ബാങ്ക് ഓഫ് ബറോഡയെ പറ്റിച്ചു; അനിൽ അംബാനിക്കെതിരെ പുതിയ സിബിഐ നീക്കം

കേസിന് പിന്നാലെ, അനില്‍ അംബാനിയുടെ വസതിയിലും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ഓഫീസുകളിലും സിബിഐ പരിശോധന നടത്തി

അനില്‍ അംബാനിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് സിബിഐ. ബാങ്ക് ഓഫ് ബറോഡയുമായി ബന്ധപ്പെട്ട 2,220 കോടി രൂപയുടെ വായ്പ തട്ടിപ്പിലാണ് കേസ്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ, അനില്‍ അംബാനിയുടെ വസതിയിലും റിലയന്‍സ് കമ്യൂണിക്കേഷന്‍സ് (ആര്‍കോം) കമ്പനിയുടെ രജിസ്റ്റര്‍ ചെയ്ത ഓഫീസുകളിലും സിബിഐ പരിശോധന നടത്തി.

ആരോപിക്കപ്പെടുന്ന വായ്പ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പൊലീസ് പിടിച്ചെടുത്തു.

ബാങ്ക് ഓഫ് ബറോഡയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 24ന് ആര്‍കോമും കമ്പനിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് ബാങ്ക് ഫണ്ടുകള്‍ തട്ടിയെടുക്കല്‍, ക്രിമിനല്‍ ഗൂഢാലോചന, വായ്പ തുക ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചെയ്തുവെന്നാണ് ആരോപണം. കൂടാതെ, ഔദ്യോഗിക സ്ഥാനത്തിന്റെ ദുരുപയോഗത്തിലും അഴിമതിയും സംബന്ധിച്ച അഴിമതി തടയല്‍ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

എഫ്‌ഐആറില്‍ ഉള്ള ആരോപണങ്ങള്‍ പ്രകാരം, വായ്പാ തുക കൃത്രിമ ഇടപാടുകളിലൂടെ ദുരുപയോഗം ചെയ്യുകയും ഇതുവഴി ബാങ്ക് ഓഫ് ബറോഡയ്ക്ക് 2,220 കോടി രൂപയ്ക്കും മുകളില്‍ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ അക്കൗണ്ട് രേഖകളില്‍ തിരുത്തലുകള്‍ വരുത്തി ക്രമക്കേടുകള്‍ മറച്ചുവെച്ചതായും കേസില്‍ പറയുന്നു. ഈ അക്കൗണ്ട് 2017ല്‍ തന്നെ നിഷ്‌ക്രിയാസ്തി ആയി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അനില്‍ അംബാനി ബോംബെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍, അക്കൗണ്ടിനെ തട്ടിപ്പായി പ്രഖ്യാപിക്കുന്നതില്‍ ഹൈക്കോടതി സ്റ്റേ നല്‍കിയിരുന്നു. ഫെബ്രുവരി 23ന് സ്റ്റേ നീക്കിയതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ബറോഡ പരാതി നല്‍കിയതും, സിബിഐ ഉടന്‍ കേസ് ഏറ്റെടുക്കുയായിരുന്നു.

കടബാധ്യതയില്‍ മുങ്ങിയിരിക്കുന്ന ടെലികോം കമ്പനിക്കെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. ഇതിനുമുമ്പ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയില്‍ സിബിഐ എഫ്‌ഐആര്‍ എടുത്തിരുന്നു. ആര്‍കോമിന് വായ്പ കൊടുത്ത് തട്ടിപ്പിന് ഇരയായ 11 വായ്പദാതാക്കളില്‍ പ്രധാനിയായിരുന്നു എസ്ബിഐ. ആ കണ്‍സോര്‍ട്ടിയത്തില്‍ ബാങ്ക് ഓഫ് ബറോഡ അംഗമായിരുന്നില്ല.

Content Highlights: The CBI has registered a new case against Anil Ambani in connection with an alleged Rs 2,220-crore loan fraud linked to Bank of Baroda

To advertise here,contact us