ബെംഗളൂരുവില്‍ വളര്‍ത്തുനായയെ കഴുത്തറുത്ത് കൊന്ന് യുവതി: ദുര്‍മന്ത്രവാദമെന്ന് സംശയം

അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മറ്റ് രണ്ട് നായ്ക്കളെ കെട്ടിയിട്ട നിലയിലായിരുന്നു. ഇവയെ രക്ഷപ്പെടുത്തി വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്

dot image

ബെംഗളൂരു: ബെംഗളൂരുവില്‍ വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായാണ് യുവതി നായയെ കൊന്നതെന്നാണ് സംശയം. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികള്‍ നഗരസഭാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ത്രിപര്‍ണ പായക് എന്ന യുവതിയാണ് തന്റെ ലാബ്രഡോര്‍ ഇനത്തില്‍പ്പെടുന്ന നായയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തുടര്‍ന്ന് നായയുടെ ശരീരം തുണിയില്‍ പൊതിഞ്ഞ് വയ്ക്കുകയും അപ്പാര്‍ട്ട്‌മെന്റിന്റെ ജനലുകളും വാതിലുകളും അടച്ച് പൂട്ടി കടന്നുകളയുകയുമായിരുന്നു. നഗരസഭാ ഉദ്യോഗസ്ഥരെത്തി വാതില്‍ തുറന്നപ്പോഴാണ് കഴുത്തില്‍ മുറിവേറ്റ് അഴുകിയ നിലയില്‍ നായയുടെ മൃതദേഹം കണ്ടെത്തിയത്.

മൂന്ന് നായ്ക്കളാണ് ത്രിപര്‍ണയ്ക്കുണ്ടായിരുന്നത്. ഇതിലൊന്നിനെയാണ് അവര്‍ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. ഇവര്‍ പശ്ചിമബംഗാള്‍ സ്വദേശിയാണ് എന്നാണ് വിവരം. ഏതോ തരത്തിലുളള പൂജ നടന്നുവെന്ന് തോന്നിപ്പിക്കുംവിധത്തില്‍ മതപരമായ നിരവധി ചിത്രങ്ങള്‍ അപ്പാര്‍ട്ട്‌മെന്റിനുളളില്‍ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. അതാണ് ക്രൂരതയ്ക്ക് പിന്നില്‍ ദുര്‍മന്ത്രവാദമാണോ എന്ന് സംശയമുയരാന്‍ കാരണം.

അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മറ്റ് രണ്ട് നായ്ക്കളെ കെട്ടിയിട്ട നിലയിലായിരുന്നു. ഇവയെ രക്ഷപ്പെടുത്തി വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നായ നാലുദിവസം മുന്‍പ് കൊല്ലപ്പെട്ടുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരതയുള്‍പ്പെടെയുളള വകുപ്പുകള്‍ ചുമത്തി യുവതിക്കെതിരെ മഹാദേവപുര പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Content Highlights: Bengaluru Woman kills her pet dog for black magic ritual: decomposed body found in apartment

dot image
To advertise here,contact us
dot image