ക്രിക്കറ്റിനെ അതിന്റെ എല്ലാ വാണിജ്യ സാധ്യതകളും ഉപയോഗപ്പെടുത്തി നടപ്പാക്കിയ വമ്പന്‍ ടൂര്‍ണമെന്റാണ് നമ്മുടെ സ്വന്തം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. 2008ല്‍ ആരംഭിച്ച് 19-ാം പതിപ്പില്‍ എത്തിനില്‍ക്കുന്ന ഐപിഎല്ലിന്റെ ഓരോ എഡിഷനും കായിക ടൂര്‍ണമെന്റ് എന്നതിലുപരി പൂര്‍ണമായ എന്റര്‍ടൈന്‍മെന്റ് ബിസിനസ് ആയി മാറിയിരിക്കുകയാണ്. മൈതാനത്തെ മത്സരങ്ങള്‍ക്കപ്പുറം മീഡിയ ഡീലുകള്‍, സ്പോണ്സര്ഷിപ്പുകള്, ടീം ബ്രാന്‍ഡിങ് എന്നിവയിലൂടെ കെട്ടിപ്പടുത്ത വലിയ വാണിജ്യ സാമ്രാജ്യമാണ് ഐപിഎല്‍. ആഗോള സാമ്പദ്വ്യവസ്ഥയിലെ ചാഞ്ചാട്ടത്തിനിടയിലും ഇന്ത്യന്‍ ക്രിക്കറ്റ് വിപണി കുതിച്ചുചാട്ടം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാകുന്നത്.
പരമ്പരാഗത ബ്രാന്‍ഡുകളുടെ തിരിച്ചുവരവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുതിയ സാങ്കേതിക വിദ്യകളുടെ കടന്നുകയറ്റവും ഐപിഎല്ലിനെ ഒരു കായിക മാമാങ്കം എന്നതിലുപരി ലോകത്തെ വലിയ വാണിജ്യ പ്ലാറ്റ്ഫോമായി മാറ്റിയിരിക്കുന്നു. കായിക മത്സരത്തില്‍ നിന്നുള്ള വരുമാനത്തിന്റെ അടിസ്ഥാനത്തില്‍, ഐപിഎല്‍ ഇപ്പോള്‍ അമേരിക്കയിലെ എന്‍എഫ്എല്ലിന് തൊട്ടുപിന്നിലായി ലോകത്ത് രണ്ടാം സ്ഥാനത്താണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനേക്കാള്‍ ഉയര്‍ന്ന മൂല്യമാണ് ഇപ്പോള്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കുള്ളത്. 2022ല്‍ ഐപിഎല്‍ ഡെക്കാകോണ്‍ പദവി സ്വന്തമാക്കി. അതായത് 1000 കോടി ഡോളറില്‍ (ഏകദേശം 93,000 കോടി രൂപ) കൂടുതല്‍ മൂല്യമുള്ള സംരംഭമായി ഇത് മാറി. ലീഗിന്റെ വരുമാന വഴികള്‍ ഏതെല്ലാമാണെന്ന് നോക്കാം.
സംപ്രേഷണാവകാശം
ഐപിഎല്ലിന്റെ മൂല്യം ഇത്രയധികം ഉയരാന്‍ പ്രധാന കാരണം ഇതിന്റെ സംപ്രേക്ഷണാവകാശമാണ്. ടിവി ചാനലുകളും സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും മത്സരങ്ങള്‍ തത്സമയം കാണിക്കുന്നതിനായി കോടിക്കണക്കിന് രൂപയാണ് നല്‍കുന്നത്. ഈ വരുമാനത്തിന്റെ വലിയൊരു ഭാഗം ബിസിസിഐയും ഫ്രാഞ്ചൈസികളും തമ്മില്‍ പങ്കിടുന്നു. ഇത് ടീമുകളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു. ഐപിഎല്‍ അതിന്റെ 2026 സീസണിലേക്ക് കടക്കുമ്പോള്‍ സ്പോണ്‍സര്‍ഷിപ്പ്, മീഡിയ അവകാശങ്ങള്‍ എന്നിവയില്‍ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.
ഡിസ്നി+ ഹോട്ട്സ്റ്റാറും റിലയന്‍സിന്റെ വിയാകോം 18ഉം ലയിച്ചതിനെത്തുടര്‍ന്ന് രൂപപ്പെട്ട ജിയോഹോട്ട്സ്റ്റാര്‍ ആണ് ഇപ്പോള്‍ ഡിജിറ്റല്‍, ടിവി രംഗത്തെ പ്രധാന കരുത്ത്. ഏകദേശം 48,390 കോടി രൂപയ്ക്കാണ് 2023-27 കാലഘട്ടത്തിലേക്കുള്ള സംപ്രേഷണാവകാശങ്ങള്‍ വിറ്റുപോയിരിക്കുന്നത്. പുതിയ സീസണിന്റെ തുടക്കത്തില്‍ തന്നെ പരസ്യ അളവില്‍ 10 ശതമാനം വര്‍ധന രേഖപ്പെടുത്തി. സ്റ്റാര്‍ സ്പോര്‍ട്സും ഹോട്ട്സ്റ്റാറും വഴി 75 കോടിയിലധികം ആളുകളിലേക്ക് ഒരേസമയം എത്താന്‍ സാധിക്കുന്നത് ബ്രാന്‍ഡുകളെ ആകര്‍ഷിക്കുന്നു. 10 സെക്കന്‍ഡ് പരസ്യത്തിന് 5 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്.
