2030ഓടെ ഇന്ത്യയില്‍ നിര്‍മ്മാണ ശേഷി വര്‍ധിപ്പിക്കുന്നതിനായി 5,700 കോടി രൂപ നിക്ഷേപിക്കുമെന്ന് പെപ്സിക്കോ. നിക്ഷേപത്തിന്റെ ഭൂരിഭാഗവും സ്നാക്ക്സ് ബിസിനസിലേക്കായിരിക്കുമെന്നും കമ്പനി അറിയിച്ചു. മധ്യപ്രദേശ്, അസം, തമിഴ്നാട് എന്നിവിടങ്ങളിലെ മൂന്ന് നിര്‍മ്മാണ യൂണിറ്റുകളെ കേന്ദ്രീകരിച്ചായിരിക്കും വികസനം.
കമ്പനി നടത്തിയ റഗുലേറ്ററി ഫയലിങുകള്‍ പ്രകാരം, 2025 ഡിസംബറില്‍ അവസാനിച്ച 12 മാസത്തിനിടെ പെപ്സിക്കോ ഇന്ത്യ ഹോള്‍ഡിങ്സിന്റെ ഏകീകൃത വരുമാനം 8% ഉയര്‍ന്ന് 9,798 കോടി രൂപയായി. ലാഭം 4.5% വര്‍ധിച്ച് 905 കോടി രൂപയായി. കാലാവസ്ഥ അനുകൂലമല്ലാതെ ഇരുന്നതിനാല്‍ മഴ മൂലം പാനീയ വില്‍പ്പനയില്‍ മന്ദഗതി ഉണ്ടായിരുന്നെങ്കിലും, ലാഭവര്‍ധന കൈവരിച്ചു.
സാമ്പത്തിക അനിശ്ചിതത്വങ്ങളും പശ്ചിമേഷ്യന്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിതരണ തടസ്സങ്ങളും നിലനില്‍ക്കുന്ന സാഹചര്യത്തിലും ഇന്ത്യ ഉയര്‍ന്ന വളര്‍ച്ചാ സാധ്യതയുള്ള വിപണിയായി തുടരുന്നുവെന്ന് പെപ്സിക്കോ ഇന്ത്യ & സൗത്ത് ഏഷ്യ സിഇഒ ജഗ്രുത് കോട്ടേച പറഞ്ഞു. നിലവില്‍ വില വര്‍ധനവിന് പദ്ധതി ഇല്ലെങ്കിലും, ഹ്രസ്വകാല ബിസിനസ് പ്ലാനിങ് ഇപ്പോള്‍ സാധാരണ രീതിയായിക്കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
10 രൂപ മുതല്‍ തുടങ്ങുന്ന കുറഞ്ഞ വിലയുള്ള പാക്കുകളില്‍ സ്നാക്ക്സിനും പാനീയങ്ങള്‍ക്കും കടുത്ത മത്സരം നേരിടേണ്ടി വരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ ക്യാമ്പ, അര്ച്ചിയന് ഫുഡ്സിന്റെ ലാഹോറി സീര തുടങ്ങിയ ബ്രാന്‍ഡുകള്‍ ശക്തമായ മത്സരമാണ് സൃഷ്ടിക്കുന്നത്. പ്രാദേശികവും ഡിജിറ്റല്‍-ഫസ്റ്റ് ബ്രാന്‍ഡുകളും സ്നാക്ക്സ് വിപണിയില്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നുണ്ട്.
വര്‍ഷം ഇതുവരെ വേനല്‍ക്കാലത്തെ ആവശ്യകത കൂടിയതിനാല്‍ വില്‍പ്പനയില്‍ തങ്ങള്‍ തൃപ്തരാണെന്ന് കമ്പനി അറിയിച്ചു. പെപ്സി പോലുള്ള പാനീയങ്ങളും ലെയ്സ് പോലുള്ള സ്നാക്ക്സുകളും നിര്‍മ്മിക്കുന്ന പെപ്സിക്കോയുടെ ഇന്ത്യ യൂണിറ്റ്, ആഗോളതലത്തില്‍ കമ്പനിയുടെ 13 പ്രധാന വിപണികളില്‍ ഒന്നാണ്. ഇന്ത്യയിലെ പാക്കേജിങ് ചെയ്ത പാനീയ-സ്നാക്ക്സ് വിപണിയുടെ വളര്‍ച്ചാ സാധ്യതകളിലാണ് പുതിയ നിക്ഷേപം നടത്തുകയെന്ന് കോട്ടേച വ്യക്തമാക്കി.
2026 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍, പെപ്സിക്കോ ഇന്ത്യയ്ക്കായി ബോട്ടിലിങ് നടത്തുന്ന വരുണ്‍ ബിവറേജസ് ലിമിറ്റഡ് (VBL) ലാഭത്തില്‍ 20.1% വാര്‍ഷിക വര്‍ധന രേഖപ്പെടുത്തിയിരുന്നു. ലാഭം 878.7 കോടി രൂപയായി. ശക്തമായ വില്‍പ്പന വളര്‍ച്ചയാണ് ഇതിന് കാരണമായത്. കമ്പനിയുടെ വരുമാനം 18.1% ഉയര്‍ന്ന് 6,574.2 കോടി രൂപയായി.
കഴിഞ്ഞ മാസം പുറത്തിറക്കിയ ആഗോള വരുമാന റിപ്പോര്‍ട്ടില്‍, ഇന്ത്യ പ്രധാന വളര്‍ച്ചാ സംഭാവന നല്കുന്ന വിപണി ആണെന്ന് പെപ്സിക്കോ വ്യക്തമാക്കി. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ കണ്‍വീനിയന്റ് ഫുഡ്സ് ബിസിനസ് 6% വളര്‍ച്ച കൈവരിച്ചു. ഇന്ത്യയും മറ്റ് ഏഷ്യന്‍ വിപണികളുമാണ് ഈ വളര്‍ച്ചയ്ക്ക് പ്രധാനമായും നേതൃത്വം നല്‍കിയത്.
Content Highlights: PepsiCo will invest Rs 5,700 crore in India by 2030 to expand its snacks and beverages manufacturing capacity, reinforcing India’s position as one of the company’s fastest-growing global markets