ആഗോള പ്രതിരോധ ചെലവ് 2.89 ലക്ഷംകോടി ഡോളര്‍! ലോകം യുദ്ധസജ്ജമാകുന്നോ?

രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വേഗമേറിയ സൈനിക ചെലവുയര്‍ച്ചകളില്‍ ഒന്നായി ഈ വര്‍ധന കണക്കാക്കപ്പെടുന്നു

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആഗോള സൈനിക ചെലവില്‍ അഭൂതപൂര്‍വമായ ഉയര്‍ച്ചയാണ് കണ്ടുവരുന്നത്. 2016 മുതല്‍ 2025 വരെ പ്രതിരോധ ചെലവ് 41 ശതമാനത്തോളം വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തൊട്ടുമുമ്പത്തെ ദശാബ്ദത്തില്‍ ഏകദേശം 16 ശതമാനം വളര്‍ച്ച മാത്രമായിരുന്നു പ്രതിരോധ ചെലവില്‍ വന്നത്. രണ്ടാം ലോകയുദ്ധത്തിന് ശേഷമുള്ള ഏറ്റവും വേഗമേറിയ സൈനിക ചെലവുയര്‍ച്ചകളില്‍ ഒന്നായി ഈ വര്‍ധന കണക്കാക്കപ്പെടുന്നു.

2025ല്‍ മാത്രം ആഗോള സൈനിക ചെലവ് 9.4% ഉയര്‍ന്ന് 2.89 ലക്ഷംകോടി ഡോളറെന്ന റെക്കോഡിലെത്തി. ഈ പ്രവണത തുടര്‍ന്നാല്‍ അടുത്ത വര്‍ഷം തന്നെ ലോകത്തിന്റെ വാര്‍ഷിക പ്രതിരോധ ചെലവ് 3 ട്രില്യണ്‍ ഡോളര്‍ കടക്കാന്‍ സാധ്യതയുണ്ട്. ആഗോളതലത്തില്‍ പ്രതിശീര്‍ഷ സൈനിക ചെലവ് നിലവില്‍ 337 ഡോളറാണ്. ഇത് പല രാജ്യങ്ങളുടെയും പ്രതിശീര്‍ഷ വാര്‍ഷിക ജിഡിപിയേക്കാള്‍ കൂടുതലാണ്. ആഗോള ജിഡിപിയുടെ ഏകദേശം 2.5% ഇപ്പോള്‍ സൈനിക ചെലവിനായി വിനിയോഗിക്കപ്പെടുന്നു. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നൂറിലധികം രാജ്യങ്ങള്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചു. ലോകം അതിവേഗത്തില്‍ വന്‍തോതിലുള്ള സൈനികവല്‍ക്കരണത്തിന്റെ കാലഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രതിരോധ ചെലവില്‍ 83% വര്‍ധന രേഖപ്പെടുത്തിയ യൂറോപ്പ് നിലവില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സൈനിക വിപണിയായി മാറിയിരിക്കുകയാണ്. റഷ്യ-യുക്രെയ്ന്‍ യുദ്ധമാണ് ഇതിന് പ്രധാന കാരണം. ആഗോള സൈനിക ചെലവിന്റെ 55 ശതമാനത്തിലധികവും ഇപ്പോള്‍ നാറ്റോ രാജ്യങ്ങളുടേതാണ്. ഇവയില്‍ പലതും അതിവേഗത്തില്‍ അവരുടെ സായുധസേനയെ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, ഇന്തോ-പസഫിക് മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഏഷ്യയും ഓഷ്യാനിയയും ആയുധ ശേഖരണത്തില്‍ മുന്‍പന്തിയിലുണ്ട്.