സ്പോണ്‍സര്‍ഷിപ്പ് കരാറുകള്‍
ഐപിഎല്ലിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്ന് ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പുകളാണ്. ടൂര്‍ണമെന്റുമായി സഹകരിക്കാന്‍ വലിയ ബ്രാന്‍ഡുകള്‍ വന്‍തുക നല്കുന്നു. കൂടാതെ സ്ട്രാറ്റജിക് ടൈംഔട്ട് സ്പോണ്‍സര്‍മാര്‍, ഒഫീഷ്യല്‍ പാര്‍ട്ണര്‍മാര്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സ്പോണ്‍സര്‍ഷിപ്പ് വരുമാനം ലഭിക്കുന്നു. മുന്‍കാലങ്ങളില്‍ ഗെയിമിങ്, എജൂടെക് കമ്പനികളായിരുന്നു ഐപിഎല്ലിലെ പ്രധാന സ്പോണ്സര്മാരെങ്കില്, 2026ല്‍ വലിയ മാറ്റം പ്രകടമാണ്. 2,500 കോടി രൂപയുടെ റെക്കോര്‍ഡ് തുകയ്ക്കാണ് ടാറ്റ ഗ്രൂപ്പ് ഐപിഎല്‍ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് നിലനിര്‍ത്തിയത്. പരസ്യം നല്‍കാനായി ഗൂഗിള്‍, ഏഷ്യന്‍ പെയിന്റ്സ്, അമുല്‍, ഇത്തിഹാദ് എയര്‍വേയ്സ് തുടങ്ങി പ്രമുഖ കമ്പനികള്‍ രംഗത്തെത്തി. ഗൂഗിളാണ് ഈ സീസണിലെ ഏറ്റവും വലിയ പരസ്യദാതാവ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പകരം കൂടുതല്‍ സുസ്ഥിരമായ എഫ്എംസിജി, ബാങ്കിങ്, ഓട്ടോമൊബൈല്‍ കമ്പനികള്‍ സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നു.
ടീം സ്പോണ്സര്ഷിപ്പുകള്
ഓരോ ഫ്രാഞ്ചൈസിയും സ്വന്തം നിലയില്‍ ബ്രാന്‍ഡ് കരാറുകളില്‍ ഏര്‍പ്പെടുന്നു. ജേഴ്സിയിലെ ലോഗോകള്‍, കിറ്റ് പാര്‍ട്ണര്‍മാര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ചെന്നൈ സൂപ്പര്‍ കിങ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു തുടങ്ങിയ ജനപ്രിയ ടീമുകള്‍ക്ക് ഇത്തരത്തില്‍ വലിയ ലാഭം ലഭിക്കുന്നുണ്ട്.
ടിക്കറ്റ് വില്‍പ്പന
സ്റ്റേഡിയത്തില്‍ കളി കാണാന്‍ എത്തുന്ന ആരാധകരില്‍ നിന്നുള്ള ടിക്കറ്റ് വരുമാനവും പ്രധാനമാണ്. ഹോം ഗ്രൗണ്ടുകളില്‍ നടക്കുന്ന മത്സരങ്ങളിലെ ടിക്കറ്റ് വരുമാനത്തിന്റെ ഭൂരിഭാഗവും അതത് ടീമുകള്‍ക്കാണ് ലഭിക്കുന്നത്. ചെന്നൈ, മുംബൈ, കൊല്‍ക്കത്ത പോലുള്ള നഗരങ്ങളിലെ വലിയ സ്റ്റേഡിയങ്ങള്‍ ഇതിലൂടെ വന്‍ വരുമാനം നേടുന്നു.
മെര്‍ച്ചന്‍ഡൈസ് വില്‍പ്പന
ടീമുകളുടെ ജേഴ്സികള്‍, തൊപ്പികള്‍, മറ്റ് അനുബന്ധ സാധനങ്ങള്‍ എന്നിവയുടെ വില്‍പ്പനയിലൂടെയും വലിയ വരുമാനം ലഭിക്കുന്നുണ്ട്. ഇത് ടീമുകളുടെ ബ്രാന്‍ഡ് മൂല്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
ഡിജിറ്റല്‍ പരസ്യങ്ങളും സ്ട്രീമിങ്ങും
ക്രിക്കറ്റ് കാണുന്നത് ഓണ്‍ലൈനിലേക്ക് മാറിയതോടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് വലിയ വരുമാന മാര്‍ഗമായി മാറി. പരസ്യങ്ങളിലൂടെയും സബ്സ്ക്രിപ്ഷന് മോഡലുകളിലൂടെയും ഈ പ്ലാറ്റ്ഫോമുകള് പണം കണ്ടെത്തുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് മത്സരങ്ങളും ഒപ്പം പരസ്യവും എത്താന്‍ ഇത് സഹായിക്കുന്നു.
