തകരാര്‍ പരിഹരിച്ച് തുടങ്ങി; തിരുവനന്തപുരത്ത് കുടുങ്ങിയ എഫ് 35 അടുത്തയാഴ്ച മടങ്ങുമെന്ന് റിപ്പോർട്ട്

എയര്‍ ഇന്ത്യയുടെ ഹാങ്ങറിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്

dot image

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനം എഫ്-35 വിമാനം ഉടന്‍ മടങ്ങും. അടുത്തയാഴ്ചയോടെ വിമാനം മടങ്ങുമെന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലാണ് അറ്റകുറ്റപ്പണി നടക്കുന്നത്. ബ്രിട്ടനില്‍ നിന്നുള്ള പതിനാലംഗ വിദഗ്ധ സംഘമാണ് അറ്റകുറ്റപ്പണിക്ക് നേതൃത്വം നല്‍കുന്നത്. എഫ്-35 വിമാനം നിര്‍മിച്ച അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ സാങ്കേതിക വിദഗ്ധരും സംഘത്തില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ സംഘം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയത്. ബ്രിട്ടീഷ് വ്യോമസേനയുടെ എര്‍ബസ് എ 400 എം വിമാനത്തിലായിരുന്നു സംഘം എത്തിയത്. പ്രത്യേക പരിശീലനം നേടിയ എന്‍ജീനിയര്‍മാര്‍ അടക്കമാണ് സംഘത്തിലുള്ളത്. വിമാനത്തിന്റെ തകരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ പരിഹരിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ അടുത്തയാഴ്ചയോടെ വിമാനം കേരളം വിടും.

ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ വിമാനത്തിന്റെ ഇന്ധനം തീരുകയും വിമാനം അടിയന്തരമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും പ്രശ്നം കണ്ടെത്തി. വിദഗ്ധര്‍ ശ്രമം നടത്തിയെങ്കിലും തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതോടെയാണ് വിമാനത്തിന്റെ മടക്കം നീണ്ടത്.

Content Highlights- British F35 fighter jet stranded in India may finally fly back home next week

dot image
To advertise here,contact us
dot image