
ഭോപ്പാൽ: മധ്യപ്രദേശിൽ പ്രഭാത സവാരിക്കിറങ്ങിയ സൈനിക ഉദ്യോഗസ്ഥനെ കാണാതായെന്ന് പരാതി. ലെഫ്റ്റനന്റ് കേണൽ പ്രദീപ് കുമാർ നിഗത്തെയാണ് കാണാതായത്. രണ്ട് ദിവസം മുൻപ് പുലർച്ചെ ആറരയോടെ വീട്ടിൽ നിന്ന് പ്രഭാത നടത്തത്തിനായി ഇറങ്ങിയ ശേഷം പ്രദീപ് കുമാർ തിരികെ വീട്ടിൽ എത്തിയിട്ടില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
സൈനിക ഉദ്യോഗസ്ഥർ ആദ്യം തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും അതിൽ ഫലം കാണാതായതോടെ കുടുംബം കന്റോൺമെന്റ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ലോകേഷ് സിൻഹ വ്യക്തമാക്കി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. സൈനിക ഉദ്യോഗസ്ഥന്റെ തിരോധാനത്തിൽ കുടുംബാംഗങ്ങളെ കൂടി ചോദ്യം ചെയ്യുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Content Highlights: Army officer missing after morning walk in Madhya Pradesh