

ധൗസ: രാജസ്ഥാനിലെ ധൗസയില്‍ കുഴല്‍ കിണറില്‍ അഞ്ചു വയസ്സുകാരന്‍ മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് കുട്ടി കുഴല്‍കിണറില്‍ വീണത്. 55 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടയിലാണ് ആര്യന്‍ കുഴല്‍ക്കിണറില്‍ വീണത്.
കുഴല്‍ക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ചാണ് ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രവര്‍ത്തിച്ചത്. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ആര്യന്‍ കുഴല്‍ക്കിണറില്‍ വീണത്. 150 അടിയിലേറെ ആഴമുള്ള സമാന്തര കുഴിയാണ് എക്സ്സിഎംജി 180 പൈലിംഗ് റിഗ് മെഷീന്‍ അടക്കമുള്ളവ ഉപയോഗിച്ച് കുഴിച്ചത്.
മേഖലയിലെ 160 അടിയില്‍ തന്നെ ജല സാന്നിധ്യമുള്ളതും കുഞ്ഞിന്റെ ചലനം തിരിച്ചറിയാന്‍ സാധിക്കാതിരുന്നതുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വെല്ലുവിളി സൃഷ്ടിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
Content Highlight: 5 year old boy died who fell in borewell rajasthan