ഇറാനിൽ ഗുരുതര പ്രതിസന്ധി? എണ്ണ സൂക്ഷിക്കാൻ സ്ഥലമില്ല? സാമ്പത്തിക ആഘാതം ഉണ്ടായേക്കുമെന്നും റിപ്പോർട്ട്

പ്രതിസന്ധി ഇത്തരത്തിൽ തുടരുകയാണെങ്കിൽ എണ്ണ ഉത്പാദനം കുറയ്ക്കാൻ ഇറാൻ നിർബന്ധിതരാകുമെന്നും മുന്നറിയിപ്പുണ്ട്

ടെഹ്‌റാൻ: ഇറാൻ-യുഎസ് സംഘർഷം ആഗോള ക്രൂഡ് ഓയിൽ ശൃംഖലയെ ദുർബലപ്പെടുത്തിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും മറ്റും ക്രൂഡ് ഓയിൽ വില ഉയരാനും കാരണമായിരിക്കുകയാണ്. ഇതിനിടെ ഇറാൻ ഒരു പ്രതിസന്ധി നേരിടുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

ഉത്പാദിപ്പിച്ച എണ്ണ സൂക്ഷിക്കാൻ ഇടമില്ല എന്നതാണ് ഇറാൻ നേരിടുന്ന പ്രതിസന്ധി. നിലവിലെ സംഭരണശാലകൾ അതിവേഗമാണ് നിറയുന്നത്. അതിനാൽ എപ്പോൾ വേണമെങ്കിലും ഉത്പാദനം നിർത്തിയേക്കാം എന്ന അവസ്ഥയാണ് എന്നാണ് റിപ്പോർട്ടുകൾ. കപ്ലെർ എന്ന ഗവേഷണ സ്ഥാപനം പറയുന്നതനുസരിച്ച് രണ്ടാഴ്ചയോടെ നിലവിലെ സംഭരണശേഷി പൂർണമാകും.

12 മുതൽ 22 ദിവസത്തെ സംഭരണശേഷിയാണ് ഇറാന് നിലവിലുള്ളത് എന്നും കപ്ലെർ റിപ്പോർട്ട് ചെയുന്നുണ്ട്. പ്രതിസന്ധി ഇത്തരത്തിൽ തുടരുകയാണെങ്കിൽ എണ്ണ ഉത്പാദനം 1.5 ദശലക്ഷം ബാരൽ വരെ കുറയ്ക്കാൻ ഇറാൻ നിർബന്ധിതരാകുമെന്നും മുന്നറിയിപ്പുണ്ട്. ഇറാന്റെ എണ്ണ ഉത്പാദനം താരതമ്യേന കുറഞ്ഞിരിക്കുന്ന സമയത്ത് കൂടിയാണ് ഇത്തരത്തിൽ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം 2.5 മില്യൺ ബാരൽ എണ്ണയാണ് ഇറാൻ ഉത്പാദിപ്പിക്കാതെ തടഞ്ഞുവെച്ചത്. സൗദി അറേബ്യ, കുവൈറ്റ്, യുഎഇ എന്നിവരും ഉത്പാദനം കുറച്ചിട്ടുണ്ട്.

എണ്ണ സംഭരണത്തിൽ പ്രതിസന്ധി ഉണ്ടെങ്കിലും ഇതിന്റെ സാമ്പത്തിക ആഘാതം ഉടനെയുണ്ടാകില്ല എന്നും കപ്ലെർ റിപ്പോർട്ട് ചെയുന്നുണ്ട്.

ഏപ്രിൽ ആദ്യം മുതൽക്കുതന്നെ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതി കുത്തനെ ഇടിഞ്ഞിരുന്നു. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണനീക്കം കുറഞ്ഞതോടെ, കയറ്റുമതി പ്രതിദിനം ഏകദേശം 567000 ബാരലായി കുറഞ്ഞിരുന്നു. എന്നിരുന്നാലും, ഇറാന്റെ വരുമാനത്തിൽ ഉടനെ ഇടിവുണ്ടാകില്ലെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇറാനിയൻ എണ്ണക്കപ്പലുകൾ ചൈനീസ് തുറമുഖങ്ങളിൽ എത്താൻ ഏകദേശം രണ്ട് മാസമെടുക്കും. ഉപരോധങ്ങൾ മറികടന്നുകൊണ്ടുള്ള പാതകളിലൂടെ കപ്പലുകൾ നീങ്ങുന്നതിനാലാണിത്. എണ്ണ വാങ്ങുന്നവരിൽ നിന്ന് പണം ലഭിക്കാൻ രണ്ട് മാസം എടുക്കും. അതിനാൽ സാമ്പത്തികമായുള്ള പ്രതിസന്ധി എത്രത്തോളം ഉണ്ടാകുമെന്ന് ഉടനെ വിലയിരുത്താൻ കഴിയില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, പശ്ചിമേഷ്യൻ സംഘർഷത്തിൽ ആശങ്കയുമായി 'ബ്രിക്സ്' രംഗത്തെത്തിയിരുന്നു. ഡൽഹിൽ ചേർന്ന യോ​ഗത്തിലാണ് ബ്രിക്സ് പ്രതിനിധികൾ പശ്ചിമേഷ്യയിൽ തുടരുന്ന സംഘ‍ർഷാവസ്ഥ ചൂണ്ടികാട്ടി ആശങ്ക അറിയിച്ചത്.

ബ്രിക്സ് വിദേശകാര്യ സഹമന്ത്രിമാരും പ്രത്യേക പ്രതിനിധികളുമാണ് യോ​ഗത്തിൽ പങ്കെടുത്തത്. സംഘർഷത്തെക്കുറിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കിയില്ല. ഭീകരവാദത്തോട് സന്ധി പാടില്ലെന്നാണ് ബ്രിക്സ് പ്രതിനിധികളുടെ നിലപാട്. യോ​ഗത്തിൽ പശ്ചിമേഷ്യൻ സംഘർഷത്തിന് പുറമേ പലസ്തീൻ സംഘർഷം , യമനിലെയും ലിബിയയിലെയും രാഷ്ട്രീയ അനിശ്ചിതത്വം എന്നിവയും ചർച്ച ചെയ്തു. യുദ്ധത്തിൽ സമാധാനം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഒരു രാജ്യത്തിന്റെയും പേരെടുത്ത് പറയാതെയായിരുന്നു പരാമർശം. അടുത്തവർഷം ചൈനയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും.

Content Highlights: Iran is facing a growing crisis due to a lack of storage space for its oil production. Reports indicate that existing storage facilities are rapidly filling up, raising concerns that the country may soon be forced to halt production

To advertise here,contact us