ഗ്രീന്‍ എനര്‍ജി മുതല്‍ എഐ വരെ; കനേഡിയന്‍ കമ്പനികളെ ക്ഷണിച്ച് ഇന്ത്യ; ലക്ഷ്യം 5000 കോടി ഡോളറിന്റെ വ്യാപാരം

പിയുഷ് ഗോയല്‍ കാനഡയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും നിക്ഷേപ സ്ഥാപനങ്ങളുമായും ചര്‍ച്ച നടത്തി

ടൊറന്റോ: ഇന്ത്യയിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ കാനഡയിലെ പ്രമുഖ കോര്‍പ്പറേറ്റ് നേതാക്കളും നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കാനഡ സാമ്പത്തിക ബന്ധം പുനരുജ്ജീവിപ്പിക്കുക, സ്വതന്ത്ര വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളും സന്ദര്‍ശനത്തിനുണ്ട്.

കാനഡ സന്ദര്‍ശനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിക്കൊപ്പം 150 അംഗ വ്യവസായ പ്രതിനിധി സംഘമാണ് കാനഡയിലെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള എഐ, ക്ലീന്‍ എനര്‍ജി, ഫാര്‍മ, ടെക്‌സ്‌റ്റൈല്‍സ്, ടെലകോം, ഇന്‍ഫ്രാസ്ട്രക്ചര്‍, ധാതുവ്യവസായം തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികളുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ത്യ-കാനഡ വ്യാപാരബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ വലിയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ പിയുഷ് ഗോയല്‍ കാനഡയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും നിക്ഷേപ സ്ഥാപനങ്ങളുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ഇന്‍ഫ്രാസ്ട്രക്ചര്‍, ഗ്രീന്‍ എനര്‍ജി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബാങ്കിങ്, ഫിന്‍ടെക്, ഇന്‍ഷുറന്‍സ്, ഫുഡ് പ്രോസസിംഗ്, ക്രിട്ടിക്കല്‍ മിനറല്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ അദ്ദേഹം അവതരിപ്പിച്ചു.

കാനഡയിലെ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളായ പെന്‍ഷന്‍ ഫണ്ടുകളെയും ഇന്ത്യയിലേക്ക് ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ എന്നിവയില്‍ വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് പിയുഷ് ഗോയല്‍ വ്യക്തമാക്കി. നിലവില്‍ ഏകദേശം 1700 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നത്. 2030ഓടെ ഇത് 5000 കോടി ഡോളറാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി, വാണിജ്യ മന്ത്രി മനിന്ദര്‍ സിദ്ധു, വിദേശകാര്യ മന്ത്രി അനിത ആനന്ദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഊര്‍ജം, സാങ്കേതികവിദ്യ, കൃഷി, വിദ്യാഭ്യാസം, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള സാധ്യതകളും ചര്‍ച്ചയായി.

2023ല്‍ ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് ഭരണം നഷ്ടപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും വീണ്ടും സഹകരത്തിന്റെ പാതയിലെത്തിയത്. കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചതോടെ ബന്ധം പുനഃസ്ഥാപിക്കുന്നതിന് പുതിയ ഗതി ലഭിച്ചുവെന്നാണ് വിലയിരുത്തല്‍.

Content Highlights: Rapidly expanding India’s global investment footprint, Union Minister of Commerce and Industry Piyush Goyal concluded a series of one-on-one meetings with Canada’s top corporate chieftains in Toronto.

To advertise here,contact us