യുക്രെയ്ന്‍, ഇന്ത്യ, സൗദി അറേബ്യ, ഖത്തര്‍, പാക്കിസ്ഥാന്‍ എന്നിവയാണ് ആയുധ ഇറക്കുമതിക്കാരായ പ്രധാന രാജ്യങ്ങള്‍. യുഎസ്, ചൈന, റഷ്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതിക്കാര്‍. ഈ കണക്കുകള്‍ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന വലിയ ആഗോള യാഥാര്‍ത്ഥ്യമുണ്ട്. അസ്ഥിരമായ ലോകത്തില്‍ നിലനില്‍പ്പിനായി സൈനിക ശക്തി അനിവാര്യമാണെന്ന് രാജ്യങ്ങള്‍ കൂടുതല്‍ വിശ്വസിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

അനിശ്ചിതത്വവും സുരക്ഷാഭീതിയും

ലോകമെമ്പാടുമുള്ള സുരക്ഷാഭീതിയാണ് സൈനിക ചെലവ് ഉയരുന്നതിന്റെ ഏറ്റവും വലിയ കാരണം. കടുത്ത ഭൗമരാഷ്ട്രീയ മത്സരം, സാമ്പത്തിക ഉപരോധങ്ങള്‍, പ്രോക്‌സി യുദ്ധങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, തീവ്രവാദം, തന്ത്രപ്രധാന മത്സരം എന്നിവ ലോകത്തിന്റെ പല ഭാഗങ്ങളിലും അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചു. ഉപരോധങ്ങള്‍, വ്യാപാര നിയന്ത്രണങ്ങള്‍, സാമ്പത്തിക സമ്മര്‍ദ്ദങ്ങള്‍ എന്നിവയിലൂടെ സാമ്പത്തിക ഉപാധികള്‍ പോലും ആയുധങ്ങളായി ഉപയോഗിക്കപ്പെടുന്നു. ഇതോടെ സാമ്പത്തിക മത്സരവും തന്ത്രപ്രധാന യുദ്ധവും തമ്മിലുള്ള അതിര് നേര്‍ത്തതാകുന്നു.

ഈ അസ്ഥിരത പുതിയ ആഗോള ആയുധമത്സരത്തിന് വഴിവെച്ചു. യൂറോപ്പ് റഷ്യന്‍ ആക്രമണത്തെ ഭയക്കുന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ പല രാജ്യങ്ങളും ചൈനയുടെ വ്യാപനനയത്തെ ആശങ്കയോടെ കാണുന്നു. പശ്ചിമേഷ്യ അസ്ഥിരതയിലും സംഘര്‍ഷങ്ങളിലും കുടുങ്ങിക്കിടക്കുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ ആഗോള ശക്തികള്‍ തങ്ങളെ സംരക്ഷിക്കില്ലെന്ന ഭയം ചെറിയ രാജ്യങ്ങള്‍ക്കിടയിലും ഉയരുന്നുണ്ട്. ഇതിന്റെ ഫലമായി രാജ്യങ്ങള്‍ സൈനിക ശക്തി വര്‍ധിപ്പിക്കുകയും സഖ്യങ്ങള്‍ വികസിപ്പിക്കുകയും പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു.

തുടരുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും

സമീപകാല യുദ്ധങ്ങള്‍ ആഗോള സൈനിക ചെലവിനെ വന്‍തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. യുക്രെന്‍ യുദ്ധം യൂറോപ്പിന്റെ സുരക്ഷാ കണക്കുകൂട്ടലുകള്‍ മുഴുവന്‍ മാറ്റിമറിച്ചു. ശീതയുദ്ധത്തിനു ശേഷം പ്രതിരോധ ചെലവ് കുറച്ച രാജ്യങ്ങള്‍ ഇപ്പോള്‍ അതിവേഗത്തില്‍ സൈനിക ശക്തി പുനര്‍നിര്‍മിക്കുകയാണ്. ജര്‍മനി, പോളണ്ട്, നോര്‍ഡിക് രാജ്യങ്ങള്‍ എന്നിവ കവചിത വാഹനങ്ങള്‍, ദീര്‍ഘദൂര മിസൈലുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവയില്‍ വന്‍ നിക്ഷേപം നടത്തുന്നു.

ഇസ്രായേലിന്റെ ഗാസയിലെ സൈനിക നടപടികളും ഇറാനുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളും പശ്ചിമേഷ്യയിലെ സൈനിക വ്യാപനത്തിന് കാരണമായി. ഏഷ്യയിലും ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ ഇരുരാജ്യങ്ങളെയും കൂടുതല്‍ ആയുധ സംഭരണത്തിലേക്ക് നയിച്ചു.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍, താരിഫ് യുദ്ധങ്ങള്‍, സൈബര്‍ ഭീഷണികള്‍, തീവ്രവാദം, വന്‍ശക്തികളുടെ തന്ത്രപ്രധാന മത്സരം എന്നിവ ആഗോള സുരക്ഷയുടെ സ്വഭാവം തന്നെ മാറ്റിമറിച്ചു. ഇന്ന് ലോകത്തിന്റെ വിവിധ മേഖലകളില്‍ ഒരേസമയം പല സംഘര്‍ഷങ്ങളും സജീവമാണ്. ഇത് ദീര്‍ഘകാല അസ്ഥിരതക്കും യുദ്ധങ്ങള്‍ക്കും സാധ്യത വര്‍ധിപ്പിക്കുന്നു.