ഫ്രാഞ്ചൈസി ഫീസ്
ടീമുടമകള്‍ ഓരോ വര്‍ഷവും ബിസിസിഐക്ക് നിശ്ചിത തുക ഫീസായി നല്‍കണം. ഏറ്റവുമൊടുവില്‍ 2022 മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമായ ഗുജറാത്ത് ടൈറ്റന്‍സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകള്‍ വന്‍ തുക നല്‍കിയാണ് ലീഗില്‍ പ്രവേശിച്ചത്.
സമ്മാനത്തുക
ടൂര്‍ണമെന്റിലെ പ്രകടനത്തിന് അനുസരിച്ചാണ് സമ്മാനത്തുക നല്‍കുന്നത്. ഇതിന്റെ പകുതി തുക ഫ്രാഞ്ചൈസി ഉടമകള്‍ക്കും ബാക്കി പകുതി കളിക്കാര്‍ക്കുമാണ് ലഭിക്കുന്നത്.
വിമന്‍സ് പ്രീമിയര്‍ ലീഗിന്റെ ഉദയം
പുരുഷന്മാരുടെ ഐപിഎല്‍ വിജയിച്ച അതേ മാതൃകയില്‍ വനിതാ ക്രിക്കറ്റിലും ബിസിസിഐ വിപ്ലവം സൃഷ്ടിച്ചു. ഡബ്ല്യുപിഎല്‍ ആദ്യ സീസണില്‍ മാത്രം 700 കോടി രൂപയോളമാണ് ബിസിസിഐ സമാഹരിച്ചത്. 2023ല്‍ ആരംഭിച്ച ഡബ്ല്യുപിഎല്‍ അഞ്ച് ടീമുകളുമായാണ് നാല് സീസണുകള്‍ പൂര്‍ത്തിയാക്കിയത്. മുംബൈ, ബെംഗളൂരു ടീമുകള്‍ രണ്ടുവീതം ടൂര്‍ണമെന്റുകളില്‍ കിരീട ജേതാക്കളായി. വനിത ക്രിക്കറ്റിന് പ്രത്യേക പ്രാധാന്യം വന്നതോടെ ടൂര്‍ണമെന്റിന് കാഴ്ചക്കാരുമേറി.
ടീമുകളുടെ സാമ്പത്തിക മൂല്യം
ഐപിഎല്‍ ടീമുകള്‍ ഇപ്പോള്‍ കേവലം ക്ലബ്ബുകള്‍ മാത്രമല്ല, കോടികള്‍ മൂല്യമുള്ള ബിസിനസ് സ്ഥാപനങ്ങളായി മാറിയിരിക്കുന്നു. ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പ് വരുമാനം 1,000 കോടി രൂപ കടന്നു. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവരാണ് വിപണി മൂല്യത്തില്‍ മുന്നില്‍. ഓരോ ടീമും സ്പോണ്‍സര്‍ഷിപ്പിലൂടെ മാത്രം ശരാശരി 150 കോടി രൂപയോളം നേടുന്നു. രാജസ്ഥാന് റോയല്‍സ്, ആര്‍സിബി തുടങ്ങിയ ടീമുകളുടെ ഓഹരികള്‍ വലിയ വിലയ്ക്ക് വിറ്റഴിക്കപ്പെടുന്നത് നിക്ഷേപകര്‍ക്ക് ഈ ലീഗിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നു.
വിനോദത്തെയും ബിസിനസ്സിനെയും ഒരേപോലെ സമന്വയിപ്പിച്ചതാണ് ഐപിഎല്ലിന്റെ വിജയരഹസ്യം. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്ന ഇവന്റ് കൂടിയാണിത്. ഫിസിയോതെറാപ്പിസ്റ്റുകള്‍, പരിശീലകര്‍ തുടങ്ങി സ്റ്റേഡിയം ജീവനക്കാര്‍ വരെ ആയിരക്കണക്കിന് ആളുകള്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കുന്നു. മത്സരങ്ങള്‍ നടക്കുമ്പോള്‍ ഹോട്ടലുകള്‍ക്കും വിമാനക്കമ്പനികള്‍ക്കും വലിയ ബിസിനസ്സ് ലഭിക്കും. ഐപിഎല്‍ ഇന്ത്യയുടെ ജിഡിപിയിലേക്ക് കോടിക്കണക്കിന് രൂപയുടെ സംഭാവന നല്കുന്നു. വര്‍ഷത്തില്‍ രണ്ട് മാസം മാത്രം നീണ്ടുനില്‍ക്കുന്ന, ഇത്രയധികം ലാഭം ഉണ്ടാക്കുന്ന മറ്റൊരു കായിക മാമാങ്കം ലോകത്ത് തന്നെ വിരളമാണ്. ഓരോ വര്‍ഷവും ഐപിഎല്ലിന്റെ മൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
Content Highlights: How the IPL Became a Billion-Dollar Marketing Phenomenon