

തിരുവനന്തപുരം: യുഡിഎഫ് ഭരണകാലത്തെ അഴിമതി ആരോപണങ്ങൾ എണ്ണിപ്പറഞ്ഞ് 'ഇരുണ്ട കാല'മെന്ന പേരിൽ വെബ്‌സൈറ്റുമായി സിപിഐഎം. ഇരുണ്ടകാലം ഡോട് കോം (irundakalam.com) എന്ന വെബ്‌സൈറ്റ് ഐഡിയിലാണ് യുഡിഎഫിനെതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നത്. 'ഇരുണ്ട കാലം, ഓർമകൾ ഉണ്ടായിരിക്കണം. ഇനി വേണ്ട, ആ ഇരുണ്ട യുഡിഎഫ് കാലം' എന്നാണ് ഹോം പേജിൽ പറയുന്നത്. യുഡിഎഫ് ഭരണം തിരിച്ചുവരല്ലേ എന്നും ഇതിൽ പറയുന്നുണ്ട്.
യുഡിഎഫ് കാലത്ത് മന്ത്രിമാരും എംഎൽഎമാരുമായിരുന്ന നേതാക്കളുടെ ചിത്രത്തിനൊപ്പം അഴിമതി ആരോപണങ്ങളുമാണ് സൈറ്റിൽ നൽകിയിട്ടുള്ളത്. രമേശ് ചെന്നിത്തല, വി എസ് ശിവകുമാർ, പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, കെ ബാബു, അടൂർ പ്രകാശ്, എം കെ മുനീർ, പി കെ ജയലക്ഷ്മി, പി കെ അബ്ദുറബ്ബ് എന്നിവർക്കെതിരെ ചിത്ര സഹിതമാണ് സൈറ്റിൽ വിവരങ്ങൾ നൽകിയിട്ടുള്ളത്.
സോളാർ കാലം, പവർകട്ടും ലോഡ് ഷെഡിങ്ങും, ഗെയ്ൽ പദ്ധതിക്കും ഫുൾസ്റ്റോപ്പിട്ട യുഡിഎഫ് കാലം, തകർന്നടിഞ്ഞ പൊതുവിദ്യാഭ്യാസം, സ്ഥലംവിട്ട ദേശീയപാത അതോറിറ്റി, ബാർ കോഴ, വർഗീയത പടർത്തുന്ന എംഎൽഎമാരുടെ കാലം, പൊലീസ് ആധുനികവത്കരണ ഫണ്ടിൽ തിരിമറി, ആരോഗ്യ രംഗത്തെ അഴിമതി, അനധികൃത സ്വത്ത് സമ്പാദനക്കേസ്, 256 കോടിയുടെ ടൈറ്റാനിയം അഴിമതി, ആദിവാസി ഫണ്ട് തട്ടിപ്പ്, പാലാരിവട്ടം പാലം അഴിമതി, പ്ലസ്ടു കോഴ എന്നിങ്ങനെ തലക്കെട്ടുകളിലാണ് വിവിധ വിമർശനങ്ങൾ നൽകിയിട്ടുള്ളത്. ഇവയിൽ ക്ലിക്ക് ചെയ്താൽ ഇത് സംബന്ധിച്ച വീഡിയോകൾ ലഭ്യമാകും വിധമാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിട്ടുള്ളത്. വീഡിയോകളിൽ മാധ്യമവാർത്തകളുടെ ക്ലിപ്പുകളും നൽകിയിട്ടുണ്ട്.
Content Highlights: CPIM launches Irundakalam website depicting exposing UDF failures