വിവേകമുളള ഒരു പക്ഷിയും ആ അഹങ്കാരത്തില്‍ സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ല: തരൂരിനെതിരെ സുധാ മേനോന്‍

'അന്‍പത് കോടിയുടെ ഗേള്‍ഫ്രണ്ട് എന്ന ആക്ഷേപം ചിലര്‍ ഉന്നയിച്ചപ്പോഴും മുറിവുണക്കി അഭയം തന്നത് കൂടായിരുന്നു'- സുധാ മേനോന്‍ പറഞ്ഞു

dot image

തിരുവനന്തപുരം: പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്ന ശശി തരൂര്‍ എംപിയുടെ എക്‌സ് പോസ്റ്റിന് മറുപടിയുമായി എഴുത്തുകാരി സുധാ മേനോന്‍. വിശാലമായ ആകാശവും ചിറകുകളും എപ്പോഴും ഉണ്ടെങ്കിലും വിവേകമുളള ഒരു പക്ഷിയും ആ അഹങ്കാരത്തില്‍ സ്വന്തം കൂട്ടില്‍ നിരന്തരം കാഷ്ഠിക്കാറില്ല എന്നാണ് സുധാ മേനോന്‍ പറഞ്ഞത്. കൂട് അഭയം കൂടിയാണെന്നും അന്‍പത് കോടിയുടെ ഗേള്‍ഫ്രണ്ട് എന്ന ആക്ഷേപം ചിലര്‍ ഉന്നയിച്ചപ്പോഴും മുറിവുണക്കി അഭയം തന്നത് കൂടായിരുന്നു, പുറത്തുളള സുന്ദരമായ ആകാശമായിരുന്നില്ല എന്ന് പക്ഷികള്‍ ഓര്‍മ്മിക്കണമെന്നും സുധാ മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ശശി തരൂരിന്റെ എക്‌സ് പോസ്റ്റ് സംബന്ധിച്ച വാര്‍ത്ത പങ്കുവെച്ചുകൊണ്ടായിരുന്നു അവരുടെ പ്രതികരണം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്ന നിഗൂഢ പോസ്റ്റുമായി തരൂർ രംഗത്തെത്തിയത്. 'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല. ചിറകുകള്‍ നിന്റേതാണ്. ആകാശം ആരുടെയും സ്വത്തുമല്ല'-എന്ന ആസ്‌ക് പെര്‍മിഷന്‍ ടു ഫ്‌ളൈ എന്ന പുസ്തകത്തില്‍ നിന്നുള്ള വരികള്‍ പങ്കുവെച്ചുകൊണ്ടാണ് തരൂരിന്റെ പോസ്റ്റ്. എഴുത്തുകാരി അന്ന ഗൌക്കറുടെ പുസ്തകമാണ് ഡോണ്ട് ആസ്‌ക് പെര്‍മിഷന്‍ ടു ഫ്‌ളൈ.

ചിലര്‍ക്ക് മോദിയാണ് വലുതെന്നും അവരെ സംബന്ധിച്ചിടത്തോളം രാജ്യം രണ്ടാമതാണ് എന്നുമാണ് ഖര്‍ഗെ കഴിഞ്ഞ ദിവസം പറഞ്ഞത്. 'ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ ഇപ്പോഴും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിലനിര്‍ത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിലുള്‍പ്പെടെ ഞങ്ങള്‍ രാജ്യതാല്‍പ്പര്യത്തിനൊപ്പം നിന്നു. രാജ്യമായിരുന്നു ഞങ്ങള്‍ക്ക് പ്രധാനം. പക്ഷെ മറ്റ് ചിലര്‍ക്ക് മോദിയാണ് വലുത്. രാജ്യമൊക്കെ രണ്ടാമതാണ്. അതിനിപ്പോള്‍ നമുക്ക് എന്തുചെയ്യാനാകും?'- മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പറഞ്ഞു. തരൂരിന്റെ നിരന്തരമുളള മോദി സ്തുതിയില്‍ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡില്‍ അമര്‍ഷം പുകയുകയാണ്. തരൂരിനെ കയറൂരി വിടരുതെന്നും മോദി സ്തുതി ഗൗരവമായി കാണണമെന്നും നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. തരൂരിനോട് വിശദീകരണം തേടുന്നതിലേക്ക് കോണ്‍ഗ്രസ് നീങ്ങിയേക്കുമെന്നാണ് സൂചന.

Content Highlights: Sudha Menon against shashi tharoor mp post on dont ask permission to fly

dot image
To advertise here,contact us
dot image