അതേസമയം, ഐക്യരാഷ്ട്രസഭ പോലുള്ള സ്ഥാപനങ്ങള്‍ക്ക് വലിയ യുദ്ധങ്ങള്‍ തടയാനോ അവസാനിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. ഇതോടെ കൂട്ടായ സുരക്ഷാ സംവിധാനങ്ങളിലുള്ള വിശ്വാസം പല രാജ്യങ്ങള്‍ക്കും കുറഞ്ഞു. അന്താരാഷ്ട്ര ഉറപ്പുകളെക്കാള്‍ സ്വന്തം സൈനിക ശക്തിയിലാണ് കൂടുതല്‍ ആശ്രയിക്കേണ്ടതെന്ന് രാജ്യങ്ങള്‍ കരുതുന്നു. അതിനാല്‍ സൈനിക നവീകരണം, ആയുധശേഖരണം, അത്യാധുനിക സാങ്കേതികവിദ്യകളില്‍ നിക്ഷേപം എന്നിവ വേഗത്തിലാകുകയാണ്. നയതന്ത്രത്തേക്കാള്‍ സൈനിക ശക്തിക്ക് പ്രാധാന്യം നല്‍കുന്ന പുതിയ ആഗോള വ്യവസ്ഥയുടെ ഉദയത്തിലേക്കാണ് ഇത് നയിക്കുന്നത്.

ട്രംപ് ഫാക്ടര്‍

യുഎസില്‍ ഡോണള്‍ഡ് ട്രംപ് വീണ്ടും പ്രസിഡന്റായി അധികാരത്തിലെത്തിയതോടെ പ്രതിരോധ ചെലവ് കൂടി. നാറ്റോ അംഗരാജ്യങ്ങള്‍ ജിഡിപിയുടെ 2 ശതമാനം എന്ന പരമ്പരാഗത പരിധിക്കുമപ്പുറം പ്രതിരോധ ചെലവ് ഉയര്‍ത്തണമെന്ന് ട്രംപ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടത് യൂറോപ്യന്‍ രാജ്യങ്ങളെ സൈനിക നവീകരണത്തിലേക്ക് തള്ളിവിട്ടു. ഇത് ആഗോള തലത്തില്‍ വലിയ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു. നാറ്റോ രാജ്യങ്ങള്‍ സൈനിക ചെലവ് വര്‍ധിപ്പിക്കുമ്പോള്‍ എതിര്‍ ശക്തികളും സ്വന്തം പ്രതിരോധ ശേഷി ഉയര്‍ത്തുകയാണ്.

യൂറോപ്പിലെ ഉയര്‍ന്ന പ്രതിരോധ നിക്ഷേപങ്ങള്‍ ആഗോള ആയുധമത്സരം കൂടുതല്‍ ശക്തമാക്കുന്നു. പ്രതിരോധ നവീകരണം പ്രതിരോധ ശേഷി വര്‍ധിപ്പിക്കാമെങ്കിലും, ഈ ആയുധമത്സരം വികസന മേഖലകളില്‍ നിന്നുള്ള വിഭവങ്ങള്‍ മാറ്റിനിര്‍ത്തുകയും ലോകത്തെ കൂടുതല്‍ അസ്ഥിരമായ ഭാവിയിലേക്ക് നയിക്കാനുള്ള സാധ്യതയും ഉയര്‍ത്തുന്നു.

Content Highlights: The surge in global military budgets is astonishing, with nations investing heavily in their defense capabilities in response to escalating threats and protracted conflicts. As geopolitical rivalries intensify and the United Nations struggles to maintain order, countries are increasingly prioritizing military strength, hinting at a drastic turn towards heightened militarization and the possibility of an arms race.

To advertise here,contact us