അമേരിക്കയില്‍ കുറ്റവിമുക്തന്‍; ഇന്ത്യയില്‍ നേട്ടം കൊയ്ത് അദാനി, ഓഹരികളില്‍ കുതിപ്പ്

അദാനിയുടെ ബിസിനസ് വിപുലീകരണ സാധ്യതകള്‍ തുലാസിലാക്കിയ കേസുകള്‍, 19 മാസം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് യുഎസ് റദ്ദാക്കിയത്

ശതകോടീശ്വരന്‍ ഗൗതം അദാനിക്കും അനന്തരവന്‍ സാഗര്‍ അദാനിക്കും എതിരെയുള്ള ക്രിമിനല്‍ കേസുകള്‍ തിങ്കളാഴ്ചയാണ് യുഎസ് ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റ് പിന്‍വലിച്ചത്. ഇതിന്റെ പ്രതിഫലനമെന്നോണം ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് ഇന്ന് വലിയ നേട്ടത്തിലേക്കാണ് കുതിക്കുന്നത്. വ്യാപാരം പുരോഗമിക്കവേ, അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനികളായ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍, അദാനി പവര്‍, അദാനി പോര്‍ട്ട്‌സ്, എനര്‍ജി, ടോട്ടല്‍ ഗ്യാസ് എന്നിവയെല്ലാം 3.5 ശതമാനം വരെ ഉയര്‍ന്നു.

അദാനിയുടെ ബിസിനസ് വിപുലീകരണ സാധ്യതകള്‍ തുലാസിലാക്കിയ കേസുകള്‍, 19 മാസം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് യുഎസ് റദ്ദാക്കിയത്. ന്യൂയോര്‍ക്ക് കോടതിയിലുണ്ടായിരുന്ന തട്ടിപ്പുകേസുകളാണ് കഴിഞ്ഞ ദിവസം റദ്ദാക്കിയത്. കുറ്റാരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിക്കായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 26.5 കോടി ഡോളര്‍ കൈക്കൂലി നല്‍കിയെന്നും ഇതുമറച്ചുവച്ച് ഈ പദ്ധതിയുടെ പേരില്‍ യുഎസിലെ നിക്ഷേപകരയടക്കം കബളിപ്പിച്ചെന്നുമായിരുന്നു കേസ്.

ഗൗതം അദാനി, ബന്ധുവായ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജി മുന്‍ സിഇഒ വിനീത് ജെയ്ന്‍ എന്നിവരടക്കമുള്ളവര്‍ തട്ടിപ്പിനായി 300 കോടി ഡോളറിലധികം വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സമാഹരിച്ചതായും കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നു. ഇന്ത്യയിലെ സൗരോര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകരെ വഞ്ചിച്ചെന്ന സിവില്‍ കേസുകള്‍ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ കഴിഞ്ഞയാഴ്ച ഒത്തുതീര്‍പ്പാക്കിയിരുന്നു.

കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ഗൗതം അദാനി 60 ലക്ഷം ഡോളറും സാഗര്‍ അദാനി 1.2 കോടി ഡോളറും പിഴയൊടുക്കാന്‍ സമ്മതിച്ചതോടെയായിരുന്നു കേസ് ഒത്തുതീര്‍പ്പാക്കിയത്. യുഎസ് ട്രഷറി വകുപ്പിന്റെ ഭാഗമായ ഓഫിസ് ഓഫ് ഫോറിന്‍ അസെറ്റ്സ് കണ്‍ട്രോളിന്റെ ഉപരോധം ലംഘിച്ച് ഇറാനില്‍ നിന്ന് എല്‍പിജി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസും ഒത്തുതീര്‍പ്പായിരുന്നു.

Content Highlights: Stocks of several Adani Group firms, including Adani Enterprises, Adani Green, Adani Power, Adani Ports, Adani Energy and Adani Total Gas, rose by as much as 3.5% after the case was effectively closed the securities and wire alleged fraud case in New York.

To advertise here,contact us