രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തിയതോടെ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് പാചകവാതകം, പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നുണ്ടായിരുന്ന നഷ്ടം കുറഞ്ഞു. പ്രതിദിന നഷ്ടം 250 കോടി രൂപ കുറഞ്ഞ് 750 കോടി രൂപയിലെത്തിയതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ക്രൂഡോയില്‍, സിഎന്‍ജി, എല്‍പിജി എന്നിവ ഉയര്‍ന്ന വിലയ്ക്ക് വാങ്ങുകയും ഉപഭോക്താക്കളെ സം രക്ഷിക്കുന്നതിനായി കുറഞ്ഞവിലയ്ക്ക് വില്‍ക്കുകയും ചെയ്യുന്നതുവഴി എണ്ണക്കമ്പനികള്‍ക്ക് പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി മുന്‍പ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് രണ്ടുതവണയായി ഇന്ധനവില ഉയര്‍ത്തിയത്.
ഏപ്രിലില്‍ ഇന്ത്യയിലെ പെട്രോള്‍ ഉപഭോഗം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.36 ശതമാനം വര്‍ധിച്ച് 36.7 ലക്ഷം ടണ്ണിലെത്തി. ഡീസല്‍ ഉപഭോഗം 0.25 ശതമാനം വര്‍ധനയോടെ 82.8 ലക്ഷം ടണ്ണുമായി. ഇതേ കാലയളവില്‍ എല്‍പിജി ഉപഭോഗം 16.2 ശതമാനം കുറഞ്ഞ് 22 ലക്ഷം ടണ്ണിലുമെത്തി. വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് ഇതിന് കാരണം. യുഎസ്-ഇറാന് സംഘര്‍ഷം മൂലം ഹോര്‍മുസ് കടലിടുക്കുവഴിയുള്ള ചരക്കുനീക്കത്തിലെ തടസ്സം രാജ്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിലെ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളാണ് പ്രധാനമായും നഷ്ടഭാരം വഹിക്കുന്നത്. പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവ വിപണിവിലക്കു താഴെ വില്‍ക്കുന്നതിനാല്‍ കമ്പനികള്‍ക്ക് വലിയ തോതില്‍ ''അണ്ടര്‍-റിക്കവറി'' നേരിടേണ്ടിവരുകയാണെന്ന് പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ്മ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോഴും പെട്രോള്‍ ലിറ്ററിന് 10 മുതല്‍ 15 രൂപ വരെയും ഡീസലിലിന് 13 മുതല്‍ 19 രൂപ വരെയും നഷ്ടം കമ്പനികള്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. ക്രൂഡ് ഓയില്‍ വിലയും രൂപയുടെ മൂല്യത്തകര്‍ച്ചയും തുടര്‍ന്നാല്‍ ഇനിയും ഇന്ധനവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
Content Highlights: The recent Rs 3-per-litre hike in petrol and diesel prices has helped state-run oil companies reduce some of their mounting losses, but the pressure on fuel retailers is still far from over.