
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ മെൻസ് ഹോസ്റ്റൽ കെട്ടിടം അപകടാവസ്ഥയിൽ. ചാണ്ടി ഉമ്മന്‍ എംഎല്‍എ കെട്ടിടം സന്ദർശിച്ചു. കെട്ടിടത്തിന് 68 വര്‍ഷം പഴക്കമുണ്ടെന്നും അടിയന്തരമായി ഫിറ്റ്‌നസ് പരിശോധിച്ച് സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഹോസ്റ്റല്‍ ഇങ്ങനെ മതിയോ എന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്നും നടപടിയെടുത്തില്ലെങ്കിൽ അത് സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
'സാധാരണക്കാരന്‍ ചികിത്സ തേടുന്ന മെഡിക്കല്‍ കോളേജിന്റെ അവസ്ഥ നാം കണ്ടു. 12-ാം വാര്‍ഡിലെ ശുചിമുറി ഇടിഞ്ഞു വീഴാറായിരിക്കുന്നു. 18-ാം വാര്‍ഡിലും അതേ സാഹചര്യം. വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലം മുഴുവന്‍ തകര്‍ന്ന നിലയിലാണ്. ഇവരെ സര്‍ക്കാര്‍ സംരക്ഷിച്ചില്ലെങ്കില്‍ ആര് സംരക്ഷിക്കും. ഇവരെ സംരക്ഷിക്കാതെ മുന്നോട്ടുപോകാനാവില്ല. പുതിയ കെട്ടിടം ആവശ്യമാണ്. ആ കെട്ടിടം വരുന്നതുവരെ ഇവരെ പുറത്തുവിടാന്‍ അനുവദിക്കില്ല. അവരെ സര്‍ക്കാര്‍ ചെലവില്‍ തന്നെ താമസിപ്പിക്കണം. കാടുപിടിച്ചുകിടക്കുകയാണ് പല സ്ഥലങ്ങളും. പാമ്പുവരെ കയറുന്ന സ്ഥിതിയാണ്. ഹോസ്‌റ്റെലന്ന് പറയാന്‍ സാധിക്കില്ല. അത്രയും മോശമായ സാഹചര്യമാണ്. കെട്ടിടത്തിന് 68 വര്‍ഷം പഴക്കമുണ്ട്. അടിയന്തരമായി ഫിറ്റ്‌നസ് പരിശോധിക്കണം. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഹോസ്റ്റല്‍ ഇങ്ങനെ മതിയോ എന്ന് സര്‍ക്കാര്‍ മറുപടി പറയണം. തീരുമാനമെടുക്കണം. അല്ലെങ്കില്‍ സാധാരണക്കാരോട് ചെയ്യുന്ന ക്രൂരതയായിരിക്കും.'-ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു.
കെട്ടിടം തകര്‍ച്ചയുടെ വക്കിലാണെന്ന് പലതവണ പരാതി നല്‍കിയിട്ടും അധികൃതർ ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രം നടത്തി പോവുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ഹോസ്റ്റല്‍ മാറ്റണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ചില്ലെന്നും ആരോപണമുണ്ട്. 250-ലധികം വിദ്യാര്‍ത്ഥികളാണ് ഹോസ്റ്റലിലുളളത്. ഈര്‍പ്പമിറങ്ങിയ ഭിത്തികളും പൊട്ടിപൊളിഞ്ഞ സീലിങ്ങുകളും ഉള്‍പ്പെടെ അപകടാവസ്ഥയിലാണ് ഹോസ്റ്റല്‍ കെട്ടിടമുളളത്. ബാത്ത്‌റൂമുകള്‍ക്ക് സമീപമുളള സ്വിച്ച് ബോര്‍ഡുകളില്‍ നിന്ന് ഷോക്കേല്‍ക്കുന്ന സംഭവമുണ്ടായെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
Content Highlights: Chandy Oommen MLA Visit Kottayam medical college mens hostel