

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് ഭീഷണി ഉയര്‍ത്തി പാലക്കാട്ടെ സിപിഐഎം വിമതര്‍. 'ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി' എന്ന പേരില്‍ പാര്‍ട്ടി രൂപീകരിക്കാനാണ് നീക്കം. പാലക്കാട് കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തില്‍ നീക്കങ്ങള്‍. പി കെ ശശിയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം. പാലക്കാട് ജില്ലയില്‍ വിമത കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കാനാണ് തീരുമാനം. കൊഴിഞ്ഞാമ്പാറ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഐഎം വിമതരാണ് സംയുക്തനീക്കം നടത്തുന്നത്. യുഡിഎഫ് പിന്തുണ വിമതര്‍ക്കുണ്ട്.
പാലക്കാട്ടെ വിമതനീക്കം സിപിഐഎം നിരീക്ഷിക്കുകയാണ്. പി കെ ശശിയുടെ നീക്കങ്ങള്‍ ഇന്നലെ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയായിരുന്നു. പി കെ ശശിയെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള നീക്കം സജീവമാണ്. പി കെ ശശി എത്തിയാല്‍ ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം സീറ്റുകളില്‍ ഏതെങ്കിലും ഒന്ന് നല്‍കിയേക്കും. കെടിഡിസി ചെയര്‍മാന്‍ സ്ഥാനവും പി കെ ശശി ഉടന്‍ രാജിവെയ്ക്കും.
ബിജെപി നേതാവ് പ്രമീള ശശിധരനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ശ്രമവും കോണ്‍ഗ്രസില്‍ നടക്കുന്നതായാണ് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോഴായിരുന്നു നേതാക്കളുടെ പാര്‍ട്ടി പ്രവേശനം ഉണ്ടായേക്കുക. വി എസ് അച്യുതാനന്ദന്റെ മുന്‍ പി എ സുരേഷിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍.
മലമ്പുഴ മണ്ഡലത്തില്‍ നിന്നും മത്സരിപ്പിക്കാമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചാണ് സുരേഷിനെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയത്. മണ്ഡലത്തില്‍ സുരേഷ് മത്സരിച്ചാല്‍ വിജയിക്കുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. ദീര്‍ഘകാലമായി പാര്‍ട്ടിയുമായി അകന്നുനില്‍ക്കുകയാണ് സുരേഷ്. കല്‍മണ്ഡപം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന സുരേഷ് 2002ലാണ് വി എസിനൊപ്പം ചേരുന്നത്.
Content Highlights: CPIM Rebels forming New Party in palakkad Named democratic Marxist Party