്നാണ് വിപണി വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്.
Content Highlights: India-US trade deal 99% done, signing expected in weeks, predicts Sergio Gor