യുഎഇക്ക് സാമ്പത്തിക സാഹയം നല്‍കാമെന്ന് യുഎസ്: വിമർശനവും ശക്തം; 'അവർ സമ്പന്നരാണ്, സഹായം അവശ്യമില്ല'

അമേരിക്കയിലെ തൊഴിലാളികളുടെ പണം ഉപയോഗിച്ച് എന്തിനാണ് ആഡംബര ജീവിതം നയിക്കുന്ന യുഎഇയെ സഹായിക്കുന്നത്?

ആവശ്യമെങ്കില്‍ യുഎഇക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് യുഎസ്. ഇറാനുമായുള്ള അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധം മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെങ്കിൽ യുഎഇക്ക് ആവശ്യമായ ഡോളർ വായ്പ നൽകാൻ തയ്യാറാണെന്നാണ് യുഎസ് ഭരണകൂടം അറിയിച്ചിരിക്കുന്നത്. യുഎഇ തങ്ങളുടെ വിശ്വസ്ത സഖ്യകക്ഷിയാണെന്നും ആവശ്യമെങ്കിൽ ട്രഷറി സെക്രട്ടറി അവർക്ക് എല്ലാ സഹായവും നൽകുമെന്നും വൈറ്റ് ഹൗസ് നാഷണൽ ഇക്കണോമിക് കൗൺസിൽ ഡയറക്ടർ കെവിൻ ഹാസെറ്റ് വ്യക്തമാക്കി.

കറൻസി സ്വാപ്പ് സംവിധാനത്തിലൂടെ കുറഞ്ഞ നിരക്കിൽ ഡോളർ ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള പ്രാഥമിക ചർച്ചകൾ യുഎഇ സെൻട്രൽ ബാങ്ക് ഗവർണറും യുഎസ് ട്രഷറി സെക്രട്ടറിയും തമ്മിൽ നടന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ യുഎഇ ദിർഹം ഡോളറുമായി ബന്ധിപ്പിക്കപ്പെട്ട കറൻസിയായതിനാലും, ഇറക്കുമതിക്കും കടം തിരിച്ചടവിനും ഡോളർ അത്യാവശ്യമായതിനാലും ഈ സാമ്പത്തിക നീക്കം യുഎഇക്ക് വലിയ കരുത്താകുമെന്നും റിപ്പോർട്ടുകള്‍ പറയുന്നു.

എന്നാൽ അതിസമ്പന്നമായ യുഎഇക്ക് സാമ്പത്തിക സഹായം നൽകുന്നതിനെതിരെ ഡൊണാൾഡ് ട്രംപിന്റെ അടുത്ത അനുയായിയും തീവ്ര വലതുപക്ഷ നിരീക്ഷകനുമായ സ്റ്റീവ് ബാനൻ രംഗത്ത് വന്നു. അമേരിക്കയിലെ തൊഴിലാളികളുടെ പണം ഉപയോഗിച്ച് എന്തിനാണ് ആഡംബര ജീവിതം നയിക്കുന്ന യുഎഇയെ സഹായിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

യുഎഇയെ 'അഴുക്ക്' എന്ന് വിശേഷിപ്പിച്ച ബാനൻ, ട്രംപിന്റെ 'അമേരിക്ക ഫസ്റ്റ്' നയത്തിന് വിരുദ്ധമാണ് ഇതെന്നും തന്റെ പോഡ്‌കാസ്റ്റിലൂടെ അവകാശപ്പെട്ടു. ഒരു ലക്ഷം കോടി ഡോളറോളം ആസ്തിയുള്ള പരമാധികാര വെല്‍ത്ത് ഫണ്ടുള്ള (Sovereign Wealth Fund) യുഎഇക്ക് എന്തിനാണ് യുഎസ് നികുതിപ്പണത്തിൽ നിന്ന് സഹായം നൽകുന്നതെന്ന് മറ്റ് ചില സാമ്പത്തിക വിദഗ്ധരും ചോദിച്ചു.

അതേസമയം, അമേരിക്കയുടെ സഹായം ലഭിച്ചില്ലെങ്കിൽ എണ്ണ വ്യാപാരത്തിന് ചൈനീസ് യുവാനോ മറ്റ് കറൻസികളോ ഉപയോഗിക്കേണ്ടി വരുമെന്ന സൂചന യുഎഇ നൽകിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ലോക വിപണിയിൽ ഡോളറിന്റെ ആധിപത്യം ഉറപ്പിച്ചു നിർത്തുന്നത് എണ്ണ വ്യാപാരം ഡോളറിൽ നടക്കുന്നത് (പെട്രോഡോളർ) വഴിയാണ്.

ഇറാൻ യുദ്ധം മൂലം ഗൾഫ് രാജ്യങ്ങൾ ഡോളറിൽ നിന്ന് പിന്മാറിയാൽ അത് അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയെ തകർക്കുമെന്ന ഭയമാണ് യുഎസിനെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. നിലവിൽ ഇറാന്റെ മിസൈൽ ആക്രമണങ്ങൾ യുഎഇയിലെ വിനോദസഞ്ചാര മേഖലയെയും എണ്ണ കയറ്റുമതിയെയും ബാധിച്ചിട്ടുണ്ടെങ്കിലും, ഇറാനെതിരെയുള്ള യുദ്ധത്തിൽ അമേരിക്കയ്ക്കൊപ്പം ഉറച്ചുനിൽക്കുന്ന നിലപാടാണ് യുഎഇ സ്വീകരിച്ചിരിക്കുന്നത്.

Content Highlights: The United States has said it is ready to provide financial assistance to the UAE if needed, but the move has drawn criticism. Critics argue that the UAE, being a wealthy nation, does not require such support. The statement has sparked debate over international aid priorities and economic policies.

To advertise here,contact us