'തന്നെ മത്സരിപ്പിക്കണമെന്നത് പാര്‍ട്ടി തീരുമാനം, ജനങ്ങളുടെ ഇടയില്‍ വിവാദം ചര്‍ച്ചയാകുന്നില്ല'; പി കെ ശ്യാമള

വാര്‍ത്താ സമ്മേളനത്തിന് രണ്ട് ദിവസം മുമ്പ് ടി കെ ഗോവിന്ദന്റെ വീട്ടില്‍ പോയിരുന്നുവെന്നും ശ്യാമള

'തന്നെ മത്സരിപ്പിക്കണമെന്നത് പാര്‍ട്ടി തീരുമാനം, ജനങ്ങളുടെ ഇടയില്‍ വിവാദം ചര്‍ച്ചയാകുന്നില്ല'; പി കെ ശ്യാമള
dot image

കണ്ണൂര്‍: വിവാദങ്ങള്‍ക്ക് വ്യക്തിപരമായി മറുപടി നല്‍കാനില്ലെന്ന് തളിപ്പറമ്പ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്യാമള. മറുപടി പാര്‍ട്ടി പറയുമെന്നും പാര്‍ട്ടിയാണ് കരുത്തെന്നും ശ്യാമള പറഞ്ഞു. ഇടതിന് വളരെ വളക്കൂറുള്ള മണ്ണാണ് തളിപ്പറമ്പെന്നും പി കെ ശ്യാമള പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഇലക്ഷന്‍ എക്‌സ്പ്രസ് എന്ന പ്രത്യേക പരിപാടിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോ. അരുണ്‍ കുമാറിനോടായിരുന്നു ശ്യാമളയുടെ പ്രതികരണം.

മുന്‍ സിപിഐഎം നേതാവും ഇപ്പോഴത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ടി കെ ഗോവിന്ദന്റെ വാര്‍ത്താ സമ്മേളനത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നില്ലെന്നും ശ്യാമള പ്രതികരിച്ചു. തന്നെ മത്സരിപ്പിക്കണമെന്നത് പാര്‍ട്ടി തീരുമാനമായിരുന്നുവെന്നും സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ചിരുന്നില്ലെന്നും പി കെ ശ്യാമള കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തിന് രണ്ട് ദിവസം മുമ്പ് ടി കെ ഗോവിന്ദന്റെ വീട്ടില്‍ പോയിരുന്നുവെന്നും ശ്യാമള വ്യക്തമാക്കി.

'ഇത്തരം വിവാദങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ്. പക്ഷേ ജനങ്ങളുടെ ഇടയില്‍ വിവാദങ്ങള്‍ ചര്‍ച്ചയാകുന്നില്ല. ആരുടെയും പ്രേരണയില്‍ അല്ല ഞാന്‍ സംഘടനയില്‍ വന്നത്. പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമാകുക, പാവപ്പെട്ടവരെ സഹായിക്കുക, സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി നിലനില്‍ക്കുക, അനീതിയെ ചോദ്യം ചെയ്യുക ഈ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാന്‍ പാര്‍ട്ടിയിലേക്ക് വന്നത്. ഞാന്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ സംഘടനയിലുണ്ട്', പി കെ ശ്യാമള പറഞ്ഞു.

എസ്എഫ്‌ഐയിലൂടെയാണ് സംഘടനാ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നും പി കെ ശ്യാമള കൂട്ടിച്ചേര്‍ത്തു. 'അടിയന്തരാവസ്ഥയ്ക്ക് ശേഷമാണ് കോളേജില്‍ പോകുന്നത്. ആ സമയത്ത് കെ എസ് യു കുത്തകയായിരുന്നു. അന്ന് കെ എസ് യു ക്ലാസില്‍ വന്ന് റാഗിങ് ചെയ്യും. അന്ന് വിദ്യാര്‍ത്ഥികളുടെ ഒരു രക്ഷകരായി ഉണ്ടായത് എസ്എഫ്‌ഐയായിരുന്നു. അങ്ങനെയാണ് എസ്എഫ്‌ഐയിലേക്ക് വരുന്നത്', പി കെ ശ്യാമള പറഞ്ഞു.

Content Highlights: Thalipparamba LDF candidate P K Syamala about controversy towards her

dot image
To advertise here,contact us
dot image