ആഗോള വിപണിയില്‍ സ്വര്‍ണവില റെക്കോര്‍ഡ് ഉയരങ്ങളിലെത്തിയതോടെ, പെണ്‍കുട്ടിക്ക് സ്വര്‍ണം സമ്മാനിക്കുന്ന പാരമ്പര്യം പല കുടുംബങ്ങള്‍ക്കും താങ്ങാനാവാത്ത ബാധ്യതയായി മാറുകയാണ്. ഇതിന് പരിഹാരമെന്നോണം പുതിയ മാറ്റം പ്രകടമാകുന്നു. ബേസ് മെറ്റലുകള്‍ക്ക് മുകളില്‍ 24 കാരറ്റ് സ്വര്‍ണത്തിന്റെ നേര്‍ത്ത പാളികള്‍ പൂശിയ 'വണ്‍-ഗ്രാം ഗോള്‍ഡ്' ആഭരണങ്ങള്‍ വിപണി കീഴടക്കുകയാണെന്ന് അല്‍ ജസീറയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ വിവാഹ വേളയില്‍ വധുവിന് സ്വര്‍ണം നല്കുന്ന രീതിയുണ്ട്. എന്നാല്‍ നിലവിലെ സാമ്പത്തിക സാഹചര്യം സ്വര്‍ണത്തെ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കി മാറ്റിയിരിക്കുകയാണ്. 2026ന്റെ തുടക്കത്തില്‍ സ്വര്‍ണ്ണവില ട്രോയ് ഔണ്‍സിന് 5,595 ഡോളര്‍ എന്ന ഞെട്ടിക്കുന്ന നിരക്കിലെത്തിയത് വിവാഹ ആവശ്യക്കാര്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചു.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യയില്‍ 2025ല്‍ സ്വര്‍ണ്ണാഭരണങ്ങളുടെ ആവശ്യം 24 ശതമാനം ഇടിഞ്ഞു. ഇടത്തരക്കാരെയും തൊഴിലാളിവര്ഗത്തെയുമാണ് ഈ വിലക്കയറ്റം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഉദാഹരണത്തിന്, ഇന്ത്യയിലെ ഒരു സാധാരണ തൊഴിലാളിയുടെ മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമാണ് ഒരു സ്വര്‍ണ മോതിരത്തിന്റെ വില. സമാനമായി പാകിസ്ഥാനിലും സ്വര്‍ണവില ഒരു തോലയ്ക്ക് (11.66 ഗ്രാം) ഏകദേശം 5,40,000 രൂപയായി ഉയര്‍ന്നതോടെ സാധാരണ കുടുംബങ്ങള്‍ക്ക് സ്വര്‍ണം വാങ്ങുക എന്നത് അസാധ്യമായി മാറിയിരിക്കുന്നു.
ഇമിറ്റേഷന്‍ വിപണിയുടെ വളര്‍ച്ച
സ്വര്‍ണം ധരിക്കുകയെന്ന രീതി നിലനിര്‍ത്താന്‍ പല കുടുംബങ്ങളും ഇപ്പോള്‍ ഇമിറ്റേഷന്‍ വിപണിയെ ആശ്രയിക്കുന്നുണ്ട്. കല്യാണദിവസം വന്‍ വിലമതിക്കുന്ന യഥാര്‍ഥ സ്വര്‍ണമാലയ്ക്ക് പകരം 'വണ്‍-ഗ്രാം ഗോള്‍ഡ്' ആഭരണങ്ങള്‍ ധരിക്കാന്‍ വധുക്കള്‍ താല്പര്യപ്പെടുന്നു. മുംബൈയിലെയും ഡല്‍ഹിയിലെയും സ്വര്‍ണപ്പണിക്കാര്‍ പറയുന്നത് പത്തില്‍ ഒന്‍പത് ഉപഭോക്താക്കളും ഇപ്പോള്‍ യഥാര്‍ത്ഥ സ്വര്‍ണ്ണത്തിന് പകരം കൃത്രിമ ആഭരണങ്ങളാണ് തിരഞ്ഞെടുക്കുന്നത് എന്നാണ്.
ബംഗ്ലാദേശിലെ ധാക്കയില്‍ ഹോള്‍സെയില്‍ വിപണികളില്‍ 1.50 ഡോളറിന് ഇമിറ്റേഷന്‍ കമ്മലുകള്‍ ലഭ്യമാണ്. ഇത് കുറഞ്ഞ ചെലവില്‍ വസ്ത്രങ്ങള്ക്കനുയോജ്യമായ ആഭരണങ്ങള്‍ ധരിക്കാന്‍ സ്ത്രീകളെ സഹായിക്കുന്നു. പാക്കിസ്ഥാനില്‍ സ്വര്‍ണം പൂശിയ ബ്രൈഡല്‍ സെറ്റുകള്‍ക്ക് ഏകദേശം 143-215 ഡോളര്‍ മാത്രമേ ചെലവാകുന്നുള്ളൂ; ഇത് യഥാര്‍ത്ഥ സ്വര്‍ണത്തിന്റെ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ്. സുരക്ഷാ കാരണങ്ങളും ഈ മാറ്റത്തിന് പിന്നിലുണ്ട്. മോഷ്ടിക്കപ്പെട്ടേക്കുമെന്ന ഭയം ഒഴിവാക്കാന്‍ പല സ്ത്രീകളും ഇപ്പോള്‍ ഇമിറ്റേഷന്‍ ആഭരണങ്ങള്‍ ധരിക്കാന്‍ താല്പര്യപ്പെടുന്നു.
പകരം സംവിധാനങ്ങള്‍ ഉണ്ടെങ്കിലും സ്വര്‍ണവില വലിയ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആവശ്യപ്പെടുന്ന സ്വര്‍ണം നല്കാന് കഴിയാത്തതിനാല്‍ വിവാഹപ്രായം കഴിഞ്ഞ സ്ത്രീകളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിന്റെ മറുവശം, സ്വര്‍ണത്തെ കേവലം ആഭരണമെന്നതിനേക്കാള്‍ സാമ്പത്തിക നിക്ഷേപമായി കാണുന്നവരുടെ എണ്ണം കൂടിയെന്നതാണ്.
Content Highlights: Gold is unaffordable so South Asian brides turn to one gram substitutes