'ഒരു പവന്‍ സ്വർണത്തിന് നികുതി 3360 രൂപ'; സർക്കാർ ഇടപെടണം: ആവശ്യവുമായി വ്യാപാരികള്‍

8 ഗ്രാം സ്വർണത്തിന്റെ വില 19,000 രൂപയായിരുന്ന കാലത്താണ് 3 ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയത്

ആലപ്പുഴ: സ്വർണാഭരണങ്ങളുടെ ജിഎസ്‌ടി നിരക്ക് 3 ശതമാനത്തിൽ നിന്ന് ഒരു ശതമാനമായി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര. സംസ്ഥാനം കേന്ദ്ര ജിഎസ്‌ടി കൗൺസിലിൽ ഈ ആവശ്യം ശക്തമായി ഉന്നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“8 ഗ്രാം സ്വർണത്തിന്റെ വില 19,000 രൂപയായിരുന്ന കാലത്താണ് 3 ശതമാനം ജിഎസ്‌ടി ഏർപ്പെടുത്തിയത്. ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടന്നിരിക്കുന്നു. ഇതനുസരിച്ച് ഒരു പവൻ വാങ്ങുന്ന ഉപഭോക്താവ് 3360 രൂപയാണ് നികുതിയായി നൽകേണ്ടിവരുന്നു. ഈ ഉയർന്ന നികുതിഭാരം അനധികൃത വ്യാപാരത്തിനും കള്ളക്കടത്തിനും വഴിയൊരുക്കുകയും നികുതി നൽകി നിയമാനുസൃതമായി വ്യാപാരം നടത്തുന്നവരെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു,” രാജു അപ്‌സര ചൂണ്ടിക്കാട്ടി.

ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച അക്ഷയതിരുവോണം സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു രാജു അപ്‌സര. സംസ്ഥാന വർക്കിങ് പ്രസിഡന്റ് റോയി പാലത്രയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡന്റ് ഹാഷിം കോന്നി, എബി തോമസ്, നസീർ പുന്നയ്ക്കൽ, സബിൽ രാജ്, വർഗീസ് വല്യാക്കൽ, കെ.എസ്. മുഹമ്മദ്, എം.പി. ഗുരുദയാൽ, കെ. നാസർ, വിഷ്ണു സാഗർ, നൗഷാദ് ഹമീദ്, പ്രവീൺ രാമഭദ്രൻ, ഇക്ബാൽ പടിപ്പുരയ്ക്കൽ തുടങ്ങിയവർ പങ്കെടുത്തു.

രാജ്യത്തെ നികുതി

രാജ്യത്ത് നിലവിൽ സ്വർണത്തിന്റെ മൂല്യത്തിന് 3 ശതമാനം ജിഎസ്‌ടിയാണ് (1.5% സിജിഎസ്‌ടി + 1.5% എസ്‌ജിഎസ്‌ടി) ഈടാക്കുന്നുന്നത്. ഇത് സ്വർണാഭരണങ്ങൾ, സ്വർണ നാണയങ്ങൾ, ബാർ എന്നിവയ്ക്ക് ഒരുപോലെ ബാധകമാണ്. സ്വർണാഭരണങ്ങളുടെ പണിക്കൂലി അധികമായി 5 ശതമാനം ജിഎസ്‌ടിയും ഈടാക്കുന്നു. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന് നിലവിൽ 6 ശതമാനം കസ്റ്റംസ് ഡ്യൂട്ടി (5% ബേസിക് കസ്റ്റംസ് ഡ്യൂട്ടി + 1% എഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസ്)യാണ് ബാധകമായിരിക്കുന്നത്.

Content Highlights: Gold traders have raised concerns over rising tax burdens, with the tax on one pavan reaching ₹3360. They are urging the government to intervene and reduce the levy, stating that high taxes are impacting sales and market demand. The issue highlights growing pressure within the gold industry over pricing and taxation policies.

To advertise here,contact us