പശ്ചിമേഷ്യയിൽ ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യസേനയും തമ്മിലുള്ള യുദ്ധം രൂക്ഷമായത് കേരളത്തിലെ വെൽനസ് ടൂറിസത്തെയും വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. സംസ്ഥാന ജിഡിപിയുടെ പത്ത് ശതമാനത്തോളം സംഭാവന ചെയ്യുന്ന ഈ മേഖലയിൽ മെഡിക്കൽ ടൂറിസം ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ വൻതോതിൽ ബുക്കിങ്ങുകൾ റദ്ദാക്കപ്പെടുകയാണ്.
സംഘർഷ സാഹചര്യത്തിൽ വിമാന സർവീസുകൾ വെട്ടിക്കുറച്ചതാണ് വിദേശത്തുനിന്നുള്ളവരുടെ വരവിനെ സാരമായി ബാധിച്ചതെന്ന് ദി ഹിന്ദുവിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ വെൽനസ് ടൂറിസത്തിന്റെ കേന്ദ്രമായി കണക്കാക്കപ്പെടുന്ന കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളിൽ 70 ശതമാനവും ആയുർവേദമുൾപ്പെടെയുള്ള ആരോഗ്യ സംരക്ഷണ ചികിത്സകൾക്കായി എത്തുന്നവരാണ്. യൂറോപ്പിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ഇല്ലാത്തതിനാൽ, സഞ്ചാരികളിൽ 85 ശതമാനവും ദോഹ അല്ലെങ്കിൽ ദുബായ് വഴിയാണ് ഇവിടെ എത്തിയിരുന്നത്.
സംഘർഷം രൂക്ഷമായതോടെ ഈ ഗതാഗത സംവിധാനം പൂർണമായും തടസ്സപ്പെട്ടു. ഇത് യാത്രകൾ റദ്ദാക്കാനും മാറ്റിവെക്കാനും കാരണമായി.
ഒക്ടോബർ-നവംബർ മാസങ്ങളിൽ ആരംഭിച്ച് മാർച്ചിൽ അവസാനിക്കുന്ന വിദേശ ടൂറിസ്റ്റ് സീസൺ അതിന്റെ അവസാന ഘട്ടത്തിലാണെങ്കിലും, ഇതിനകം തന്നെ 20-25 ശതമാനം ബിസിനസ് നഷ്ടം സംഭവിച്ചു കഴിഞ്ഞു. യുദ്ധം തുടങ്ങിയ ശേഷം അടുത്ത സീസണിലേക്കുള്ള ബുക്കിങ്ങുകളൊന്നും നടക്കുന്നില്ലെന്നത് വലിയ വെല്ലുവിളിയാണ്.
കൊമേർഷ്യൽ എൽപിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവും ടൂറിസം മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. കൊച്ചിയിലെ നൂറിലധികം ഹോട്ടലുകൾ പാചകവാതക ക്ഷാമം മൂലം അടച്ചുപൂട്ടേണ്ടി വന്നു. നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായേക്കും. ഏപ്രിൽ-മേയ് മാസങ്ങളിലെ ആഭ്യന്തര ടൂറിസം സീസൺ കഴിയുന്നതോടെ മേഖലയിൽ പിരിച്ചുവിടലുകൾക്കും ചെലവ് ചുരുക്കൽ നടപടികൾക്കും സാധ്യതയുണ്ട്.
2025ൽ 8.21 ലക്ഷം വിദേശ സഞ്ചാരികളാണ് കേരളത്തിലെത്തിയത്. 2023ൽ ഇത് 7.38 ലക്ഷമായിരുന്നു. ഇതിൽ വലിയൊരു ഭാഗം അമേരിക്കയിൽനിന്നും യു.കെയിൽനിന്നുമാണ്. ആയുർവേദ ചികിത്സയ്ക്കായി എത്തുന്ന വിദേശികൾ രണ്ടാഴ്ച മുതൽ മൂന്നാഴ്ച വരെ ഇവിടെ ചെലവഴിക്കാറുണ്ട്, ഇത് പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഗുണമാകാറുമുണ്ട്.
കോവിഡിന് മുൻപ് 11.89 ലക്ഷം വിദേശ സഞ്ചാരികൾ എത്തിയ സ്ഥാനത്ത്, ഇനിയും ആ നിലയിലേക്ക് തിരിച്ചെത്താൻ കേരളത്തിന് സാധിച്ചിട്ടില്ല. ഇതിനിടയിലാണ് പശ്ചിമേഷ്യൻ പ്രതിസന്ധി വെല്ലുവിളിയാകുന്നത്.കേന്ദ്ര സർക്കാർ കോവിഡ് കാലത്ത് നടപ്പിലാക്കിയത് പോലെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീം പോലുള്ള സഹായ നടപടികൾ പ്രഖ്യാപിച്ചില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷം ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടി നേരിടേണ്ടിവന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Content Highlights: Kerala wellness sector stares at uncertainty as West Asian crisis continues