ഇന്നലെ കൂടിയ സ്വർണവില ഇന്ന് താഴേക്ക്: ഇടിവ് താല്‍ക്കാലിക പ്രതിഭാസം മാത്രമെന്ന് വിപണി വിദഗ്ധർ

വരും ദിവസങ്ങളിൽ സ്വർണവില വീണ്ടും ഉയർന്നേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല

3 min read|26 May 2026, 10:38 am

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്നലെ മുകളിലേക്ക് കുതിച്ച സ്വർണവിലയാണ് ഇന്ന് ലക്ഷണം മാറി താഴേക്ക് ഇറങ്ങിയത്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് പവന് 360 രൂപ കുറഞ്ഞ് 116520 രൂപയായിലാണ് വില്‍പ്പന നടക്കുന്നത്. ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 14565 രൂപയുമായി. തിങ്കളാഴ്ച പവന് 116880 രൂപയും ഗ്രാമിന് 14610 രൂപയുമായിരുന്നു വില.

18 കാരറ്റ് സ്വർണം പവന് 320 രൂപ കുറഞ്ഞ് 95,720 രൂപയിലും, 14 കാരറ്റ് സ്വർണം പവന് 200 രൂപ കുറഞ്ഞ് 74,560 രൂപയിലുമെത്തി. 9 കാരറ്റ് സ്വർണത്തിന് പവന് 48,080 രൂപയാണ് ഇന്നത്തെ വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 280 രൂപ എന്ന നിരക്കിൽ തന്നെയാണ് വെള്ളി വ്യാപാരം തുടരുന്നത്. കഴിഞ്ഞ ജനുവരി 29-ന് രേഖപ്പെടുത്തിയ റെക്കോർഡ് വിലയായ പവന് 1,31,160 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോൾ സ്വർണവിലയിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലേയും സ്വർണവിലയില്‍ പ്രതിഫലിക്കുന്നത്. ആഗോളതലത്തിൽ യു.എസ് ഡോളർ കൂടുതൽ കരുത്താർജ്ജിച്ചതോടെ നിക്ഷേപകർ സ്വർണം വാങ്ങുന്നത് കുറച്ചതാണ് പ്രധാന കാരണം. കൂടാതെ, അമേരിക്കൻ കേന്ദ്ര ബാങ്കിന്റെ പലിശനിരക്കുകളിലെ അനിശ്ചിതത്വവും, സ്വർണവില റെക്കോർഡിൽ എത്തിയപ്പോൾ വൻകിട നിക്ഷേപകർ കൈവശമുള്ള സ്വർണം വിറ്റ് ലാഭമെടുക്കാൻ തുടങ്ങിയതും വില താഴേക്ക് വരാൻ കാരണമായി.

വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് ഈ വിലക്കുറവ് വലിയ ആശ്വാസമാണ് നൽകുന്നത്. അതേസമയം നിലവിലെ വിലയിടിവ് താൽക്കാലിക പ്രതിഭാസം മാത്രമാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അന്താരാഷ്ട്ര ഭൗമരാഷ്ട്രീയ സാഹചര്യങ്ങളും (Geopolitical Tensions) കേന്ദ്ര ബാങ്കുകളുടെ സ്വർണ ശേഖരണവും തുടരുന്നതിനാൽ വരും ദിവസങ്ങളിൽ സ്വർണവില വീണ്ടും ഉയർന്നേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നാൽ വിവാഹ സീസണിലേക്ക് കടക്കുന്ന ഉപഭോക്താക്കൾക്ക് നിലവിലെ വിലക്കുറവ് വലിയ ആശ്വാസമാണ് നൽകുന്നത്.

മേയ് 13-ന് സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി 6 ശതമാനത്തിൽ നിന്നും 15 ശതമാനമായി സർക്കാർ ഉയർത്തിയിരുന്നു. വിദേശനാണ്യ ചോർച്ച തടയുന്നതിനും സ്വർണ ഇറക്കുമതി കുറയ്ക്കുന്നതിനുമായിരുന്നു ഈ നടപടി. എന്നാൽ, തൊട്ടുപിന്നാലെ ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചതോടെ വിപണിയിൽ ഡിമാൻഡ് കുത്തനെ ഇടിഞ്ഞു. ഇതോടെ ഉപഭോക്താക്കളെ ആകർഷിക്കാൻ വ്യാപാരികൾ വില കുറയ്ക്കാൻ നിർബന്ധിതരായെന്ന തരത്തിലുള്ള റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

തീരുവ കൂട്ടുന്നതിന് മുൻപ് 6 ശതമാനം നികുതിയിൽ സ്വർണം ഇറക്കുമതി ചെയ്ത ഡീലർമാർ ആ സ്റ്റോക്കുകൾ ഡിസ്കൗണ്ടിൽ വിറ്റഴിക്കുന്നതാണ് ഇപ്പോഴത്തെ വിലക്കുറവിന് കാരണമെന്നാണ് ഇന്ത്യൻ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ (IBJA) വക്താവ് സുരേന്ദ്ര മേത്ത വ്യക്തമാക്കുന്നത്. കൂടാതെ, കച്ചവടം തീരെയില്ലാത്ത സാഹചര്യത്തിൽ പണിക്കൂലിയിൽ ഉൾപ്പെടെ ഇളവ് വരുത്തിയാണ് ജ്വല്ലറികൾ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതെന്ന് പ്രമുഖ ജ്വല്ലറി ഉടമകളും സമ്മതിക്കുന്നു.

Content Highlights: Gold prices fell today after rising yesterday, reflecting continued volatility in the market. However, experts say the decline may only be temporary, as global economic uncertainty, currency movements, and investor demand could push prices higher again in the coming days.

To advertise here,contact us