ഇറാനിയന്‍ എണ്ണ ഇന്ത്യയിലെത്തുമോ? ട്രംപിന്റെ ഉപരോധ ഇളവില്‍ കണ്ണുവച്ച് കേന്ദ്രം

ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ കാരണം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ഇന്ത്യയുടെ പകുതിയോളം എണ്ണ ഇറക്കുമതി തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, ഇറാനിയന്‍ എണ്ണ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും.

ഇറാനിയന്‍ എണ്ണക്കപ്പലുകള്‍ക്ക് മേലുള്ള ഉപരോധം യുഎസ് താല്‍ക്കാലികമായി നീക്കിയ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ ലഭ്യത ഉറപ്പാക്കാന്‍ പുതിയ നീക്കവുമായി ഇന്ത്യന്‍ സര്‍ക്കാര്‍. ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന കാര്യം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണ്. എന്നാല്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ സ്വീകരിക്കുന്ന സാങ്കേതികവും വാണിജ്യപരവുമായ സാധ്യതകള്‍ കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനമെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

പശ്ചിമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കാനും വിപണിയില്‍ എണ്ണയുടെ ലഭ്യത ഉറപ്പാക്കാനുമായാണ് യുഎസ് 30 ദിവസത്തേക്ക് ഉപരോധത്തില്‍ ഇളവ് അനുവദിച്ചത്. ഒപ്പം യുദ്ധവും താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് 20ന് മുമ്പ് കപ്പലുകളില്‍ കയറ്റിയ ഇറാനിയന്‍ എണ്ണയ്ക്ക് ഏപ്രില്‍ 19 വരെയാണ് ഇളവ് ബാധകമാകുക. അതേസമയം, 2019ന് ശേഷം ഇന്ത്യ ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യയ്ക്ക് ഗുണകരമാകാന്‍ പല കാരണങ്ങളുണ്ട്.

ഇറാനിയന്‍ എണ്ണ ഇന്ത്യന്‍ റിഫൈനറികള്‍ക്ക് അനുയോജ്യമാണെന്നതാണ് ആദ്യത്തെ ഘടകം. ഹോര്‍മുസ് കടലിടുക്കിലെ പ്രശ്‌നങ്ങള്‍ കാരണം ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ഇന്ത്യയുടെ പകുതിയോളം എണ്ണ ഇറക്കുമതി തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍, ഇറാനിയന്‍ എണ്ണ ഇന്ത്യയ്ക്ക് വലിയ ആശ്വാസമാകും. മുമ്പ് ഇന്ത്യയുടെ മൂന്നാമത്തെ വലിയ എണ്ണ വിതരണക്കാരായിരുന്നു ഇറാന്‍. അവര്‍ വിലക്കിഴിവും ക്രെഡിറ്റ് കാലയളവ് നീട്ടി നല്‍കുന്നതുള്‍പ്പെടെയുള്ള ആകര്‍ഷകമായ ഓഫറുകള്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്നു.

സാധ്യതകള്‍ ഉണ്ടെങ്കിലും ചില പ്രതിസന്ധികള്‍ ഇന്ത്യയ്ക്ക് മുന്നിലുണ്ട്. അന്താരാഷ്ട്ര പണമിടപാട് ശൃംഖലയായ സ്വിഫ്റ്റില്‍നിന്ന് ഇറാനെ പുറത്താക്കിയിരിക്കുന്നതിനാല്‍, എണ്ണ വാങ്ങിയാല്‍ പണം എങ്ങനെ കൈമാറും എന്നതില്‍ അവ്യക്തത തുടരുന്നു. മുമ്പ് യൂറോ വഴി നടത്തിയിരുന്ന ഇടപാടുകള്‍ ഇപ്പോള്‍ സാധ്യമല്ല. എന്നാല്‍ ചൈനയുമായി അടുത്തിടെ നടത്തിയ എണ്ണ ഇടപാടില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ ഇറാന്‍ സ്വീകരിച്ചിരുന്നു. സമാന രീതിയില്‍, രൂപയില്‍ ഇടപാട് നടത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്ന് വിവരമുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ രൂപയുടെ മൂല്യം ഇടിയാതെ പിടിച്ചുനിര്‍ത്താനുമാകും.

നിലവിലെ അമേരിക്കന്‍ ഇളവ് 30 ദിവസത്തേക്ക് മാത്രമാണ്. ഇത്രയും കുറഞ്ഞ കാലയളവിലേക്ക് പുതിയ കരാറുകള്‍ ഉണ്ടാക്കുന്നത് പ്രായോഗികമാണോ എന്ന് കമ്പനികള്‍ പരിശോധിക്കേണ്ടതുണ്ട്. 2016-17ല്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 12.6 ശതമാനം ഇറാനില്‍ നിന്നായിരുന്നു. 2018ല്‍ ട്രംപ് ഭരണകൂടം ഉപരോധം കര്‍ശനമാക്കിയതോടെ ഇത് കുറയുകയും 2019 മേയോടെ പൂര്‍ണമായും നിലയ്ക്കുകയും ചെയ്തു. സാങ്കേതികമായി ഇറാനിയന്‍ എണ്ണ ഇന്ത്യയ്ക്ക് മികച്ചതാണെങ്കിലും, പണമിടപാട് സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ 30 ദിവസത്തെ അവസരം പ്രയോജനപ്പെടുത്താന്‍ കഴിയൂ.

Content Highlights: India considering resuming crude oil imports from Iran as Donald Trump pauses war? What is Modi’s fresh plan?

To advertise here,contact us